രഞ്ജിത്ത് മച്ചുള്ളതില്
നമ്മുടെ പൊതുവിദ്യാലയത്തിലെ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗത്തിലെ എത്ര കുട്ടികള്‍ക്ക് മലയാളം നന്നായി എഴുതാനുംവായിക്കാനും അറിയാം എന്നത് പരിശോധിക്കണം. 2018 ല്‍ എസ്എസ്എ നടത്തിയ സര്‍വ്വേയില്‍ പ്രൈമറി പഠനം പുറത്തിയാക്കിയ എഴുപത് ശതമാനം കുട്ടികള്‍ക്കും മലയാളം നന്നായി എഴുതാനും വായിക്കാനും അറിയില്ല എന്ന് കണ്ടെത്തി. സാക്ഷരതയിലും ഔപചാരിക വിദ്യാഭ്യാസത്തിലും ഒന്നാം സ്ഥാനത്ത് നില്ക്കുന്ന കേരളത്തിലെ സാക്ഷരതാ നിലവാരം വളരെ പരിതാപകരമാണ്. കാലാനുസൃതമായി പരിഷ്കരിക്കപ്പെടുന്ന കരിക്കുലത്തിന്റെ നിര്‍വഹണഘട്ടത്തില്‍ അധ്യാപകര്‍ക്ക് സംഭവിക്കുന്ന ജാഗ്രതക്കുറവാണ് അതിന്റെ പ്രാരംഭ കാരണം.
ജ്ഞാന നിര്‍മ്മിതി വാദവും പോരായ്മകളും
പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ഒരു വിദ്യാര്‍ത്ഥി വ്യത്യസ്തമായ അനവധി പഠനപ്രവര്‍ത്തനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാണ് ഇന്നത്തെ പഠനരീതി. അത് നിരന്തരവും സമഗ്രവുമായി മൂല്യനിര്‍ണ്ണയം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. കേരള സര്‍ക്കാരിന്റെ ഏറ്റവും കാര്യക്ഷമമായ വകുപ്പാണ് പ്രാഥമിക വിദ്യാഭ്യാസ രംഗം. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ഇടപെടാനും ക്ലസ്റ്ററുകളും ബിആര്‍സിയും എഇഒ, ഡിഇഒ, ഡയറ്റ്, എസ്ആര്‍ജി രക്ഷാകര്‍തൃ സമിതികള്‍, മാതൃസമിതികള്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങളും സദാസന്നദ്ധമാണ്. എന്നിട്ടും സ്കൂള്‍ കാലഘട്ടം പൂര്‍ത്തിയാക്കുന്ന ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും എഴുതാനും വായിക്കാനും അറിയില്ല.
കേരളത്തിലെ വിദ്യാഭ്യാസ പദ്ധതിയിലും കരിക്കുലത്തിലും മുന്‍പ് ഉണ്ടായിരുന്നത് ബിഹേവിയറിസം എന്ന സമീപനമായിരുന്നു. അത് ഒരു അധ്യാപക കേന്ദ്രീകൃത സമീപനമാണ്. അധ്യാപകര്‍ ക്ലാസ്മുറിയില്‍ വിദ്യാര്‍ത്ഥികളെ തല്ലിയും ലെക്ചര്‍ഷിപ്പ് രീതിയില്‍ ക്ലാസ്മുറികള് കൈകാര്യം ചെയ്തും മുന്നോട്ട് പോയി. അതില്‍ കുട്ടിക്ക് പഠനബുദ്ധിയുടെ വ്യത്യസ്ത തലങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസരം നിഷേധിച്ചു. എന്നാല്‍ തൊണ്ണൂറുകളുടെ അവസാനം വന്ന ഡിപിഇപി പദ്ധതിയോടുകൂടി നമ്മുടെ വിദ്യാഭ്യാസരീതി അടിമുടി മാറി. പിന്നീട് സര്‍വശിക്ഷാ അഭിയാനും വന്നതോടുകൂടി ആ തത്ത്വചിന്ത പൂര്‍ണമായും പരിഷ്കരിക്കപ്പെട്ടു. പഠനം വിദ്യാര്‍ത്ഥി കേന്ദ്രികൃതമായി.
ജ്ഞാനനിര്‍മ്മിതിവാദം എന്ന് വിളിക്കപ്പെടുന്ന ആശയപദ്ധതിയിലേക്കാണ് ഇന്നത്തെ വിദ്യാഭ്യാസ രീതി അവസാനം എത്തിയത്. പഠിതാവിനെ ഒരു സാമൂഹ്യ ജീവിയായി കണ്ട് നിരന്തരമായ സാമൂഹിക ഇടപെടലിലൂടെ അറിവ് നേടിക്കൊണ്ടിരിക്കുന്ന വിപ്ലവകരമായ പഠനരീതിയായി അത് മാറി. അധ്യാപകര്‍ കുട്ടികള്‍ക്ക് കൈത്താങ്ങായി. ഏത് വ്യത്യസ്ത പഠന പ്രവര്‍ത്തനങ്ങള്‍ക്കും പ്രാപ്തരായ ഗവേഷകരുടെ മാനസികാവസ്ഥയാണ് അധ്യാപകര്‍ക്ക്. ക്ലാസ്മുറി എന്നത് ഒരു ലബോറട്ടറി എന്ന നിലയിലേക്ക് വളര്‍ന്നു. പഠനപ്രവര്‍ത്തനങ്ങള്‍ കുട്ടിക്ക് നേരിട്ട് അനുഭവിക്കാനായി പ്രകൃതിയിലേക്ക് ഇറങ്ങിയും സാമൂഹ്യ സംവിധാനങ്ങള്‍ നേരിട്ട് പരിചയപ്പെടുത്താനായി അവിടങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളും പതിവായി. പഠനപ്രവര്‍ത്തനങ്ങളില്‍ ശരി, തെറ്റ് എന്ന വേര്‍തിരിവില്ലാതെ കുട്ടി ചെയ്തത് കുട്ടിയുടെ ശരി എന്ന രീതിയില്‍ അതിനു മിനിമം മാര്‍ക്ക് കൊടുക്കുകയാണ് ഈ സംവിധാനത്തില്‍. പക്ഷേ ഇത്തരം വ്യവഹാര പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു ചെല്ലുമ്പോള്‍ കുട്ടിയുടെ പ്രാരംഭ ശേഷി നഷ്ടപ്പെടുന്നത് അധ്യാപകര്‍ കണ്ടില്ലെന്നു നടിക്കുന്നു. അനുഭവം പഠനവും പഠനം അനുഭവവും ആയി മാറിയപ്പോള്‍ ഹോസ്പിറ്റലും പോസ്റ്റോഫീസ്സുമെല്ലാം അനുഭവിച്ചറിഞ്ഞ ഒരു കുട്ടിക്ക് അത് എഴുതാന്‍ അറിയുന്നില്ല എന്ന സത്യം ജ്ഞാന നിര്‍മ്മിതിവാദത്തില്‍ പ്രസക്തമായില്ല. കണ്ടും കേട്ടും അറിഞ്ഞും വളരുന്ന ഒരു കുട്ടിക്ക് അവ അക്ഷരങ്ങളായി മാറ്റാനുള്ള ശേഷി ഉണ്ടാക്കാന്‍ അധ്യാപകര്‍ ശ്രമിക്കുന്നില്ല.
അടിസ്ഥാനം എഴുത്തും വായനയും
പാകപ്പിഴകള്‍ ഉണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ക്ലാസ്സ് റൂം പ്രവര്‍ത്തനത്തിന് പുറമെ നിരവധി ഭാഷാ വികസന പദ്ധതികളും രൂപം കൊണ്ടത്. മലയാള ഭാഷാ നൈപുണിക്കായി മലയാളത്തിളക്കം, ഗണിതത്തില്‍ ഉല്ലാസഗണിതം, ഇംഗ്ലീഷിന് ഹലോ ഇംഗ്ലീഷ് തുടങ്ങി നിരവധി അനുബന്ധപ്രവര്‍ത്തനങ്ങളും സ്കൂളില്‍ നടക്കുന്നു. മുന്നാക്കക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടേണ്ടവയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. ഇവയൊന്നും കാര്യക്ഷമമായല്ല സ്കൂളില്‍ നടക്കുന്നത് എന്ന് എഴുത്തിലും വായനയിലുമുള്ള കുട്ടിയുടെ നിലവാരത്തകര്‍ച്ച കാണിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലുള്ള റിപ്പോര്‍ട്ടിങ് മാത്രമാണ് ഭൂരിഭാഗം സ്കൂളുകളിലും നടക്കുന്നത്. തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെയെല്ലാം റിപ്പോര്‍ട്ടിങ് അനിവാര്യമാകുന്നതുകൊണ്ടുതന്നെ കുട്ടികള്‍ക്കൊപ്പം സഹപഠിതാവിന്റെ റോള്‍ നിര്‍വഹിക്കുന്ന അധ്യാപകന് തന്നിരിക്കുന്ന കുറച്ചു വാക്കുകളോ വാചകങ്ങളോ പഠനമേഖലയായി കണ്ടുകൊണ്ട് പഠന പൂര്‍ത്തികരണം നടന്നതായി രേഖപ്പെടുത്തുന്നു. ഫലമോ, ഓരോ ക്ലാസ്സ് കഴിയുന്തോറും ഉയര്‍ന്ന വിജയം നേടുന്ന വിദ്യാര്‍ത്ഥിയുടെ എ ഗ്രേഡ് കടലാസില്‍ മാത്രമാവുന്നു. എഴുത്ത്, വായന പോലുള്ള അടിസ്ഥാന ശേഷി വികസനത്തില്‍ കുട്ടികള്‍ പിന്നാക്കം പോവുകയും ചെയ്യുന്നു.
ഇന്നത്തെ പാഠ്യപദ്ധതി വായനയെയും എഴുത്തിനെയും സമീപിക്കുന്നത് 1955 ലെ നോം ചോംസ്കിയുടെ ലോജിക്കല്‍ സ്ട്രക്ചര്‍ ഓഫ് ലിംഗ്വസ്റ്റിക് തിയറി എന്ന പുസ്തകം അടിസ്ഥാനമാക്കിയാണ്. പഠനം എന്നത് മനുഷ്യന്റെ ഏറ്റവും സ്വാഭാവികമായ ജൈവപ്രക്രിയ ആണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ‘ഹോള്‍ ലാംഗ്വേജ് അപ്രോച്ച്’ പാഠ്യപദ്ധതിയില്‍ രൂപം കൊണ്ടു. സംസാരിക്കുന്നത് പോലെ നമ്മുടെ ഉള്ളില്‍ തനതായി രൂപം കൊള്ളുന്നതാണ് എഴുത്തും വായനയും എന്നതാണ് ഹോള്‍ ലാംഗ്വേജ് അപ്രോച്ചിന്റെ അടിസ്ഥാനം. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ പഠനരീതിയായ സോഷ്യല്‍ കണ്‍സ്ട്രക്ടിവിസം വികസിച്ചത്. അതായത് വാക്കുകള്‍ കുട്ടിയില്‍ ഉറച്ചശേഷം വായനയിലേക്കും എഴുത്തിലേക്കും എത്തുന്നതിനു പകരം ആശയമാണ് ആദ്യം എത്തുന്നത്. അപ്പോള്‍ സംഭവിക്കാവുന്ന അപകടം, മാങ്ങയേക്കുറിച്ച് മുഴുവന്‍ വിവരങ്ങളും കുട്ടിയുടെ മനസ്സില്‍ എത്തുകയും, ആ ആശയത്തെ പ്രതിനിധാനം ചെയ്യുന്ന മാങ്ങ എന്ന വാക്ക് കുട്ടിക്ക് എഴുതാന്‍ അറിയാതെ പോവുകയും ചെയ്യുന്നു. ഹോള്‍ ലാംഗ്വേജ് അപ്രോച്ച് കുട്ടിയുടെ എഴുത്ത്, വായന തുടങ്ങിയ ശേഷീ വികാസത്തില്‍ പ്രധാന്യം നല്‍കുന്നില്ല. ആ സമീപനത്തില്‍ രൂപപ്പെട്ട പഠനരീതിയിലുടെ എഴുത്തും വായനയും അഭ്യസിക്കുന്നതാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് കുട്ടികളിലെ വായനയുടെ അപര്യാപ്തതയുടെ കാരണം എന്ന് മനസ്സിലാക്കാവുന്നതാണ്.
വായനയും എഴുത്തും എന്നത് ഒരു ജൈവികപ്രക്രിയയല്ല എന്നത് ന്യൂറോ ശാസ്ത്രജ്ഞന്മാരും തെളിയിച്ചിട്ടുണ്ട്. കുട്ടികള്‍ പറയാന്‍ പഠിക്കുക എന്നതുപോലെ എഴുതാനും വായിക്കാനും പഠിക്കുക എന്നത് സാധ്യമല്ല. വായനയിലെ അപര്യാപ്തതയെ ഡിസ്ലേക്സിയ എന്നും എഴുത്തിലെ കുറവിനെ ഡിസ്ഗ്രാഫിയ എന്നും പറയുന്നു. ഇത്തരം അവസ്ഥയിലുള്ള കുട്ടികളെ കുറിച്ച് അമേരിക്കന്‍ ന്യൂറോളജിസ്റ്റായ സാമുവേല്‍ ഡി. ഓര്‍ട്ടന്‍ നടത്തിയ പഠനം യുട്യൂബില്‍ ലഭ്യമാണ്. കുട്ടിയുടെ എഴുത്തിലെയും വായനയിലെയും തകരാറ് ഒരിക്കലും ജനിതക പ്രശ്നങ്ങള്‍ കൊണ്ടായിരുന്നില്ല, മറിച്ച് അവിടുത്തെ പുതിയ വിദ്യാഭ്യാസ പദ്ധതിയിലെ ആശാസ്ത്രീയത കൊണ്ടായിരുന്നു എന്നാണ്.
അക്ഷരങ്ങള്‍ കാര്യമായ രീതിയില്‍ കുട്ടികളെ പരിചയപ്പെടുത്തുകയും, എഴുതാനും വായിക്കാനും അടിസ്ഥാനപരമായി പഠിപ്പിക്കേണ്ടതിനും പകരം ആശയ പ്രകാശനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയതിന്റെ പരിണിത ഫലമാണ് ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണം. ആശയങ്ങളിലൂടെ വാക്കുകളും സ്വതസിദ്ധമായി കുട്ടികളില്‍ രൂപപ്പെടും എന്ന മിഥ്യാധാരണ മാറേണ്ടതുണ്ട്. സ്വതന്ത്രമായ ആശയ പ്രകാശന രീതികള്‍ സൃഷ്ടിക്കുന്നത് എഴുതാനും വായിക്കാനും അറിയാത്ത ഒരു തലമുറയെ തന്നെയാണ്. വര്‍ഷങ്ങളായി നമ്മുടെ വിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്ന ഈ പ്രശ്നം കഴിഞ്ഞ ഒന്നര വര്‍ഷമായി കൊവിഡ് കാരണം മുടങ്ങിയ ക്ലാസ്സ് റൂം പഠനം കാരണം അല്ലെന്ന് മനസ്സിലാക്കാന്‍ എയ്ഡഡ്, സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങളിലെ പഠനരീതിയും അവര്‍ ഉണ്ടാക്കുന്ന അടിസ്ഥാന ശേഷി വികസനവും പരിശോധിച്ചാല്‍ മതി. ഇക്കാര്യത്തില്‍ പിന്തള്ളപ്പെടുന്നത് പൊതുവിദ്യാലയങ്ങളിലെ കുട്ടികളാണ്. ഇന്നത്തെ മാറിയ പഠന രീതിയുടെ മേന്മകള് അംഗീകരിക്കുന്നതിനൊപ്പം കുറവുകള്‍ മനസിലാക്കുന്നതിനും അധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും തയ്യാറാക്കേണ്ടതുണ്ട്. നിരീക്ഷിക്കാനും പരീക്ഷിക്കാനും പൊതുസമൂഹത്തില്‍ ഇടപെടാനും കഴിവുള്ള ഒരു തലമുറയില്‍ എഴുതാനും വായിക്കാനുമുള്ള ശേഷി കുറയുന്നത് മാനവവിഭവശേഷിയുടെ കാര്യക്ഷമത കുറയുന്നതിനും കാരണമാകുമെന്നും വിദ്യാഭ്യാസ പൂര്‍ത്തികരണത്തിനു തന്നെ വിഘാതമാകുമെന്നു തിരിച്ചറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: