പാലക്കാട്: പന്നികളെ നശിപ്പിക്കുന്ന ചുമതല പൂര്‍ണമായും ഗ്രാമ പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിലാക്കണമെന്ന് പെരുവെമ്പ് സംയുക്ത കര്‍ഷക സമിതി ആവശ്യപ്പെട്ടു. ഒന്നാം വിളയ്‌ക്ക് കനത്തമഴയും പന്നിയുടെ ആക്രമണവും മൂലം 50 ശതമാനത്തിലധികം നഷ്ടം സംഭവിച്ച കര്‍ഷകര്‍ വനംവകുപ്പ് ജീവനക്കാരോട് തങ്ങളുടെ അമര്‍ഷം പ്രകടിപ്പിച്ചു.
പെരുവമ്പ് ഗ്രാമപഞ്ചായത്ത് കാര്‍ഷിക വികസന സമിതി, പെരുവമ്പ് പഞ്ചായത്ത് സംയുക്ത പാടശേഖര സമിതി എന്നിവയുടെ പങ്കാളിത്തത്തോടെ വനംവകുപ്പ് റേഞ്ച് ഓഫീസറന്മാരെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടിയിലായിരുന്നു ഇത്. പെരുവമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹംസത്താണ് യോഗം വിളിച്ചുചേര്‍ത്തത്. ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അഭിലാഷ്, അസി.റേഞ്ച് ഓഫീസര്‍ പി. സന്ദീപ് എന്നിവര്‍ അവരുടെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. നിലവിലുള്ള ഉത്തരവ് പ്രകാരം പന്നിയെ രാത്രി മാത്രമേ വെടിവെയ്‌ക്കാനാവൂ.
തോക്ക് ലൈസന്‍സുള്ള വ്യക്തികളിലധികവും സീനിയര്‍ സിറ്റിസണ്‍ ആയതിനാല്‍ അവര്‍ പിന്മാറുകയാണ്. പാലക്കാട് റൈഫിള്‍ ക്ലബില്‍ നിന്നാണ് അഞ്ച് ചെറുപ്പക്കാരെ വെടി വെയ്‌ക്കാനായി കിട്ടിയിരിക്കുന്നത് . ഒരാള്‍ക്ക് പരമാവധി 50 വെടിയുണ്ട മാത്രമേ ലഭിയ്‌ക്കൂ. നിലവിലുള്ള ഉത്തരവ് പ്രകാരം പന്നിയെ കെണി വെച്ചോ, വിഷം കൊടുത്തോ, പടക്കം ഉപയോഗിച്ചോ, വൈദ്യുതി ഉപയോഗിച്ചോ കൊല്ലരുത്. വെടി വെയ്‌ക്കല്‍ മാത്രമാണ് ഏക പോംവഴി. വനംവകുപ്പ് നിയമപ്രകാരം അനധികൃതമായി കൊന്നാല്‍ കേസെടുക്കാന്‍ നിര്‍ബന്ധിതരാവും. ഇതാണ് കര്‍ഷകരെ പ്രകോപിതരാക്കിയത്. പന്നിശല്യത്തില്‍ നിന്ന് പഞ്ചായത്തിനെ മോചിപ്പിയ്‌ക്കാന്‍ ഫോറസ്റ്റിനോടൊപ്പം കൈ കോര്‍ത്ത് ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പന്നി, മയില്‍ എന്നിവ മൂലം 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പെരുവമ്പിലെ 25 പാടശേഖരങ്ങളിലും പന്നിശല്യം രൂക്ഷമാണെന്ന് സംയുക്ത പാടശേഖര സമിതി സെക്രട്ടറി അയ്യപ്പന്‍ പറഞ്ഞു. യോഗതീരുമാനങ്ങള്‍ സ്ഥലം എംഎല്‍എ, സര്‍ക്കാര്‍ എന്നിവര്‍ക്ക് നല്‍കുമെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു.
കൃഷ്ണന്‍കുട്ടി, കെ. മോഹനന്‍, തങ്ക പ്രകാശന്‍, എം. മൂസ, രവീന്ദ്രന്‍ കാരയ്‌ക്കാട്, കൃഷി അസിസ്റ്റന്റ് സാജിത ബാനു, ശ്രീനിവാസന്‍, എ. മഞ്ജുഷ, പാടശേഖര സമിതി സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: