പാലക്കാട് : ആര്‍എസ്എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2186 പേജുള്ള കുറ്റപത്രത്തില്‍ 20 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. 350 സാക്ഷികളുമുണ്ട്. 10 ജിബി വലിപ്പമുള്ള സിസിടിവി ദൃശ്യങ്ങളും കുറ്റപത്രത്തിനൊപ്പം കോടതിക്ക് കൈമാറി.
എസ്ഡിപിഐ നേതാക്കളും പ്രവര്‍ത്തകരുമാണ് കേസിലെ പ്രതികള്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള അഞ്ച് പേര് ഉള്‍പ്പടെ 10 പേര്‍ക്കെതിരെയുള്ള കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ റിമാന്‍ഡിലാണ്. പാലക്കാട് ടൗണ്‍ സൗത്ത് സിഐയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എസ്ഡിപിഐ – പോപ്പുലര്‍ ഫ്രണ്ട് ബന്ധം കൃത്യമായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡിവൈഎസ്പി പി.സി. ഹരിദാസ് അറിയിച്ചു.
കൂടാതെ പ്രതികളുടെ ഫോണുകളിലെ ആയിരത്തില്‍ അധികം കോള്‍ റെക്കോര്‍ഡുകളും, സിസിടിവി ദൃശ്യങ്ങളും നല്‍കിയിട്ടുണ്ട്. ആയുധങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം അടുത്ത ദിവസം നല്‍കും. കേസില്‍ നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യം ലഭിച്ച ഒരാള്‍ ഉള്‍പ്പെടെ ഇനിയും അറസ്റ്റ് ചെയ്യാത്ത 10 പേരുടെ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കും.
നവംബര്‍ 15 ന് രാവിലെയാണ് മമ്പ്രത്തിന് സമീപത്ത് വെച്ച് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കാറില്‍ എത്തിയ അഞ്ചംഗ സംഘം ഭാര്യയ്ക്ക് മുന്നില്‍ വെച്ചാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. കൊലപാതകം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കെലാപാതകത്തില് നേരിട്ട് പങ്കെടുത്ത 5 പേരടക്കം 10 പേര് ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ക്ക് എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: