പാലക്കാട്: മലമ്പുഴ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു ഇന്ത്യന്‍ സൈന്യത്തിന്റെ കരങ്ങളിലേറ് വീണ്ടും ജീവിതത്തിലേക്ക്. മലയുടെ മുകളില്‍ നിന്ന് 200 അടി താഴ്ച്ചയിലേക്ക് കരസേനയുടെ രണ്ടംഗ സംഘം എത്തി രക്ഷിക്കുകയായിരുന്നു. നാല്‍പ്പത് മിനിറ്റ് കൊണ്ട് ഇവര്‍ കയറിട്ട് കെട്ടി ബാബുവിനെ മലയുടെ ഏറ്റവും മുകളിലെത്തിച്ചു. ഇവിടെ നിന്നും എയര്‍ലിഫ്റ്റ് ചെയ്ത് താഴെ എത്തിക്കും. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കും. കഞ്ചിക്കോട് ബേസ് ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുക. എയര്‍ലിഫ്റ്റിംഗിനായി ചേതന്‍ ഹെലികോപ്ടര്‍ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
ചെങ്കുത്തായ കൂര്‍മ്പാച്ചി മലയിലാണ് മലമ്പുഴ സ്വദേശിയായ ബാബു കുടുങ്ങിയത്. 45 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബാബുവിനെ രക്ഷിക്കുന്നത്. ഹെലികോപ്ടര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ സഹായം തേടിയത്. ബാബുവും സുഹൃത്തുക്കളായ മൂന്ന് പേരും ചേര്‍ന്നാണ് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് മലകയറിയത്. മല ഇറങ്ങുന്നതിനിടെ അവശനായ ബാബു കാല് വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മരത്തിന്റെ വള്ളികളും വടികളും ഇട്ടു നല്‍കിയെങ്കിലും ബാബുവിന് മുകളിലേക്ക് കയറാനായില്ല. സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരേയും പോലീസിനേയും വിവരം അറിയിച്ചു.
ഇന്നലെ രാത്രി പ്രദേശത്തെത്തിയ സൈന്യം മലമുകളിലെത്തുകയും ബാബു ഇരിക്കുന്ന സ്ഥലത്തേയ്ക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു. ശേഷം ബാബുവിനെ സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച് കയറുകെട്ടി മുകളിലേക്ക് ഉയര്‍ത്തി. ഭക്ഷണവും വെള്ളവും നല്കിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മലയാളിയായ ലഫ്. കേല്‍ ഹേമന്ദ് രാജും ടീമിലുണ്ട്. മലമുകളില്‍ തമ്പടിച്ച ശേഷമാണ് ബാബുവിനെ രക്ഷിക്കുന്നതിന് വേണ്ടി കരസേന ഉദ്യോഗസ്ഥര്‍ താഴേയ്ക്ക് ഇറങ്ങിയത്.
തിങ്കളാഴ്ച്ച രാത്രി 12 മണിക്ക് അഗ്നിരക്ഷാ സേനയും പോലീസും എത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. വീഴ്ച്ചയില്‍ ബാബുവിന്റെ കാല് മുറിഞ്ഞിട്ടുണ്ട്. കയ്യിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബാബു തന്നെ താന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചിരുന്നു. പ്രദേശത്ത് വന്യമൃഗശല്യവും രൂക്ഷമായിരുന്നു. ഇവയൊക്കെ തരണം ചെയ്താണ് സൈന്യം ബാബുവിനെ രക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: