ടെഹ്റാന്: ഭാര്യയുടെ അറുത്തുമാറ്റിയ തല കയ്യില്‍ പിടിച്ചുനില്‍ക്കുന്ന ഭര്‍ത്താവിന്റെ ചിത്രം പോസ്റ്റ് ചെയ്തതിന് റോക്ന എന്ന വെബ്സൈറ്റ് ഇറാന് സര്‍ക്കാര്‍ അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം ഇറാന് സര്‍ക്കാരിന്റെ മാധ്യമ ഉപദേശക ബോര്‍ഡ് ഇതിനുള്ള തീരുമാനം എടുത്തിരുന്നു.
പൊതു മാന്യതയ്ക്ക് നിരക്കാത്ത ചിത്രങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചതിനാണ് റോക്ന വെബ്സൈറ്റ് അടച്ചുപൂട്ടിയത്. അഹ് വാസ് എന്ന ഇറാനിലെ നഗരത്തില്‍ 17 കാരിയായ ഭാര്യയെ കഴുത്തറുത്ത് കൊന്ന ഭര്‍ത്താവിനെ പിന്നീട് ഇറാന് പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ സഹോദരനോടൊപ്പം ചേര്‍ന്നാണ് ആളുകള്‍ നോക്കി നില്‍ക്കെ ഭാര്യയുടെ കഴുത്തറുത്ത് കൊന്നത്. എന്നിട്ട് അവളുടെ ശിരസ്സും കയ്യിലേന്തി അദ്ദേഹം നഗരത്തിലൂടെ പരസ്യമായി നടന്നു. വാസ്തവത്തില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് തുര്‍ക്കിയിലേക്ക് പോയ ഭാര്യയെ ഇയാള്‍ ഇറാനിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് തലയറുത്തത്. ഭര്‍ത്താവിന്റെ പീഢനം സഹിക്ക വയ്യാതെയാണ് യുവതി തുര്‍ക്കിയിലേക്ക് ഓടിപ്പോയത്. റോക്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ചിത്രത്തില്‍ ഭര്‍ത്താവിന്റെ ഒരു കയ്യില്‍ ഭാര്യയുടെ ശിരസ്സാണെങ്കില്‍ മറ്റേ കയ്യില്‍ ഒരു വലിയ കത്തിയും കാണാം. ഈ ഫോട്ടോ പതിനായിരക്കണക്കിന് പേരാണ് വെബ്സൈറ്റില്‍ കയറി വീക്ഷിച്ചത്. ദുരഭിമാനക്കൊലയാണ് ഭര്‍ത്താവ് നടത്തിയതെന്ന് ഇറാന് ട്രൂ എന്ന വെബ്സൈറ്റ് കുറ്റപ്പെടുത്തുന്നു.
2016ല്‍ ആരംഭിച്ച റോക്ന വെബ്സൈറ്റിന് 20,000ല്‍ പരം വരിക്കാരുണ്ട്. മാധ്യമങ്ങളെ പൊതുവേ അടച്ചുപൂട്ടിക്കുന്ന ഒരു ചരിത്രം ഇറാനുണ്ട്. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇറാന് സര്‍ക്കാര്‍ പുറത്തുവിട്ടതിനേക്കാള്‍ 20 മടങ്ങ് പേരുണ്ട് എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച ജഹാന് ഇ സനത് എന്ന പത്രം ഈയിടെ അടച്ചുപൂട്ടിയിരുന്നു.
അതേ സമയം ഇറാന് സേനയായ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പുമായി ബന്ധമുള്ള ചില മാധ്യമങ്ങള്‍ സ്ത്രീയെയാണ് കുറ്റപ്പെടുത്തുന്നത്. അവര്‍ പ്രകോപനപരമായ ചില ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചതെന്നാണ് പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ ഇറാനില്‍ നിരവധി വനിത പത്രപ്രവര്‍ത്തകര്‍ രംഗത്തെത്തി. സ്ത്രീസ്വാതന്ത്ര്യത്തെ എല്ലാ അര്‍ത്ഥത്തിലും ഹനിക്കുന്ന സാഹചര്യമാണ് ഇറാനില്‍ നിലനില്‍ക്കുന്നതെന്ന് ജേണലിസ്റ്റായ നിലൂഫര്‍ അയൂബി വാദിക്കുന്നു. ഹിജാബ് മാറ്റിയതിന് ഒരു സ്ത്രീയ്ക്ക് 24 വര്‍ഷത്തെ തടവ് വിധിക്കുകയും അതേ സമയം 14 വയസ്സായ മകളെ കൊന്ന പിതാവിന് വെറും 8 വര്‍ഷം മാത്രം ശിക്ഷയും നല്കുന്ന സ്ത്രീവിരുദ്ധ സാഹചര്യമാണ് ഇറാനിലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: