ഏഴു വര്‍ഷം മുമ്പാണ് വിദ്യാഭ്യാസ രംഗത്ത് മലബാറിന്റെ തിലകക്കുറിയായ ഫറൂഖ് കോളജില്‍ നിന്നൊരു വാര്‍ത്ത ചിലരെയെങ്കിലും അസ്വസ്ഥരാക്കിയത്. കാമ്പസ്സിനുള്ളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്ന്നിരിക്കാനോ പരസ്പരം സംസാരിക്കാനോ പാടില്ലെന്ന ‘ഫത്വ’ കോളജ് അധികൃതര്‍ പുറപ്പെടുവിച്ചു. ക്യാന്റീനിലും ലൈബ്രറിയിലുമെല്ലാം ഈ നിയമം അവര്‍ നടപ്പിലാക്കി. മുസ്ലീം മാനേജ്മെന്റിനാല് നടത്തപ്പെടുന്ന ഫറൂഖ് കോളജില്‍ അവര്‍ അവരുടെ മതനിയമങ്ങള്‍ നടപ്പാക്കുകയാണെന്ന ആരോപണം പരക്കെ ഉയര്‍ന്നു. ഇതിനെതിരെ ഒരധ്യാപകന് പ്രതികരിച്ചു. ഈ തീരുമാനം, ഏറെ പ്രതിഭാശാലികളെ സംഭാവന ചെയ്തിട്ടുള്ള, ഇനിയും അത്തരം പ്രതിഭകളെ സൃഷ്ടിക്കേണ്ട കോളജിന്റെ പാരമ്പര്യത്തിന് കളങ്കം വരുത്തുമെന്ന് ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്കില്‍ പ്രതികരിച്ച അധ്യാപകന് പി.ടി. മുഹമ്മദ് ഷഫീഖിനെതിരെ അധികൃതര്‍ നടപടിയെടുത്തു. ക്ലാസ്മുറിയില്‍ ഇടകലര്‍ന്നിരുന്ന കുട്ടികളെ പുറത്താക്കുകയും ചെയ്തു. ചിലരെങ്കിലും പ്രതിഷേധവുമായെത്തിയപ്പോള്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്, ആണും പെണ്ണും ഒരുമിച്ചിരിക്കേണ്ടതില്ല എന്നാണ് പ്രതികരിച്ചത്. ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ അത് അള്ളാഹുവിന് ഇഷ്ടപ്പെടില്ല എന്ന കടുത്ത മതനിയമം നടപ്പിലാക്കാനാണ് കോളജ് അധികൃതര്‍ ശ്രമിച്ചത്.
അധ്യാപകന് പ്രതികരിച്ചപ്പോള്‍ മാത്രമാണ് ആ കോളജിലെ സംഭവങ്ങള്‍ പൊതുസമൂഹം അറിഞ്ഞത്. ഫറൂഖ് കോളജില്‍ ഏറ്റവും ശക്തമായ വിദ്യാര്‍ത്ഥി സംഘടന എസ്എഫ്ഐ ആയിരുന്നു. ഇടതുപക്ഷ അനുകൂല അധ്യാപക സംഘടനയിലായിരുന്നു അവിടുത്തെ അധ്യാപകരേറെയും. പുരോഗമനത്തെ കുറിച്ച് അവര്‍ പറഞ്ഞതെല്ലാം വിടുവായത്തങ്ങളാണെന്ന് ആ ഒറ്റ സംഭവത്തോടെ തെളിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മതമൗലികവാദം അടിച്ചേല്‍പ്പിക്കുന്ന കാടത്തത്തിനെതിരെ ഒരു മുദ്രാവാക്യമെങ്കിലും വിളിക്കാന്‍ അവിടെ എസ്എഫ്ഐയോ ഇടതു സംഘടനകളോ ഉണ്ടായില്ല. മുസ്ലീം മാനേജ്മെന്റിനു കീഴിലുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരം നിയമങ്ങള്‍ അടിച്ചേല്പ്പിക്കുന്നുണ്ടെന്നതാണ് വസ്തുത. ഫറൂഖ്കോളജില് പുതുതായി പൊട്ടിമുളച്ച നിയന്ത്രണമായിരുന്നില്ല അത്. കാലങ്ങളായി ഇത്തരത്തിലുള്ള പല നിയമങ്ങളും അവര്‍ നടപ്പാക്കിക്കൊണ്ടിരുന്നതിന്റെ തുടര്‍ച്ചയായിരുന്നു. പെണ്‍കുട്ടികള്‍ എങ്ങനെ ജീവിക്കണമെന്നും എന്തു സംസാരിക്കണമെന്നും ആരോടെല്ലാം ഇടപഴകണമെന്നും ഏതു തരത്തിലുള്ള വസ്ത്രം ധരിക്കണമെന്നുമുള്ള നിയമം നടപ്പാക്കുന്ന താലിബാനിസത്തിന്റെ മാതൃകയാണ് ഫറൂഖ് കോളജ് മാനേജ്മെന്റും പിന്തുടര്ന്നത്. സ്ത്രീകളെ വംശവര്‍ധനവിനുള്ള ഉപകരണം മാത്രമായി കാണുന്ന, പൊതു സമൂഹത്തിനുമുന്നില്‍ അവരുടെ മുടിപോലും പുറത്തുകാണരുതെന്ന് ശഠിക്കുന്ന തീവ്ര മതബോധത്തിന്റെ ഇരകളാകുകയിരുന്നു ഫറൂഖ് കോളജിലെ പെണ്‍കുട്ടികള്‍. ഈ സംഭവങ്ങളെ ആണ്‍പെണ്‍ വേര്‍തിരിവിന്റെ ചെറിയ കാന്‍വാസിലേക്കു ചുരുക്കേണ്ടതല്ലാത്തതിനാലാണ് ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറവും അതോര്‍ത്തു വയ്ക്കുന്നത്. കാലമിത്ര കഴിഞ്ഞപ്പോള്‍ നമ്മുടെ കലാലയങ്ങള്‍ കൂടുതല്‍ മതബോധത്തിലേക്ക് ചരുങ്ങുകയാണുണ്ടായത്. കര്‍ശനമായ മതനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് വിദ്യാലയങ്ങളില്‍ താലിബാനിസം കൊണ്ടുവരാനുള്ള ഹീനശ്രമങ്ങളാണ് നടക്കുന്നത്. അതിന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു ഫറൂഖ് കോളജില്‍ നടന്നത്. ഹിജാബിന്റെയും പര്ദ്ദയുടേയുമൊക്കെരൂപത്തില് അതിന്റെ തുടര്ച്ചുവടുകളുണ്ടാകുന്നു. ഇന്നത് കര്‍ണ്ണാടകയിലാണ്. വളരെ വേഗത്തില്‍ അത് കേരളത്തിലേക്ക് വരും. കാരണം കേരളം അവരുടെ പറുദീസയാണ്.
സമീപ ഭാവിയില്‍ ഇന്ത്യ ഇസ്ലാം രാജ്യമാകുമെന്ന് പ്രഖ്യാപിച്ച എസ്ഡിപിഐ നേതാവ് അതിന്റെ തുടക്കം കേരളത്തില്‍ നിന്നാകുമെന്ന് സൂചിപ്പിച്ചത് വെറുതെയല്ല. കേരളത്തിലെ ഭരണകൂടവും മാധ്യമങ്ങളും അറിഞ്ഞുകൊണ്ടുതന്നെ അവര്‍ക്ക് കൂട്ടു നില്ക്കുന്നു. ചോദ്യപേപ്പറില്‍ മുഹമ്മദ് എന്ന് പേരെഴുതിയതിന് അധ്യാപകന്റെ കൈവെട്ടിമാറ്റിയത് കേരളത്തിലാണെന്നത് ഓര്‍ത്തുകൊണ്ടേയിരിക്കണം. എന്നിട്ടും കേരളം ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരും കേരളത്തിലെ മാധ്യമങ്ങളും സാംസ്കാരിക നായകരുമെല്ലാം തീവ്രമുസ്ലീം പക്ഷപാതികളും അവര്‍ക്ക് കുടപിടിക്കുന്നവരുമാകുന്നു. അവരെല്ലാം മനസ്സിലാക്കാതെ പോകുന്നതോ, മനസ്സിലായിട്ടും പ്രതികരിക്കാതിരിക്കുന്നതോ ആയ ഒന്നുണ്ട്. തീവ്ര മതവാദികള്‍ ആധിപത്യം സ്ഥാപിച്ചാല്‍ ആദ്യം അവരില്ലാതാക്കുന്നത് നിങ്ങളുടെയെല്ലാം നാവുകളുടെ ചലനത്തെയാണ്. അവര്‍ വെട്ടിയെടുക്കുന്നത് നിങ്ങളെഴുതാനുപയോഗിക്കുന്ന വിരലുകളെയാണ്. ആദ്യം അവര്‍ ആട്ടിയോടിക്കുന്നത് അവരോടൊപ്പം ചേരാത്ത എല്ലാത്തിനെയുമാണ്. അവരോടൊപ്പം ചേരാമെന്നും നിലനില്‍ക്കാമെന്നും നിങ്ങള്‍ തീരുമാനിച്ചാല്‍ നിങ്ങളുടെ സ്വത്വത്തെ ഇല്ലായ്മ ചെയ്യേണ്ടിവരും. നിങ്ങളുടെ സ്ത്രീകള്‍ കറുത്ത വസ്ത്രത്തിനുള്ളില്‍ മൂടപ്പെടും. നിങ്ങളുടെതായ സംസ്കാരം, കല, സാഹിത്യം, സിനിമ…എല്ലാം നിരാകരിക്കപ്പെടും. ഫറൂഖ് കോളജില്‍ ഏഴു വര്‍ഷം മുമ്പ് സംഭവിച്ചതും ഇപ്പോള്‍ ഉടുപ്പിയിലെ കോളജില്‍ സംഭവിക്കുന്നതുമെല്ലാം ആസൂത്രിതനീക്കങ്ങളാണ്.
മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് (തലമുഴുവന്‍ മൂടിക്കെട്ടുന്ന വസ്ത്രം)ധരിക്കുന്നത് അവരുടെ മതപരമായ ആവശ്യവും അനുഷ്ഠാനവുമാണെന്നാണ് അതിനെ അനുകൂലിക്കുന്നവരുടെ പക്ഷം. അങ്ങനെയെങ്കില്‍ മതപരമായ അനുഷ്ഠാനം പാലിക്കേണ്ടത് വിദ്യാലയങ്ങളിലാണോ. വിദ്യാലയങ്ങളില്‍ അവിടുത്തെ നിയമ പ്രകാരം യൂണിഫോം ധരിച്ച് വരണമെന്ന് പറയുമ്പോള്‍ പറ്റില്ല, ഞങ്ങള്‍ മതപരമായ വേഷമേ ധരിക്കൂ എന്ന് ശഠിക്കുന്നത് ജനാധിപത്യ, മതേതര, പുരോഗമന സമൂഹത്തിന് എങ്ങനെ അംഗീകരിക്കാനാകും. തലമൂടിക്കെട്ടി, ശരീരം മറച്ചുവരുന്ന കുട്ടിയെ പരീക്ഷയ്ക്കിരുത്താനാകില്ലെന്ന് പറയുന്നതില്‍ യുക്തിയേറെയുണ്ട്. ക്ലാസ് മുറിയിലെ ഹിജാബ് നിരോധനം മൗലികാവകാശ ലംഘനമാണെന്ന് വാദിക്കുന്നതും താലിബാനിസമാണ്. കാടന്‍ നിയമങ്ങളടിച്ചേല്‍പ്പിക്കാന്‍ നിയമത്തിലെ മൗലികാവകാശങ്ങളെ കൂട്ടു പിടിക്കുന്നു. സമത്വത്തെയും അഖണ്ഡതയെയും ക്രമസമാധാനത്തെയും തകര്‍ക്കുന്ന വസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ധരിക്കരുതെന്ന് കോളജ് അധികൃതര്‍ പറയുന്നു. വിദ്യാലയങ്ങളില്‍ യൂണിഫോം നിര്ബന്ധമാക്കുന്നതിനു പിന്നില്‍ ഉദ്ദേശ്യങ്ങള്‍ പലതുണ്ട്. പ്രധാനം, എല്ലാവരും ഒരുപോലെയാണെന്ന ബോധം സൃഷ്ടിക്കുക. നിരവധി കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുന്ന ക്ലാസ് മുറിയില്‍ കുറച്ചു പേര് മാത്രം മതപരമായ തിരിച്ചറിവുണ്ടാക്കുന്ന വസ്ത്രം ധരിക്കുന്നത് അസ്വസ്ഥത വളര്‍ത്തുകതന്നെ ചെയ്യും.
ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ക്രിസ്ത്യന്‍ മിഷനറികളുടെ ആനന്ദഭവന് സ്കൂളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തിയത് ഉടുപ്പിക്കും മുന്നേയാണ്. അതു സംബന്ധിച്ച് പരാതിയുമുണ്ടായി. ഇവിടെ പഠിക്കണമെങ്കില്‍ ഹിജാബ് അഴിക്കണമെന്നും അല്ലെങ്കില്‍ ഏതെങ്കിലും മുസ്ലീം സ്കൂളുകളില്‍ പഠിക്കണമെന്നും അധ്യാപിക പറഞ്ഞതായായിരുന്നു പരാതി. ആനന്ദ ഭവന് സ്കൂളിലെ പ്രിന്‍സിപ്പല്‍ അര്‍ച്ചന തോമസാണ് സ്കൂളില്‍ പഠിക്കണമെങ്കില്‍ ഹിജാബ് പാടില്ലെന്ന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് സ്കൂള്‍ അഡ്മിനിസ്ട്രേഷന് മാതാപിതാക്കള്‍ക്ക് നോട്ടീസ് അയച്ചു. പഠിക്കണമെങ്കില്‍ ഇവിടുത്തെ ഡ്രസ്സ് കോഡ് നിര്‍ബന്ധമാണെന്നും അതല്ലെങ്കില്‍ ഏതെങ്കിലും ഇസ്ലാമിക സ്കൂളില്‍ പഠിച്ചോളാനുമായിരുന്നു കത്തില്‍ പറഞ്ഞത്. കുട്ടിയുടെ രക്ഷിതാക്കള്‍ കോടതിയെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചെങ്കിലും സ്കൂള്‍ നിയമങ്ങള്‍ പാലിക്കാനായിരുന്നു നിര്‍ദ്ദേശം.
ആണ്‍കോയ്മ കൊടികുത്തിവാഴുന്ന സമൂഹത്തില്‍ സ്ത്രീകള്‍ പലതരത്തിലുള്ള പാര്‍ശ്വവത്കരണത്തിന്, പീഡനത്തിന് ഇരകളാകുന്നു. അതിന്റെ ഒരു രൂപമാണ് മുസ്ലീം സ്ത്രീകളുടെ വസ്ത്രധാരണ രീതി. പത്തോ പതിനഞ്ചോ വര്‍ഷം മുമ്പ് നമ്മുടെ നാട്ടിലെ മുസ്ലീം സ്ത്രീകള്‍ ഇത്തരം വസ്ത്രങ്ങളെ അമിതമായി ആശ്ലേഷിച്ചിരുന്നില്ല. ഇപ്പോള്‍ പൊതു നിരത്തിലെ സ്ഥിരം കാഴ്ചയായി പര്‍ദ്ദ ധരിച്ച സ്ത്രീകള്‍ മാറുന്നു. മുത്തലാഖ് നിരോധിക്കുന്നതിന് മുമ്പ് നിരവധി വിവാഹങ്ങളിലേര്പ്പെട്ടിരുന്ന, സ്ത്രീയെ വേഗത്തില്‍ മൊഴിചൊല്ലുന്ന മാനസികാവസ്ഥയായിരുന്നു മുസ്ലിം പുരുഷന്ഉണ്ടായിരുന്നത്. ആ പുരുഷന് പറയുന്നു, സ്ത്രീയുടെ മുഖം മറ്റുള്ളവര്‍ കാണരുതെന്ന്. സ്ത്രീയുടെ മുഖം കറുത്ത തുണികൊണ്ട് മൂടിവയ്ക്കുന്നവര് അവളുടെ സ്വാതന്ത്ര്യത്തെയും സര്‍ഗ്ഗാത്മകതയെയും കൂടിയാണ് ഇല്ലാതാക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ പതിയെ പര്‍ദ്ദയിലേക്ക് മാറിയത് അവിടെ മതം പിടിമുറുക്കിയപ്പോഴാണ്. മതാധിപത്യം പൂര്‍ണ്ണമായപ്പോള്‍ അവിടെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യവും ഹനിക്കപ്പെട്ടു. താലിബാന് പിടിമുറുക്കുന്നതിനും മുമ്പ് അഫ്ഗാന് സ്ത്രീകള്‍ക്ക് ഒരു സുവര്‍ണ്ണ കാലമുണ്ടായിരുന്നു. അവര്‍ക്കിഷ്ടമുള്ള വേഷം ധരിച്ച് സ്വതന്ത്രരായി അഫ്ഗാന് തെരുവുകളിലൂടെ നടക്കുന്ന, നല്ല വിദ്യാഭാസവും തൊഴിലും നേടിയ സ്ത്രീകളായിരുന്നു അഫ്ഗാനിലേത്. താലിബാനികള്‍ അവരുടെ സുന്ദര മുഖം കറുത്ത തുണികൊണ്ടു മൂടി.
ലോക ഇസ്ലാമിന്റെ പുണ്യഭൂമിയായ സൗദി അറേബ്യപോലും ഇത്തരം ആചാരങ്ങളെ നിരാകരിക്കുമ്പോഴാണ് ഇവിടെയിത് അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നത്. സൗദി അറേബ്യ അതിന്റെ പരമ്പരാഗത തീവ്ര ഇസ്ലാമിക സ്വത്വത്തില്‍ നിന്ന് അതിവേഗം അകന്നു കൊണ്ടിരിക്കുന്നു. ഉല്ലാസ പാര്‍ട്ടികള്‍, ചലച്ചിത്രോത്സവങ്ങള്‍, ഫാഷന്‍ ഷോകള്‍, കാസിനോകള്‍, ബീച്ചുകളുടെ വികസനം എന്നിവ അനുവദിക്കുന്നു. അവിടെ സ്ത്രീകള്‍ ജോലിക്കു പോകുന്നു. വാഹനം ഓടിക്കുന്നു. ഉന്നത സ്ഥാനങ്ങളിലേക്ക് വരുന്നു. ലോകം തന്നെ മാറുമ്പോള്‍ ഇവിടെ ശരിയത്തിനു പിറകേ പോയി കാടത്തം കാട്ടുന്നു. ഉടുപ്പിയിലെ ഒരു കോളജില്‍ ഹിജാബ് ധരിക്കാന്‍ വേണ്ടി ഏഴ് പെണ്‍കുട്ടികള്‍ നടത്തുന്ന സമരം ആ കുട്ടികളുടേതല്ല. അതിനു പിന്നില്‍ തീവ്രചിന്തയുള്ളവരുടെ അജണ്ടയുണ്ട്. അത് നമ്മളെയാകെ താലിബാനിസത്തിന്റെ വരുതിയിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: