ദിപിന് ദാമോദരന്‍
ബിസിനസ് വോയ്സ് എഡിറ്ററാണ് ലേഖകന്‍
ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാകാന്‍ തയാറെടുത്തുകഴിഞ്ഞു എല്‍ഐസി, ലോകം ശ്രദ്ധിക്കുന്ന പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ)യിലൂടെ. 2022 സാമ്പത്തിക വര്‍ഷം തീരുന്നതിന് മുമ്പ് എല്‍ഐസിയെ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തികൂടിയാണ് വിജയം കാണുന്നത്. സ്വതന്ത്ര വിപണിയുടെ പ്രയോക്താവും പ്രചാരകനുമായുള്ള മോദിയുടെ പ്രതിച്ഛായയ്ക്ക് മാറ്റേകുന്നതാകും രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് സംരംഭത്തിന്റെ ഓഹരി വില്‍പ്പന. 500 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള എല്‍ഐസിയുടെ മൂല്യം 203 ബില്യണ്‍ ഡോളറോളം ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തിന്റെ ബിസിനസ് ചരിത്രത്തിലെ സുപ്രധാന ഏടായി മാറുന്ന എല്‍ഐസി ഐപിഒയെക്കുറിച്ച് അറിയേണ്ടതെല്ലാം
ഏഷ്യയില്‍ ഈ വര്‍ഷം നടക്കുന്ന ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ)യ്ക്കായി സര്‍വവും സജ്ജം. ദില്ലിയിലെ ബ്യൂറോക്രാറ്റുകള്‍ കോവിഡ് കാലത്തും വിശ്രമമില്ലാതെ ജോലിയെടുക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ എല്‍ഐസി എന്ന പൊന്‍തൂവലിനെ വളര്‍ച്ചയുടെ പുതിയ തലത്തിലേക്ക് നയിക്കാന്‍. എല്‍ഐസി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അതിന്റെയൊരു വിഹിതം സ്വന്തമാക്കാന്‍ 25 കോടിയോളം വരുന്ന എല്‍ഐസി പോളിസി ഉടമകളോട് ആഹ്വാനം ചെയ്യുന്ന പത്ര, ദൃശ്യ മാധ്യമ പരസ്യങ്ങളുടെ ആധിക്യം തന്നെ വ്യക്തമാക്കുന്നു കേന്ദ്രത്തിന് ഈ ഓഹരിവില്‍പ്പനയിലുള്ള ശ്രദ്ധയും പ്രതീക്ഷയും.
ഏറ്റവും വലിയ ഓഹരി വില്‍പ്പന
കഴിഞ്ഞ രണ്ട് വര്‍ഷമായി എല്‍ഐസി ഐപിഒ ലക്ഷ്യമിട്ടുള്ള സജീവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു കേന്ദ്രം. ധനകാര്യമന്ത്രി നിര്‍മല സീതാരാമനെ സംബന്ധിച്ചും ഐപിഒ നിര്‍ണായകമാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പനയാകും എല്‍ഐസിയുടേത്. 65 വര്‍ഷത്തെ പാരമ്പര്യം പേറുന്ന എല്‍ഐസിക്ക് ഏകദേശം 500 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്, കണക്കാക്കപ്പെടുന്ന മൂല്യമാകട്ടെ 203 ബില്യണ്‍ ഡോളറും. ലോകത്തിലെ ഏറ്റവും ലാഭക്ഷമതയുള്ള കമ്പനിയായിരുന്ന സൗദി അരാംകോയുടെ ഓഹരി വില്‍പ്പന പോലെ ആഗോള ശ്രദ്ധ ലഭിക്കുന്നു എല്‍ഐസിയുടെ ലിസ്റ്റിംഗിനും.
ഇന്ത്യയുടെ അരാംകോ നിമിഷമെന്നാണ് ആഗോള മാധ്യമങ്ങള്‍ ഈ ഓഹരിവില്‍പ്പനയെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഐല്‍ഐസിയുടെ ഐപിഒ ഇന്ത്യന്‍ ഓഹരി വിപണിയുടെ ശക്തി അളക്കുന്നത് കൂടിയായി മാറും, തീര്‍ച്ച. പരമ്പരാഗത സാമ്പത്തിക സങ്കല്‍പ്പങ്ങളെ തിരുത്തിയെഴുതാനായി സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന് പദ്ധതിയിട്ട ‘ഡിസ്റപ്ഷന്റെ’ ഭാഗമായിരുന്നു അരാംകോ ഐപിഒ. സൗദിയുടെ സാമ്പത്തിക രംഗത്തിന്റെ ഭാവിയെക്കൂടി ബാധിക്കുന്നതായിരുന്നു അത്. അത്ര സമാനമല്ലെങ്കിലും ഇന്ത്യന്‍ ഓഹരി വിപണിയുടെ മൂല്യവര്‍ധനയില്‍ സമാനതകളില്ലാത്ത കുതിപ്പിന് ആക്കം കൂട്ടാന്‍ എല്‍ഐസി ഐപിഒക്ക് സാധിച്ചേക്കും.
ലോക ശ്രദ്ധയില്‍ മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിപണി സൗഹൃദ നേതാവെന്ന പ്രതിച്ഛായ ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുന്നതാകും എല്‍ഐസി ഐപിഒ. ചെറിയൊരു ശതമാനം ഓഹരി വിറ്റ് ചുരുങ്ങിയത് 10 ബില്യണ്‍ ഡോളറെങ്കിലും സമാഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിന് വലിയ ആശ്വാസമാകും, പ്രത്യേകിച്ചും ബജറ്റ് കമ്മി ഉള്‍പ്പടെയുള്ള കാര്യങ്ങളുടെ പശ്ചാത്തലത്തില്‍. എല്‍ഐസി ഓഹരി വില്‍പ്പന നടന്നാല്‍ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ വലിയ രീതിയില്‍ മാറുമെന്നാണ് അടുത്തിടെ പ്രമുഖ നിക്ഷേപകനും ജെയിംസ് റോജേഴ്സ് ഹോള്‍ഡിംഗ്സ് ചെയര്‍മാനുമായ ജെയിംസ് ബീലാന്‍ഡ് റോജേഴ്സ് പറഞ്ഞത്. നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം ഓഹരി വിപണിക്ക് മികച്ച കാലമാണെന്ന് അഹല്യ ഫിന്‍ഫോറെക്സ് മേധാവി എന്‍ ഭുവനേന്ദ്രനും വ്യക്തമാക്കുന്നു. 2014 മുതല്‍ 2022 വരെ ഓഹരി വിപണിയിലെ റീറ്റെയ്ല്‍ നിക്ഷേപകരുടെ പങ്കാളിത്തത്തില്‍ ആ മാറ്റം പ്രകടമാണ്. ഓഹരി വിറ്റഴിക്കല്‍ പോലുള്ള കാര്യങ്ങള്‍ ഭാവിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കും ഭുവനേന്ദ്രന് പറയുന്നു.
വിജയകരമായാല്‍ ലോകത്ത് തന്നെ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ നടക്കുന്ന ഏറ്റവും വലിയ മൂന്നാമത്തെ ഓഹരി വില്‍പ്പനയാകും ഇത്. ഹോങ്കോംഗ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനിയായ എഐഎ ഗ്രൂപ്പ് ലിമിറ്റഡിന്റേതാണ് ഏറ്റവും വലിയ ഐപിഒ. ജപ്പാനിലെ ദായ് ഇചി ലൈഫ് ആണ് രണ്ടാം സ്ഥാനത്ത്.
ജനകീയം എല്‍ഐസി
എല്‍ഐസി എന്ന ബ്രാന്‍ഡിന്റെ ജനകീയത അവകാശപ്പെടാനാകില്ല മറ്റൊരു കമ്പനിക്കും. രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്താന്‍ ഈ സര്‍ക്കാര്‍ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. രാജ്യത്തുടനീളം 2,000 ശാഖകളും 100,000 ജീവനക്കാരും സ്ഥാപനത്തിനുണ്ട്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് ഭീമന് ഇതുവരെ നല്‍കിയിരിക്കുന്നതാകട്ടെ 286 മില്യണ്‍ പോളിസികളും. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് വിപണിയുടെ മൂന്നില്‍ രണ്ട് വിഹിതവും എല്‍ഐസിക്കാണ്. എസ്ബിഐ ലൈഫാണ് വിപിണിവിഹിതത്തില്‍ രണ്ടാമന്, മൂന്നാമത് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫും. വിപണിയിലെ മൃഗീയ വിഹിതം കൊണ്ടുതന്നെ ആഭ്യന്തര നിക്ഷേപകര്‍ക്കൊപ്പം വിദേശ നിക്ഷേപകര്‍ക്കും ആകര്‍ഷക ഓഹരിയായി എല്‍ഐസി മാറുന്നു.
ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലെ പുതിയ ബിസിനസ് പ്രീമിയത്തില്‍ എല്‍ഐസിക്കുള്ളത് 61.4 ശതമാനം വിപണി വിഹിതമാണ്. 2021 ഡിസംബര്‍ 31 വരെയുള്ള ഐആര്‍ഡിഎഐ കണക്കുകള്‍ പ്രകാരമാണിത്. മൊത്തം സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെയും വിപണി വിഹിതത്തേക്കാള്‍ 1.59 മടങ്ങ് വരുമിത്.
വിപണിക്ക് കരുത്തേകും
നേരത്തെ പറഞ്ഞ പോലെ ഇന്ത്യന്‍ ഓഹരി വിപണിക്ക് പുത്തന്‍ പ്രതിച്ഛായയ്ക്കൊപ്പം വലിയ കരുത്ത് കൂടി നല്‍കും എല്‍ഐസി ഐപിഒ. ഇന്ത്യയുടെ ഓഹരി വിപണികള്‍ക്ക് മാത്രമല്ല, സാമ്പത്തിക വളര്‍ച്ചയ്ക്ക് തന്നെ ഗുണകരമാണ് എല്‍ഐസി ഓഹരി വില്‍പ്പനയെന്നാണ് വിഖ്യാത നിക്ഷേപകന് മാര്‍ക്ക് മൊബിയസ് അടുത്തിടെ പറഞ്ഞത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്‍ഐസിയെപ്പോലുള്ള സ്ഥാപനങ്ങള്‍ ലിസ്റ്റ് ചെയ്യുന്നതിലൂടെ ഇന്ത്യന്‍ വിപണിയുടെ മൂല്യത്തില്‍ വലിയ വര്‍ധനവുണ്ടാകും. പെന്ഷന് ഫണ്ടുകള്‍ പോലുള്ള വലിയ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ താല്‍പ്പര്യം കൂടുകയും ചെയ്യും. പ്രത്യേകിച്ചും അടുത്ത കാലത്ത് ഐപിഒകളുടെ വസന്തകാലത്തിന് ഇന്ത്യന്‍ വിപണി സാക്ഷ്യം വഹിക്കുമ്പോള്‍.
2021ല്‍ മാത്രം 18 ബില്യണ്‍ ഡോളറാണ് ഐപിഒകളിലൂടെ ഇന്ത്യന്‍ കമ്പനികള്‍ സമാഹരിച്ചത്. ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ആപ്പായ സൊമാറ്റോയും ഡിജിറ്റല്‍ പണമിടപാട് സ്ഥാപനമായ പേടിഎമ്മുമെല്ലാം പോയ വര്‍ഷം ഐപിഒ നടത്തിയ പ്രധാന സ്റ്റാര്‍ട്ടപ്പുകളാണ്.
തന്ത്രപരമായ നീക്കം
എല്‍ഐസി ഐപിഒയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ ജനകീയനാകുമെന്നും ചില വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ ഐപിഒ നടന്നത് 2019ലായിരുന്നു. സമ്പന്നരായ വ്യക്തികളെ ഓഹരി വാങ്ങാന്‍ പ്രേരിപ്പിക്കുന്ന സമീപനമായിരുന്നു അന്ന് സൗദി അറേബ്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ മോദി സര്‍ക്കാര്‍ പരീക്ഷിക്കുന്നത് അല്‍പ്പം വ്യത്യസ്തവഴിയാണ്. എല്‍ഐസിയുടെ ഐപിഒ ഓഹരികളില്‍ 10 ശതമാനം രാജ്യത്തുടനീളമുള്ള പോളിസി ഉടമകള്‍ക്കായി നീക്കിവെക്കുന്ന രീതിയാണ് കേന്ദ്രം അനുവര്‍ത്തിച്ചിരിക്കുന്നത്. ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് എല്‍ഐസി ഓഹരി നല്‍കാനുള്ള തീരുമാനം രാഷ്ട്രീയപരമായും മോദിക്ക് ഗുണം ചെയ്തേക്കും. സമാനം തന്നെയാണ് എല്‍ഐസി ജീവനക്കാരുടേയും അവസ്ഥ. ഓഹരി വില്‍പ്പന വലിയ അവസരമാണ് തരുന്നത്
ഐപിഒയുടെ ഭാഗമായി എല്‍ഐസിയില്‍ മികച്ച മാറ്റങ്ങളാണുണ്ടാകുന്നത്. അതാവശ്യവുമായിരുന്നു. സ്ഥാപനം കൂടുതല്‍ പ്രൊഫഷണല്‍വല്‍ക്കരിക്കപ്പെടുന്നുണ്ട്. ജീവനക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാകണമെന്ന അവബോധവും മാനേജ്മെന്റ് നല്കുന്നു. ലിസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ ഓരോ പാദത്തിലും സാമ്പത്തിക ഫലങ്ങള്‍ പുറത്തുവിടണമെന്ന സാഹചര്യം വരുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം ഓരോ ജീവനക്കാരനിലേക്കും എത്തുംപേര് വെളിപ്പെടുത്താന്‍ തയാറാകാത്ത ഉദ്യോഗസ്ഥന് പറയുന്നു. ഓഹരി വില്‍പ്പനയില്‍ തീര്‍ച്ചയായും പങ്കാളിയാകുമെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ എല്ലാ പോളി ഉടമകളോടും എല്‍ഐസിയില്‍ നിക്ഷേപിക്കാന്‍ പറഞ്ഞുവരികയാണെന്ന് വെളിപ്പെടുത്തുന്നു എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഏജന്റായ ജീവന്. രാജ്യത്തുടനീളം എല്‍ഐസിക്കുള്ളത് 1.3 ദശലക്ഷം ഏജന്റുമാരാണ്.
കൂടുതല്‍ പേര് ഓഹരി വിപണിയിലേക്ക്
എല്‍ഐസിയുടെ ഓഹരി വില്‍പ്പന സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനികള്‍ക്കും വലിയ അവസരമാണ് ഒരുക്കുന്നത്. ഓഹരിയില്‍ നിക്ഷേപിക്കണമെങ്കില്‍ ഒരാള്‍ക്ക് ഡീമാറ്റ് എക്കൗണ്ട് നിര്‍ബന്ധമാണ്. പോളിസി ഉടമകള്‍ക്ക് 10 ശതമാനം ഓഹരി മാറ്റിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഇവരില്‍ ഡീമാറ്റ് എക്കൗണ്ട് ഇല്ലാത്തവര്‍ക്കെല്ലാം ഓഹരി വാങ്ങണമെങ്കില്‍ എക്കൗണ്ട് തുടങ്ങേണ്ടി വരും. ലിസ്റ്റ് ചെയ്യപ്പെടുന്നത് എല്‍ഐസി ആയതിനാല്‍ ഇതുവരെ ഓഹരി വിപണിയില്‍ ഇന്‍വെസ്റ്റ് ചെയ്യാത്ത ഒരുപാട് ആളുകള്‍ ഡീമാറ്റ് എക്കൗണ്ട് തുടങ്ങി ഐപിഒക്ക് അപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന് ബിസിനസ് വോയ്സിനോട് പറയുന്നു കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അര്‍ത്ഥ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ഉടമ ഉത്തര രാമകൃഷ്ണന്.
എല്‍ഐസി ഐപിഒയില്‍ പങ്കെടുക്കാന്‍ മാത്രമായി 1030 ലക്ഷം പുതിയ ഡീമാറ്റ് എക്കൗണ്ടുകളെങ്കിലും തുറക്കപ്പെടുമെന്നാണ് അടുത്തിടെ 5പൈസ.കോം എന്ന ഓണ്‍ലൈന്‍ ബ്രോക്കിംഗ് പ്ലാറ്റ്ഫോമിന്റെ സിഇഒ പ്രകാശ് ഗഗ്ദാനി പറഞ്ഞത്. നിലവില്‍ ആകെ എട്ട് കോടി ഡീമാറ്റ് എക്കൗണ്ടുകളാണുള്ളത്. എല്‍ഐസി പോളിസി ഉടമകള്‍ 25 കോടിയും. ഇതില്‍ ചെറിയൊരു ശതമാനം പേര് ഡീമാറ്റ് എക്കൗണ്ട് തുടങ്ങിയാല്‍ തന്നെ അത് വലിയ മാറ്റമുണ്ടാക്കും. ഇവര്‍ക്കായി എക്കൗണ്ട് ഓപ്പണിംഗ് പ്രക്രിയയും ഐപിഒയില്‍ പങ്കെടുക്കുന്ന പ്രക്രിയയും ലളിതവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനികള്‍.
കോവിഡ് കാലത്ത് ഡീമാറ്റ് എക്കൗണ്ടുകളില്‍ മികച്ച വര്‍ധനയാണുണ്ടായിക്കൊണ്ടിരിക്കുന്നത്. 202021 വര്‍ഷത്തില്‍ ഡീമാറ്റ് എക്കൗണ്ടുകളിലുണ്ടായത് 29 ശതമാനം വര്‍ധനയാണ്, 202122 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 37 ശതമാനമായി ഉയര്‍ന്നു. എല്‍ഐസി ഐപിഒയില്‍ പങ്കെടുക്കാന്‍ മാത്രമായി എല്‍ഐസി പോളിസി എടുക്കുന്ന പ്രവണതയും ഇപ്പോഴുണ്ടെന്ന് ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഐപിഒ കാലം
ഈ വര്‍ഷം നിരവധി കമ്പനികളാണ് എല്‍ഐസിക്ക് പുറമെ ഐപിഒയുമായി രംഗത്തെത്തുക. ഐപിഒ നടത്താനായി 35 കമ്പനികള്‍ക്ക് ഇതിനോടകം അനുമതി ലഭിച്ചുകഴിഞ്ഞു. 60,000 കോടി രൂപയായിരിക്കും ഇവര്‍ സമാഹരിക്കുക. ഐപിഒ നടത്താനായി 33 സ്ഥാപനങ്ങള്‍ സെബിക്ക് അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ്. ഈ കമ്പനികളും പദ്ധതിയിടുന്നത് ഏകദേശം 60,000 കോടി രൂപ സമാഹരിക്കാനാണ്. ഡെല്‍ഹിവെറി, ഡ്രൂം, മൊബിക്വിക്ക്, ഒയോ, ഫാമീസി, ഇക്സിഗോ, ബൈജൂസ്, ഫോക്സ്കോണ്‍ ഇന്ത്യ, ഫാബ് ഇന്ത്യ തുടങ്ങിയവയാണ് പട്ടികയിലെ ചില പ്രധാനികള്‍.
എപ്പോഴും ബുള്‍ മാര്‍ക്കറ്റിലാണ് ഐപിഒ വരികയെന്നും മികച്ച വാല്യുവേഷന് ലഭിക്കുമെന്നതാണ് പ്രധാന കാരണമെന്നും അഹല്യ ഫിന്‍ഫോറെക്സ് മാനേജിംഗ് ഡയറക്റ്റര്‍ എന്‍ ഭുവനേന്ദ്രന് ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഐപിഒ കുതിപ്പ് സാമ്പത്തികരംഗത്തെ സംബന്ധിച്ചിടത്തോളം മികച്ച സൂചനയാണെന്നും അദ്ദേഹം.
പോയ വര്‍ഷം ഐപിഒകളുടെ വസന്തകാലത്തിന്റെ തുടക്കമായിരുന്നു. രണ്ട് പതിറ്റാണ്ടിനിടെ ഐപിഒ വിപണിയിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു 2021. 1.2 ലക്ഷം കോടി രൂപയിലധികമാണ് പ്രഥമ ഓഹരി വില്‍പ്പനയിലൂടെ കമ്പനികള്‍ സമാഹരിച്ചത്. മൊത്തത്തില്‍ 65 ഐപിഒകളാണ് 2021ല്‍ നടന്നത്. ഇതില്‍ 45 കമ്പനികള്‍ പോസിറ്റീവ് നേട്ടം നല്കിയപ്പോള് 20 കമ്പനികള്‍ നെഗറ്റീവ് റിട്ടേണ്‍ നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: