കാട്ടയം: വേതനവും ഇന്‍സന്റീവുമില്ലാത്ത വനിതാ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത അവധിയും. അമയന്നൂര്‍ സ്പിന്നിങ് (മലയാളം ടെക്സ്റ്റൈൽസ്) മില്ലിലാണ് വിചിത്രമായ നടപടി. സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ ലിസമ്മ ബേബിയുടെതാണ് ഈ വിചത്രമായ തീരുമാനം. ഇതോടെ പ്രതിഷേധവുമായി വനിതാ തൊഴിലാളികളും മറ്റ് ജീവനക്കാരും രംഗത്തെത്തി.
തൊഴിലാളി വിരുദ്ധ നിലപാട് എടുത്ത ചെയര്‍പേഴ്‌സണ്‍ ലിസമ്മ ബേബി രാജിവെക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ആവശ്യം ശക്തമായതോടെ ലിസമ്മ ബേബി തൊഴിലാളികളുടെ നേരെ കയര്‍ത്തു. 2016 മുതല്‍ മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശികയും ഇഎസ്‌ഐയും, പിഎഫും തരണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി പറയാതെ ലിസമ്മ ബേബി തൊഴിലാളികളോട് തട്ടിക്കയറി.
മൂന്നുലക്ഷം രൂപവരെ ശമ്പളം കുടിശികയുള്ള തൊഴിലാളികളുണ്ട് ഈ സ്ഥാപനത്തില്‍. പ്രശ്‌ന പരിഹാരത്തിനായി തൊഴിലാളികള്‍ മറ്റ് ബോര്‍ഡ് മെമ്പര്‍മാരെ ഫോണ്‍ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. അയര്‍ക്കുന്നം ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍, പഞ്ചായത്ത് സെക്രട്ടറി, സുപ്രണ്ട്, ജനപ്രതിനിധികള്‍ എന്നിവര്‍ പ്രശ്‌ന പരിഹാരത്തിനായി ഇടപെട്ടു. ഉമ്മന്‍ ചാണ്ടി പ്രശ്‌നത്തില്‍ നേരിട്ട് ഇടപെടുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാമെന്നും മുടങ്ങിക്കിടക്കുന്ന ശമ്പളവും ഇന്‍സന്റീവ് കൊടുക്കാമെന്ന് ഉറപ്പ് നല്‍കി.
മില്ലിന്റെ നിലവിലെ അവസ്ഥ വിശദമാക്കി തൊഴിലാളികള്‍ പഞ്ചായത്ത് സുപ്രണ്ട് മുഖേന വ്യവസായ മന്ത്രിക്ക് നിവേദനം നല്‍കി. കോണ്‍ഗ്രസ് നേതാക്കളാണ് അമയന്നൂര്‍ സ്പിന്നിങ് മില്ലിലെ ബോര്‍ഡ് അംഗങ്ങള്‍. ഒട്ടേറെ അഴിമതി ആരോപണങ്ങളാണ് കഴിഞ്ഞ ബോര്‍ഡ് മെമ്പര്‍മാര്‍ക്കെതിരെയും നിലവിലുള്ള മെമ്പര്‍മാര്‍ക്കെതിരെയും ഉണ്ടായിട്ടുള്ളത്.
സ്ഥലം എംഎല്‍എ കൂടിയായ ഉമ്മന്‍ ചാണ്ടിയുടെ ഒത്താശയിലാണ് ഇതെല്ലാം നടക്കുന്നതെന്നാണ് ആരോപണം. തൊഴിലാളികളോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ ഉത്തരവിട്ട് ലിസമ്മ ബേബിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ലിസമ്മ ബേബിയുടെ ഏകാതിപത്യ നിലപാടാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് തൊഴിലാളികളും നാട്ടുകാരും പറയുന്നത്.
തൊഴിലാളികളുടെ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കണമെന്നും ബിജെപി അയര്‍ക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: