ഡോ. രാധാകൃഷ്ണന് ശിവന്
കേരളത്തില്‍ സാമാന്യമായി ഗൃഹാരംഭ ചടങ്ങുകള്‍ ശങ്കുസ്ഥാപനം അഥവാ കുറ്റിയടി അല്ലെങ്കില്‍ ശിലാസ്ഥാപനം അഥവാ കല്ലിടല്‍ എന്ന പേരില്‍ അറിയപ്പെടുന്നതാകുന്നു. പ്രാദേശികഭേദം ഉണ്ടെന്നിരിക്കെ തന്നെ സാമാന്യമായി ഗൃഹാരംഭത്തിലെ ആദ്യത്തെ ചടങ്ങായി കുറ്റിയടിയെ പരിഗണിക്കുന്നു.
ശങ്കുസ്ഥാപനമെന്ന നാമത്താല്‍ ഗ്രന്ഥങ്ങളില്‍ പ്രസിദ്ധമായിരുന്ന കുറ്റിയടി വാസ്തവത്തില്‍ ഗൃഹത്തിന്റെ സ്ഥാന നിര്‍ണയം തന്നെയാണ്. പ്രാചീനകാലത്ത് ശങ്കു സ്ഥാപനത്തിലൂടെ ആയിരുന്നു കൃത്യമായ ദിശ അറിയുന്നതും അതിനനുസരിച്ചു കൊണ്ട് നിര്‍മ്മാണത്തെ ക്രമീകരിക്കുന്നതും. ശങ്കുവിന്റെ നിഴലിനു അനുസൃതമായി കിഴക്ക്-പടിഞ്ഞാറ് മധ്യസൂത്രവും തെക്ക് -വടക്ക് മധ്യസൂത്രവും നിര്‍ണയിച്ചു അതിനനുസരിച്ചായിരുന്നു നിര്‍മ്മാണം സാധ്യമാക്കിയിരുന്നത്. ആധുനികകാലത്ത് യന്ത്രസഹായത്താല്‍ ദിശാ നിര്‍ണയം വളരെ സുഗമമാണെന്നിരിക്കെ പുരയിടമാകുന്ന ഭൂമിയില്‍ ഗൃഹത്തിന് സ്ഥാനം എവിടെയായിരിക്കണം എന്നുള്ളതിന് കൃത്യമായ അവലംബം ആകുന്നു കുറ്റിയടി.
ഗൃഹാരംഭത്തിനു ഉചിതമായ മുഹൂര്‍ത്തം കണ്ടെത്തി ഗൃഹാന്തര്‍ഭാഗത്തോ വാസ്തു പുരുഷചരണഭാഗത്തോ സ്ഥാപിക്കപ്പെട്ടുന്നതാണ് മുഹൂര്‍ത്ത കുറ്റി അഥവാ ശങ്കു. ഗൃഹ നിര്‍മ്മാണത്തിന് നിര്‍വിഘ്നമായ പരിസമാപ്തിയും നിര്‍മാണാനന്തരം വസിക്കുന്ന ഗൃഹസ്ഥര്‍ക്ക് ആയുസ്സും ബലവും ആരോഗ്യവും പ്രദാനം ചെയ്യുന്നതും ആകണം അതിനാല്‍ ഈ ചടങ്ങിന് പ്രാധാന്യമുണ്ട്.
ശങ്കു സ്ഥാപനം കേവലം ഗൃഹങ്ങള്‍ക്ക് മാത്രമല്ല മറിച്ചു കിണര്‍, കുളം, തടാകം, സേതു, കിടങ്ങ്, ഉപാലയങ്ങള്‍ എന്നിവയ്ക്കും ആവശ്യമാകുന്നു. എന്നാല്‍ ദേവാലയത്തില്‍ ദേവാലയാന്തര്ഭാഗത്ത് ശങ്കു സ്ഥാപിക്കുന്ന പതിവില്ല. ഗൃഹനിര്‍മ്മാണത്തില്‍ കുറ്റി സ്ഥാപിക്കുന്നത് സാമാന്യമായി സ്ഥപതിയാണ്. അത്തരത്തിലുള്ള വാസ്തു വിശാരദനു ഉത്തരകേരളത്തില്‍ കുറ്റിക്കാരന് എന്ന ഒരു പേര് കൂടിയുണ്ട്. സാമാന്യമായി സ്ഥാപനാര്ഹനായ സ്ഥപതിക്ക് വേണ്ട ഗുണഗണങ്ങളെക്കുറിച്ച് ശാസ്ത്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത്തരത്തില്‍ സാമാന്യമായി സ്ഥപതി എന്നാല്‍ സര്വശാസ്ത്രങ്ങളെ അറിഞ്ഞവനും, വികലാംഗത്വം ഇല്ലാത്തവനും, ധാര്‍മികനും, മറ്റുള്ളവരുമായി മാത്സര്യം ഇല്ലാത്തവനും, ദയാപരനും, സത്കുലജാതനും, ഇന്ദ്രിയങ്ങളെ ജയിച്ചവനും, ഗണിതം, പുരാണം, സംസ്കാരം എന്നിവ അറിഞ്ഞവനും, സത്യം പറയുന്നവനും, രോഗമില്ലാത്തവനും വാക്പാരുഷ്യം, ദണ്ഡപാരുഷ്യം, സ്ത്രീസേവ, മദ്യപാനം, ചൂതുകളി, നായാട്ട്, അര്‍ത്ഥദൂഷണം എന്നീ സപ്തവ്യസനങ്ങളെ വര്ജിച്ചവനും, പ്രസിദ്ധി ഉള്ളവനും സര്‍വര്‍ക്കും സ്വീകാര്യനുമായ വാസ്തു പണ്ഡിതനുമായിരിക്കണം.
ഈ ഗുണങ്ങളോടുകൂടിയ സ്ഥപതിയാണ് ശങ്കുസ്ഥാപനാര്ഹന്.
കുറ്റിയടിക്കുന്നതിനായി ശാസ്ത്രസമ്മതമായ ദ്രവ്യവും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഈശാന ഗുരുദേവ പദ്ധതിയുടെ പ്രമാണമനുസരിച്ച് വൃക്ഷമാണ് ഉത്തമ ദ്രവ്യം. അവകളില്‍ പുരുഷ വൃക്ഷം തന്നെ കുറ്റിക്കായി സ്വീകരിക്കണം. ശരിയായ ആകൃതി ഉള്ളതും മുറിവേറ്റതോ, പൊട്ടിയതോ, പൊളിഞ്ഞതോ കൃത്യമായ ആകൃതി ഇല്ലാത്തതോ അല്ലാത്ത മിനുസമുള്ള കുറ്റി സ്വീകരിക്കപ്പെടണം. അതിനായി വിധിച്ചിട്ടുള്ള മരങ്ങളില്‍ കരിങ്ങാലിക്കാണ് പ്രഥമസ്ഥാനം. ഇതുകൂടാതെ ദേവദാരു, പ്ലാവ്, നീര്‍മരുത്, രക്തചന്ദനം, പ്ലാശ്, അശോകം, കടമ്പ്, പാല, കൂവളം, കവുങ്ങ്, മുള തുടങ്ങിയവ സ്വീകരിക്കാമെന്ന് മറ്റു ചില ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്.
മുഹൂര്ത്തകുറ്റി ആയി സ്വീകരിക്കപ്പെടേണ്ടതിന് വേണ്ട അളവ് നിര്‍ദ്ദേശിക്കുന്നതില്‍ പണ്ഡിതന്മാര്ക്കു വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിലും സാമാന്യമായി ഏറ്റവും കുറഞ്ഞത് പന്ത്രണ്ടു വിരല്‍ ആണ് നീളമായി പറഞ്ഞിട്ടുള്ളത്. വിശേഷപ്പെട്ട ശങ്കുവിനു ഈ നീളത്തെ സമമായി മൂന്ന് ഭാഗമാക്കി മുകളിലെ ഭാഗം ചതുരവും മധ്യഭാഗം എട്ടു പട്ടവും താഴത്തെ ഭാഗം വൃത്തമായും ചെയ്യാറുണ്ട്. വൃത്തഭാഗം കൂര്‍ത്തതും ഭൂമിക്കടിയില്‍ സ്ഥാപിക്കുന്നതിനായി സ്വീകരിക്കപ്പെടുകയും വേണം. ശങ്കു യജ്ഞധൂപത്തിന് സമാനമായാണ് പരിഗണിക്കപ്പെടുന്നത്. അത് കൊണ്ടു തന്നെ ഇതിലെ വൃത്തം കര്മംഗവും എട്ടു പട്ടം ജ്ഞാനാീഗവും ചതുരം പ്രാണ അംഗവും ആകുന്നു.
ശങ്കു സ്ഥാപനത്തിനായി പ്രാദേശികമായ ഭേദം നിലനില്‍ക്കെ ഗൃഹാന്തര്‍ഭാഗത്തോ വാസ്തുപുരുഷ ചരണ ഭാഗത്തോ ആണ് സാമാന്യമായി സ്ഥാപിക്കപ്പെടുന്നത്. വിവസ്വാന്, മിത്രന് എന്നീ ദേവ പദങ്ങളിലാണ് സാമാന്യമായി അന്തര്‍ഭാഗത്ത് കുറ്റി സ്ഥാപിക്കുന്നത്.
ജ്യോതിഷ നിയമപ്രകാരമുള്ള ഗൃഹാരംഭ മുഹൂര്‍ത്തത്തിലാണ് കുറ്റിയടി നടത്തപ്പെടുന്നത്. അതിന് സാധാരണയായി മിഥുനം, കന്നി, ധനു, മീനം എന്നീ കോണ്‍ മാസങ്ങള്‍ സ്വീകരിക്കാറില്ല. ഞായര്‍, ചൊവ്വ എന്നീ ആഴ്ചകളും ഒഴിവാക്കി, മൂലം, മകം, രോഹിണി, മകീര്യം, ചതയം, പുണര്‍തം, പൂയം, ഉത്രം, അത്തം, ചിത്തിര, ഉത്രാടം, തിരുവോണം, അവിട്ടം, ഉത്രട്ടാതി, രേവതി, അശ്വതി, അനിഴം എന്നീ നക്ഷത്രങ്ങള്‍ സ്വീകരിക്കണം. മകരം, തുലാം, മേടം എന്നിവ ഒഴികെയുള്ള രാശികളും ഗൃഹാരംഭത്തിനു ഉചിതമായതാണ്.
ഗൃഹാരംഭത്തിന് സ്വീകരിക്കപ്പെടുന്ന മുഹൂര്‍ത്ത രാശിയുടെ നാലാം രാശിയില്‍ ഗ്രഹങ്ങളൊന്നും ഇല്ലാതിരിക്കുന്നതും എട്ടാം രാശിയില്‍ ചൊവ്വയോ മറ്റ് ഗ്രഹങ്ങളോ ഇല്ലാതിരിക്കുന്നതും ശ്രേഷ്ഠമാണ്. നിത്യ ദോഷങ്ങള്‍ ആയ ഭൂകമ്പം, സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം എന്നീ ദിനങ്ങളും ഒഴിവാക്കണം. സായാഹ്നം, സന്ധ്യ, ഗണ്ഡാന്തം, രിക്ത, അഷ്ടമി, വിഷ്ടി, എന്നിവ വര്‍ജ്ജിക്കുകയും വേണം. അതോടൊപ്പം തന്നെ ഗൃഹ കര്‍ത്താവിന്റെ ജന്മമാസവും നക്ഷത്രവും അഷ്ടമരാശി നക്ഷത്രങ്ങളും മൂന്നു അഞ്ചു ഏഴു നക്ഷത്രങ്ങളും നന്നല്ല.
ഉത്തമമായ മുഹൂര്‍ത്തത്തില്‍ സ്ഥപതി ശുചിയായി ഗണപതി ഭഗവാനു ഒരുക്കി കിഴക്ക് അഭിമുഖമായി ഇരിപ്പിടത്തില്‍ ഇരുന്ന് കുറ്റി പൂജിക്കണം. പുഷ്പം ചന്ദനം, വസ്ത്രം എന്നിവ കൊണ്ട് കുറ്റി അലങ്കരിക്കണം. പൂജ കഴിഞ്ഞ് സ്വീകരിക്കപ്പെട്ട കുറ്റി രണ്ടു കൈകള്‍ കൊണ്ടും ഭൂമിയില്‍ സ്ഥാപിക്കുകയും ഇടതു കൈകൊണ്ട് കുറ്റി പിടിച്ച്
വിശന്തു തേ തലം നാഗാഃ
ലോകപാലാസ്തതൈവ ച
പ്രതിഷ്ഠന്തു ഗൃഹം ചാസ്മി
ന്നായുര്ബലകരം ഭവേത്
എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് വലതു കൈയില്‍ ഇരുമ്പു ചുറ്റിക പിടിച്ചു കുറ്റിയുടെ മുകളില്‍ എട്ടു തവണ അടിക്കണം. അതിനു ശേഷം മാല, ഗന്ധം, ധൂപം, എന്നിവ കൊണ്ടു പൂജിച്ചു ത്രശോകമന്ത്രം ജപിച്ചു അഭിഷേകം ചെയ്യണം. പിന്നീട് നിമിഷങ്ങള്‍ കൊണ്ട് ഗുണദോഷങ്ങളറിഞ്ഞു ഗൃഹകര്‍ത്താവിന് ഉപദേശം നല്‍കണം.
വാസ്തുവനുസരിച്ചു നിര്‍മിക്കുന്ന എല്ലാ നിര്‍മാണങ്ങളുടെയും ആധാരമാണ് കുറ്റി. ആ പ്രാധാന്യം ഉള്‍ക്കൊണ്ടു വേണം ഈ മഹനീയ കര്‍മം ആചരിക്കുവാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: