ബെംഗളൂരു: ഹിജാബ് വിവാദത്തെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കുന്നതിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ട്വീറ്റ് ചെയ്തു.
കര്‍ണാടകയിലെ വിവിധ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിച്ച് പ്രവേശിക്കുന്നത് വിലക്കിയതോടെയാണ് വിവാദം ഉടലെടുത്തത്. ഒരു വിഭാഗം ഹിജാബ് ധരിച്ചെത്തിയപ്പോള്‍ മറ്റൊരു വിഭാഗം കാവി ഷാളും ധരിച്ചാണ് എത്തിയത്. കര്‍ണാടകയിലെ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചതിന് എതിരെ ഹൈക്കോടതിയില്‍ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കി. മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടികാട്ടി ഉഡുപ്പി വനിതാ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിജാബ് നിരോധിച്ചത് മതസ്വാതന്ത്രത്തിനുള്ള അവകാശം നിഷേധിച്ചതിന് തുല്യമാണെന്ന് ഹര്‍ജിയില്‍ വിദ്യാര്‍ത്ഥികള്‍ ചൂണ്ടികാട്ടി. കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടയുന്ന സംഭവം പതിവായതോടെ സ്‌കൂളുകളിലും കോളേജുകളിലും ശിരോവസ്ത്രം നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. വാദം കേള്‍ക്കുന്നത് നാളേയും തുടരും. സംഘര്‍ഷങ്ങള്‍ക്കിട വരുത്താതെ സമാധാനം കാത്തുസൂക്ഷിക്കണമെന്ന് കോടതി വിദ്യാര്‍ഥികളോടും പൊതുജനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: