തൃശ്ശൂര്‍: അതിരപ്പിള്ളി കണ്ണന്കുഴിലെ അപകടകാരിയായ ഒറ്റയാനെ തിരിച്ചറിയാനുള്ള വനം വകുപ്പ് നടപടികളുടെ പ്രാഥമികഘട്ടം പൂര്‍ത്തിയായി. അടുത്തിടെ പ്രദേശത്ത് നടന്ന മൂന്ന് ആക്രമങ്ങളിലും ഒരേ ആനയാണോ എന്നത് കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.
മാസങ്ങള്‍ക്കു മുന്‍പ് പിള്ളപ്പാറ ജനവാസ മേഖലയില്‍ എത്തിച്ചേര്‍ന്ന ഒറ്റയാന് അടുത്തകാലത്തായി 2 പേരുടെ ജീവനെടുത്തു. പ്ലാന്റേഷന് സ്ഥലങ്ങള്‍ ഒഴിച്ചാല്‍ മറ്റിടങ്ങളില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും സുരക്ഷ ഉറപ്പാക്കുന്ന സോളാര്‍ വേലികള്‍ ഇല്ലായെന്നതാണ് ആശങ്കയുണര്‍ത്തുന്നത്. വേലി കടന്നെത്തുന്ന കൊമ്പനെ പേടിച്ച് പ്രദേശവാസികള്‍ രാത്രി പുറത്തിറങ്ങാറില്ല. കഴിഞ്ഞ ദിവസം ഒറ്റയാന്റെ ആക്രമണത്തില്‍ ഉണ്ടായ അഞ്ചു വയസ്സുകാരിയുടെ മരണത്തെതുടര്‍ന്ന് ഒരു നാട് മുഴുവന്‍ ഉറക്കമുണര്‍ന്നിരിക്കുകയാണ്. പിഞ്ചുകുഞ്ഞിന്റെ വിയോഗത്തില്‍ നാട് വിറങ്ങലിച്ച അവസ്ഥയാണ്.
കൊലയാളി കൊമ്പനെ വെടിവച്ച് കൊല്ലണമെന്ന ആവശ്യം ഉന്നയിച്ച് നാട്ടുകാര്‍ കഴിഞ്ഞദിവസം സംസ്ഥാനപാത ഉപരോധിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ആനയെ തിരിച്ചറിയുന്നതിനായി പരിയാരം ഡപ്യൂട്ടി റേഞ്ചര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ആന എത്തിച്ചേര്‍ന്ന വഴിയിലും പുഴയോരത്തു നിന്നും ആനയുടെ കാല്‍പ്പാടുകള്‍ അളവ് ശേഖരിച്ചിരുന്നു. പ്രദേശത്ത് രാത്രികാല പട്രോളിങും പിള്ളപ്പാറ മേഖലയില്‍ പ്രത്യേക കാവല്‍ സംവിധാനം ഒരുക്കുമെന്നും വനം വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: