ദാസ് വട്ടോളി
മുക്കം (കോഴിക്കോട്): ഈ അരി വേവിക്കാന്‍ അടുപ്പും വേണ്ട, തീയും വേണ്ട. അഗോനിബോറ എന്ന നെല്ലിന്റെ അരിയും അല്‍പ്പം പച്ചവെള്ളവും ഒരു പാത്രവുണ്ടെങ്കില്‍ മിനിറ്റുകള്‍ക്കകം നല്ല തുമ്പപ്പൂച്ചോറ് വിളമ്പാം.
മാജിക്കല്ല, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ തൃശിനാപ്പള്ളി എന്നറിയപ്പെടുന്ന വെള്ളന്നൂര്‍ ഗ്രാമത്തിലെ കെഎസ്ആര്‍ടിസി കണ്ടക്ടറും പാരമ്പര്യ കര്‍ഷകനുമായ കരിക്കിനാരി സുനില്‍കുമാര്‍ കൃഷിയിടത്തില്‍ ഈ നെല്ല് വിളയിച്ചു. ആവശ്യമുള്ള സമയത്ത് പച്ചവെള്ളത്തിലോ ചൂടുവെള്ളത്തിലോ അരി ഇട്ട് അടച്ചുവച്ചാല്‍ ചോറായി മാറും. പച്ച വെള്ളത്തില്‍ മുപ്പത്-നാല്പത് മിനിറ്റുകൊണ്ടും ചൂട് വെള്ളത്തില്‍ പത്ത് മിനിറ്റുകൊണ്ടും അരി ചോറാകും.
ഓരോ തവണയും വ്യത്യസ്ത കൃഷികളിറക്കി വിജയം വരിക്കുന്നതില്‍ പ്രഗത്ഭനാണ് സുനില്‍കുമാര്‍. ഇത്തവണ ആസാമില്‍ സിആര്‍പിഎഫില്‍ ജോലി ചെയ്യുന്ന മരുമകന് രാഗേഷ് പുവ്വത്തൂരന്റെ സഹായത്തോടെ എത്തിച്ചതാണ് അഗോനി ബോറ നെല്‍വിത്ത്. പോസ്റ്റ് ഓഫീസ് വഴി പാഴ്സലായാണ് വിത്ത് എത്തിച്ചത്. ആസാമിലെ ഒരു കുഗ്രാമത്തില്‍ നിന്നാണ് വിത്ത്. 50 കിലോമീറ്റര്‍ യാത്ര ചെയ്തു വേണം ഈ ഗ്രാമത്തില്‍ നിന്ന് പോസ്റ്റ് ഓഫീസിലെത്താന്‍. 140 ദിവസത്തെ മൂപ്പു വേണ്ട അഗോനി ബോറ നെല്‍വിത്ത് വെള്ളനൂര് വിരിപ്പില്‍ പാടത്താണ് വിതച്ചത്. ഇത്തവണ കാലാവസ്ഥ പലപ്പോഴായി ചതിച്ചെങ്കിലും കുഴപ്പമില്ലാതെ വിളവ് ലഭിച്ചു.
അഗോനി ബോറ നെല്ലിന്റെ അരിയുടെ നിറത്തിലും വ്യത്യാസമുണ്ട്; തൂവെള്ള നിറമാണ്. ഒറ്റനോട്ടത്തില്‍ പച്ചരിയുമായി സാദൃശ്യം തോന്നും. എന്നാല്‍ നീളം അല്‍പ്പം കൂടുതലുണ്ട്. കൊയ്തെടുത്ത നെല്ല് മെതിച്ച ശേഷം ആദ്യം പുഴുങ്ങി തണലില്‍ ഉണക്കണം. പിന്നീട് വെയിലത്ത് വെച്ച ശേഷം കുത്തിയെടുക്കാം. ദൂരയാത്രകള്‍ക്ക് പോകുന്നവര്‍ക്കാണ് അഗോനിബോറ അരി ഏറെ ഉപകാരപ്പെടുന്നത്.
ജൈവവളം മാത്രമുപയോഗിച്ചു കൃഷിയിറക്കുന്നതാണ് അഗോനിബോറ നെല്‍കൃഷിക്ക് നല്ലതെന്നാണ് സുനില്‍ കുമാര്‍ പറയുന്നത്. ചൂടാക്കി വേവിക്കാത്തതു കൊണ്ട് രാസവളങ്ങള്‍ ഉപയോഗിക്കാത്തതാണ് ആരോഗ്യത്തിന് നല്ലത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്ഷേത്രോത്സവങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി മകരമാസത്തിലാണ് വിളവെടുപ്പെന്നും ദൈവികമായ കര്മ്മങ്ങള്ക്കാണ് അരി കൂടുതലും ഉപയോഗിക്കുന്നതെന്നും സുനില്‍കുമാര്‍ പറഞ്ഞു.
നിരവധി പേരാണ് സുനില്‍ കുമാറിന്റെ അഗോനിബോറ നെല്‍കൃഷി കാണാനും അറിയാനും വെള്ളനൂരിലെ കൃഷിയിടത്തിലെത്തുന്നത്. നവര, രക്തശാലി, ബ്ലാക്ക് ജാസ്മിന് എന്നീ നെല്ലിനങ്ങളും സുനില്‍ കൃഷി ചെയ്യുന്നുണ്ട്. അഗോനിബോറ നെല്ലിനത്തെ വരുംവര്‍ഷം കൂടുതല്‍ വ്യാപകമായി കൃഷി ചെയ്യാനാണ് സുനില്‍കുമാറിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: