ബംഗളൂരു: ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി ഗവണ്മെന്റ് പ്രീ യൂണിവേഴ്സിറ്റി കോളേജ് ഫോര്‍ ഗേള്‍സ് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കൃഷ്ണ എസ്.ദീക്ഷിത് അധ്യക്ഷനായ ബെഞ്ച് ഉച്ചയോടെ വിഷയത്തില്‍ വിധി പറയുമെന്നാണ് റിപ്പോര്‍ട്ട്.
ഉഡുപ്പി ഗവണ്മെന്റ് പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ മാസം ഹിജാബ് ധരിക്കാന്‍ തുടങ്ങുകയും ക്ലാസ് മുറികളില്‍ നിന്ന് പുറത്താക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഹിജാബ് സമരം ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കാതെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുകയും ഹിജാബ് ഒഴിവാക്കിയാല്‍ മാത്രമേ അവരെ അനുവദിക്കൂ എന്ന ഉറച്ച നിലപാട് കോളേജ് ഭരണകൂടം സ്വീകരിക്കുകയും ചെയ്തു.
വിവാദം ഇപ്പോള്‍ രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഹിജാബ് വിഷയം സംസ്ഥാനത്തുടനീളമുള്ള കോളേജിലേക്കും പടര്‍ന്നു. ഹിന്ദു വിദ്യാര്‍ത്ഥികളും കാവി ഷാള്‍ ധരിച്ചതോടെ വിഷയം ഗുരുതരമായി. മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഹിജാബ് ഒഴിവാക്കുന്നത് വരെ കാവി ഷാളുകള്‍ ഒഴിവാക്കില്ലെന്ന് ഒരു സംഘം വിദ്യാര്‍ത്ഥികളും നിലപാട് സ്വീകരിച്ചിട്ടുണ്ട്.
ഹിജാബും കാവി ഷാളും ധരിച്ച വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ പോലീസിന്റെ സഹായത്തോടെ തടയുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന നിലയ്ക്ക് ഭീഷണിയായി വിഷയം മാറിയിട്ടുണ്ട്. ആയിഷ, ഹജീറ അല്‍മാസ്, റഷാം ഫാറൂഖ്, ആലിയ അസ്സാദി, ഷഫ, ഷമീം, മുസ്കാന് ജൈനാബ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. മറ്റൊരു വിദ്യാര്‍ത്ഥിയായ രേഷാം ഫറോഖ് അഭിഭാഷകന് ശതബിഷ് ശിവണ്ണ മുഖേന പ്രത്യേക ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജികള്‍ കോടതി ഒരുമിച്ച് പരിഗണിക്കും.
ഹിജാബ് ധരിച്ചതുകൊണ്ടുമാത്രം ക്ലാസുകളില്‍ പങ്കെടുക്കാനുള്ള അവകാശം കോളജ് അധികൃതര്‍ നിഷേധിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ പറയുന്നു. ഉഡുപ്പിയിലെ ബിജെപി എംഎല്‍എ രഘുപതി ഭട്ട് കോളേജിന്റെ പ്രവര്‍ത്തനങ്ങളില്‍ നിയമവിരുദ്ധമായി ഇടപെടുകയാണെന്നും കേസില്‍ കക്ഷിചേര്‍ത്തുവെന്നും ഹര്‍ജിയില്‍ പറയുന്നു.
തങ്ങളുടെ മതപരവും മൗലികവുമായ അവകാശങ്ങളില്‍ ഇടപെടരുതെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും അവര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഹിജാബ് ധരിക്കുന്നത് തങ്ങളുടെ മതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അവര്‍ സൂചിപ്പിച്ചു. യൂണിഫോമിനൊപ്പം ഹിജാബും ധരിച്ചിരുന്നതായും വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും അധ്യാപകരും തങ്ങളെ അപമാനിച്ചെന്നാണ് ഹര്‍ജിക്കാരുടെ വിശദീകരണം. എന്നാല്‍, വിദ്യാലയലങ്ങള്‍ പോലെ പൊതുഇടങ്ങളില്‍ ഒരു തരത്തിലും മതചിഹ്നങ്ങളും അനുവദിക്കേണ്ടെന്ന നിലപാടാണ് കോളേജ് അധികൃതകര്‍ക്ക്. പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളില്‍ ഒരു തരത്തിലുള്ള വേര്‍തിരിവും അനുവദിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: