അഹമ്മദാബാദ്: വിജയം തുടരണം, പരമ്പര പിടിക്കണം. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ വിജയത്തോടൊപ്പം പരമ്പരയാണ് ലക്ഷ്യം. ആദ്യ മത്സരത്തില്‍ നേടിയ സമ്പൂര്‍ണ ആധിപത്യം രണ്ടാം മത്സരത്തിലും തുടര്‍ന്നാല്‍ സ്ഥിരനായകനെന്ന നിലയില്‍ രോഹിത്തിന്റെ ആദ്യ പരമ്പര നേട്ടം സാധ്യമാകും.
ഉപനായകന്‍ കെ.എല്‍. രാഹുല്‍ കളിയില്‍ തിരിച്ചെത്തിയേക്കും. ഓപ്പണിങ് സ്ഥാനത്തേക്കെത്തിയാല്‍ യുവതാരം ഇഷാന് കിഷന് പുറത്തിരിക്കേണ്ടി വരും. ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനമാണ് കിഷന് നടത്തിയത്. 36 പന്തില്‍ 28 റണ്‍സ് നേടിയ താരം അര്‍ധസെഞ്ച്വറി കൂട്ടുകെട്ടും തീര്‍ത്തു. രോഹിത്തിനൊപ്പം കിഷന് തുടര്‍ന്നാല്‍ രാഹുല്‍ മധ്യനിരയിലാകും. അങ്ങനെയെങ്കില്‍ ദീപക് ഹൂഡയ്ക്ക് സ്ഥാനം നഷ്ടമാകും. ആദ്യ മത്സരത്തില്‍ സൂര്യകുമാര്‍ യാദവിനൊപ്പം ഇന്ത്യന്‍ ജയത്തില്‍ അവസാനം വരെ നിലയുറപ്പിച്ച താരമാണ് ഹൂഡ. വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ തുടര്‍ന്നേക്കും.
മോശം ഫോമില്‍ കളിക്കുന്ന വിരാട് കോഹ്ലിക്ക് മത്സരം നിര്‍ണായകമാണ്. കാത്തിരിക്കുന്ന 71-ാം സെഞ്ച്വറി നേടുകയാണ് കോഹ്ലിയുടെ ലക്ഷ്യം. അനാവശ്യ ഷോട്ടുകോളിലൂടെ പുറത്താകുന്ന പന്ത് പക്വത കാട്ടിയില്ലെങ്കില്‍ ടീമിന് പുറത്തുപോയേക്കും. രാഹുലും കിഷനും വിക്കറ്റ് കീപ്പറാകാന്‍ പ്രാപ്തിയുള്ളവരായതിനാല് പന്തിന് റണ്‍സ് കണ്ടെത്തേണ്ടതുണ്ട്. ബൗളിങ്ങില്‍ മുഹമ്മദ് സിറാജ് സ്ഥാനം നിലനിര്‍ത്തിയേക്കും. ഷര്‍ദുല്‍ താക്കൂറിന് പകരം ചാഹര്‍ ടീമിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹലും വാഷിങ്ടണ്‍ സുന്ദറും മികച്ച ഫോമിലാണ്.
മറുവശത്ത് വിജയവഴിയിലേക്ക് തിരിച്ചെത്തുകയാണ് വിന്‍ഡീസിന്റെ ലക്ഷ്യം. കഴിഞ്ഞ 16 മത്സരങ്ങളില്‍ പത്തിലും 50 ഓവര്‍ തികച്ചു നില്‍ക്കാനാകാത്തത് ടീമിന് തിരിച്ചടിയാണ്. ബാറ്റര്‍മാര്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് മുന്‍ താരങ്ങളടക്കം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: