ന്യൂദല്‍ഹി:ഇന്ത്യയില്‍ നിന്നും കശ്മീരിനെ സ്വതന്ത്രമാക്കാന്‍ പോരടുന്നവരെ ആദരിക്കുന്ന വിവാദ ട്വീറ്റ് പിന്‍വലിച്ച് ഹ്യൂണ്ടായി. ഹ്യൂണ്ടായിയുടെ പാകിസ്താന് ഡീലറുടെ ട്വിറ്റര്‍ പേജില്‍ ആണ് കശ്മീരിനെക്കുറിച്ചുള്ള വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. അതാണ് ഇന്ത്യയിലെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് പിന്‍വലിച്ചത്.
ഈ വിവാദത്തെ ശക്തമായി ഹ്യൂണ്ടായ് അപലപിച്ചു. ഹ്യൂണ്ടായ് ഇന്ത്യ പേജിലാണ് ഇന്ത്യയ്ക്ക് അനുകൂലമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ” ഇത്തരം അനാവശ്യ വിവാദങ്ങളോട് കമ്പനിയ്ക്ക് അങ്ങേയറ്റം അസഹിഷ്ണുതയാണുള്ളതെന്ന് ഹ്യൂണ്ടായുടെ ഇന്ത്യന്‍ ഡീലര്‍ അവരുടെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു. ‘(ഇന്ത്യയുടെ) ദേശീയതയെ ബഹുമാനിക്കുന്ന മൂല്യങ്ങള്‍ക്ക് വേണ്ടി ശക്തമായി കമ്പനി നിലകൊള്ളുന്നു എന്നും ട്വിറ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു. ‘ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യയുമായി ബന്ധപ്പെടുത്തി പരക്കുന്ന അനാവശ്യ സമൂഹമാധ്യമ പോസ്റ്റ് കമ്പനിയുടെ ഇന്ത്യയോടുള്ള പ്രതിബദ്ധതയെയും സേവനത്തെയും വെല്ലുവിളിക്കുന്ന ഒന്നാണ്. ഹ്യൂണ്ടായിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ രണ്ടാമത്തെ വീടുപോലെയാണ്. (ദക്ഷിണകൊറിയയാണ് കമ്പനിയുടെ ആസ്ഥാനം). ഇത്തരത്തിലുള്ള വിവേകശൂന്യമായ പ്രസ്താവനകളെ കമ്പനി ശക്തമായി അപലപിക്കുന്നു. ഇതിനോട് കമ്പനിക്ക് അങ്ങേയറ്റം അസഹിഷ്ണുതയാണുള്ളത്.”- ഇതാണ് ഹ്യൂണ്ടായ് ഇന്ത്യ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരിക്കുന്ന പ്രസ്താവന.
പാകിസ്താന് ഐക്യദാര്‍ഢ്യ ദിനമായ ഫെബ്രുവരി അഞ്ചിനാണ് വിവാദ ട്വീറ്റ് ഹ്യൂണ്ടായുടെ പാകിസ്ഥാന് ഡീലര്‍ പങ്കുവെച്ചത്: “കശ്മീരി സഹോദരന്മാരുടെ ത്യാഗങ്ങള്‍ ഓര്‍മ്മിക്കാം. സ്വാതന്ത്ര്യത്തിന് വേണ്ടി അവര്‍ കഷ്ടപ്പെടുമ്പോള്‍ അവര്‍ക്ക് പിന്തുണയുമായി നില്ക്കാം” – ഇതായിരുന്നു വിവാദ ട്വീറ്റ്. ഈ ട്വീറ്റിനൊപ്പം ദാല്‍ തടാകത്തിലെ ബോട്ടിന്റെ ചിത്രവും കശ്മീര്‍ എന്ന പദത്തിനുള്ളിലൂടെ ഒരു മുള്ളുവേലി തുളച്ചുകയറിപ്പോകുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
ഇതിന് പിന്നാലെ #BoycottHyundai ഹാഷ്ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയതോടെ ഹ്യൂണ്ടായി പാകിസ്ഥാന് പേജ് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. പാകിസ്താനെ അനുകൂലിച്ചുള്ള പോസ്റ്റ് ഹ്യൂണ്ടായിയുടെ വാഹന വിപണിയെ ഇന്ത്യയില്‍ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി പാകിസ്താന് ഗവണ്മെന്റിന് അനുകൂലമായി പ്രചാരണം നടത്തുന്നു എന്ന രീതിയിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഇക്കാര്യത്തില്‍ ഹ്യൂണ്ടായിയുടെ ഇന്ത്യന്‍ ഡീലര്‍ഷിപ്പിനോട് വിശദീകരണം തേടിയ ട്വിറ്റര്‍ ഉപയോക്താക്കളെ ഹ്യൂണ്ടായി ഇന്ത്യ ബ്ലോക്ക് ചെയ്തതായും ആരോപണമുയര്‍ന്നു. ഹ്യൂണ്ടായി പാക്കിസ്താന് പേജ് കൈകാര്യം ചെയ്യുന്നത് ഹ്യുണ്ടായ് നിഷാത് ഗ്രൂപ്പ് ആണ്. അവരാണ് പാകിസ്താനില്‍ ഹ്യൂണ്ടായി കാറുകള്‍ വിതരണം ചെയ്യുന്നത്. ഹ്യൂണ്ടായി ഇന്ത്യയെ ബഹിഷ്കരിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമായിരിക്കുകയാണ്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് നിരവധി ഉപയോക്താക്കള്‍ പ്രധാനമന്ത്രിയ്ക്കും വിദേശകാര്യമന്ത്രാലയത്തിനും പരാതികള്‍ അയച്ചിട്ടുണ്ട്. അതിനിടെയാണ് മാപ്പപേക്ഷിച്ച് ഹ്യൂണ്ടായ് ഇന്ത്യ പേജില്‍ കമ്പനി പ്രസ്താവന പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: