ന്യൂദല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി, ഇതു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി പഠിക്കാന്‍ നിയമക്കമ്മിഷനെ ചുമതലപ്പെടുത്തിയതായി കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു ലോക്‌സഭയില്‍ പറഞ്ഞു.
ഉചിതമായ ശിപാര്‍ശ നല്കാന്‍ കേന്ദ്രം 21-ാം നിയമക്കമ്മിഷന് നിര്‍ദേശം നല്കിയിരുന്നു. എന്നാല്‍ 21-ാം കമ്മിഷന്റെ കാലാവധി 2018 ആഗസ്ത് 31ന് അവസാനിച്ചു. അതിനാല്‍ 22-ാം ലോ കമ്മിഷനാകും വിഷയം പഠിക്കുകയെന്നും റിജിജു ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്ക് രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കോടതികളില്‍ നിന്നും പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നും കേന്ദ്രത്തിന് നിര്‍ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്തും വിവിധ സമുദായങ്ങളെ നിയന്ത്രിക്കുന്ന വ്യക്തി നിയമങ്ങളിലെ വ്യവസ്ഥകളെക്കുറിച്ച് ആഴത്തിലുള്ള പഠനം ആവശ്യമായതിനാലുമാണ് ലോ കമ്മിഷന് കൈമാറിയത്. പൗരന്മാര്‍ക്ക് ഏകീകൃത സിവില്‍ കോഡ് ഉറപ്പാക്കാന്‍ ശ്രമിക്കണമെന്ന് ഭരണഘടനയുടെ 44-ാം അനുച്ഛേദം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും റിജിജു പറഞ്ഞു.
2016 ജൂണിലാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ആദ്യമായി 21-ാം ലോ കമ്മിഷനെ സമീപിച്ചത്. ലിംഗ നീതിയും സമത്വവും കൊണ്ടുവരാന്‍ വിവിധ കുടുംബ നിയമങ്ങളില്‍ വിപുലമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന 185 പേജുള്ള റിപ്പോര്‍ട്ട് കമ്മിഷന്‍ തയ്യാറാക്കിയിരുന്നു. 2014ലെ പ്രകടന പത്രികയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് ബിജെപി വാഗ്ദാനം നല്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: