ന്യൂദല്‍ഹി: കൊറോണ വാക്സിനേഷന് രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതോടെ കോവിന്‍ പോര്‍ട്ടലില്‍ രജിസ്ട്രര്‍ ചെയ്യാന്‍ ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമല്ല.
വാക്സിനേഷനുള്ള തിരിച്ചറിയല്‍ രേഖയായി ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കാട്ടി സിദ്ധാര്‍ഥ് ശങ്കര്‍ ശര്‍മയെന്നയാള്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പാന്‍കാര്‍ഡ്, ലൈസന്‍സ്, പാസ്പോര്‍ട്ട് തുടങ്ങി സര്‍ക്കാര്‍ അംഗീകരിച്ച ഒമ്പത് തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലുമൊന്ന് വാക്സിനേഷനായി സമര്‍പ്പിച്ചാല്‍ മതി.
കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലും വാക്സിനെടുക്കാന്‍ പോകുന്ന സമയത്ത് അധികൃതര്‍ ആധാര്‍ ആവശ്യപ്പെടുകയാണെന്നായിരുന്നു ഹരജിക്കാരന്റെ പരാതി. ആധാറുമായി എല്ലാം ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാക്കുകയാണെന്നും ഹര്ജിക്കാരന് ആരോപിച്ചു. തുടര്‍ന്നാണ്, ആധാര്‍ നിര്‍ബന്ധമല്ലെന്ന കേന്ദ്ര നിലപാട് കര്‍ശനമായി നടപ്പാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. പാസ്പോര്‍ട്ട് നല്‍കിയിട്ടും ഹര്ജിക്കാരന് മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയില്‍ വാക്സിന് നിഷേധിച്ച സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഒരു തിരിച്ചറിയല്‍ രേഖയുമില്ലാതെ ഇതിനോടകം 87 ലക്ഷം പേര്‍ക്ക് വാക്സിന് നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: