തൃശ്ശൂര്‍: കൊവിഡ് ദുരിതക്കാലത്ത് കോഴിത്തീറ്റയുടെ വിലയിലുണ്ടായ വന്‍ വര്‍ധനവ് കോഴി കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കോഴിത്തീറ്റയ്ക്ക് വില ക്രമാതീതമായി വര്‍ധിപ്പിച്ചതിനാല്‍ ഫാമുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ജില്ലയില്‍ ഏകദേശം 2000ഓളം ഫാമുകളുണ്ട്. ചെലവിന് ആനുപാതികമായി വരുമാനമില്ലാത്തതിനാല്‍ നഷ്ടത്തില്‍ പോകുന്ന ഫാമുകള്‍ താമസിയാതെ അടച്ചുപൂട്ടേണ്ടി വരുമെന്ന് കര്‍ഷകര്‍ പറയുന്നു.
തീറ്റ ഉല്‍പ്പാദിപ്പിക്കുന്ന അസംസ്കൃത വസ്തുക്കള്‍ക്ക് വില കൂടിയതും വന്‍കിട ലോബികളുടെ കൊള്ള ഇടപെടലുകളുമാണ് സാധാരണ കോഴികര്‍ഷകര്‍ക്ക് തിരിച്ചടിയായത്. തീറ്റയില്‍ ഉള്‍പ്പെടുന്ന ചോളം, സോയാബിന്‍ എന്നിവയ്ക്ക് വില കൂടിയതാണ് കോഴിത്തീറ്റയ്ക്ക് വില വര്‍ധിക്കാന്‍ കാരണമെന്ന് പറയുന്നു. വന്‍വിലയ്ക്ക് തീറ്റ വാങ്ങി നല്കി കോഴികളെ പരിചരിച്ച് പാകമാക്കിയെടുക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ വളരെ പ്രയാസപ്പെട്ടാണ് ഫാമുകള്നടത്തി കൊണ്ടു പോകുന്നതെന്ന് ഉടമകള്‍ പറയുന്നു.
1000 കോഴികളുള്ള ഒരു ഫാമിലേക്ക് ചുരുങ്ങിയത് 72 ചാക്ക് കോഴിത്തീറ്റ വാങ്ങണം. ഒരു കോഴിക്ക് 3.5 കിലോ തീറ്റയാണ് കൊടുക്കേണ്ടത്. വില വര്‍ധനവ് താങ്ങാനാകാത്ത സ്ഥിതിയില്‍ ആവശ്യത്തിന് തീറ്റ വാങ്ങാനാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കോഴി വിഭവങ്ങള്‍ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ടും കോഴി കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. കോഴി കൃഷി നടത്തുന്നവരെ വ്യവസായികളായി കാണാതെ കാര്‍ഷിക പരിഗണന നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കഴിഞ്ഞ ആറ് മാസം മുമ്പ് ഒരു ചാക്ക് കോഴിത്തീറ്റയുടെ വില 1,400 രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ 2100-2300 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. ചാക്കിന് 700 മുതല്‍ 900 രൂപ വരെയാണ് വില വര്‍ധിച്ചിട്ടുള്ളത്. വന്‍വില കൊടുത്ത് തീറ്റ വാങ്ങി നല്കി കോഴികളുടെ പരിചരണം കഴിഞ്ഞ് അതാത് ഏജന്‍സിക്ക് കൈമാറുന്നത് നിലവില്‍ വന്‍നഷ്ടമാണെന്ന് ഫാം ഉടമകള്‍ പറയുന്നു. തീറ്റയുടെ വില കൂടിയത് ചെറുകിട കര്‍ഷകരെയാണ് കൂുടുതല്‍ ബാധിച്ചിട്ടുള്ളത്. 10,000ല്‍ താഴെ മാത്രം ഉത്പാദിപ്പിക്കുന്ന കര്‍ഷകരെ സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സബ്സിഡി അനുവദിക്കണമെന്ന് ചെറുകിട കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
മറ്റു സംസ്ഥാനങ്ങളിലെ ലോബികള്‍ കോഴികളെ വാങ്ങുന്നതില്‍ നടത്തുന്ന കൊള്ളയാണ് നടത്തുന്നത്. 95 രൂപയോളം ഒരു കോഴിക്ക് ചെലവ് വരുന്നുണ്ട്. എന്നാല്‍ വന്‍കിട ഏജന്‍സികള്‍ ഇതിലും താഴ്ന്ന വിലയാണ് നല്കുന്നതിനാല് ഉത്പാദന ചെലവ് പോലും ലഭിക്കുന്നില്ല. കര്‍ഷകരില്‍ നിന്ന് താഴ്ന്ന വിലയ്ക്ക് വാങ്ങിയതിന് ശേഷം മാര്‍ക്കറ്റില്‍ വന്‍ലാഭത്തിലാണ് ഏജന്‍സികള്‍ കോഴികളെ വില്‍ക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലുണ്ടാകണമെന്നും കോഴി ഇറച്ചിക്ക് അടിസ്ഥാനവില നിശ്ചയിക്കണമെന്നുമാണ് കോഴി കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: