ലഖ്നൗ: ഉത്തര്‍പ്രദേശിലെ മുന്‍ സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും തന്നെ ചെയ്തില്ലെന്നും അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കിയിരുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അവര്‍ക്ക് സംസ്ഥാനം കൊള്ളയടിക്കാനും ജനങ്ങളെ ദ്രോഹിക്കാനും മാത്രമായിരുന്നു താല്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ വികസനത്തിന് വേണ്ടിയാണ് ആഗ്രഹിക്കുന്നതെന്നും, വികസനമാണ് ഉത്തര്‍പ്രദേശിന്റെ ഏറ്റവും വലിയ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ‘മുന്‍പ് സംസ്ഥാനത്തില്‍ അധികാരത്തിലിരുന്നവര്‍ ജനങ്ങളുടെ വിശ്വാസത്തെയോ ആവശ്യങ്ങളെയോ പരിഗണിച്ചിരുന്നില്ല. ഉത്തര്‍പ്രദേശ് കൊള്ളയടിക്കുക എന്നതുമാത്രമായിരുന്നു അവരുടെ അജണ്ട,’ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പണത്തിന്റെയും വര്‍ഗീയതയുടെയും മസില് പവറിന്റെയും മാത്രം രാഷ്ട്രീയം കൈമുതലാക്കിയവര്‍ എന്തുതന്നെ ചെയ്താലും പൊതുസമൂഹത്തിന്റെ സ്നേഹമോ വിശ്വാസമോ ലഭിക്കില്ലെന്ന് യു.പിയിലെ ജനങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ സേവകകര്‍ക്ക് മാത്രമേ അവരുടെ അനുഗ്രഹം ലഭിക്കയെന്നും മോദി പരിപാടിയില്‍ പറഞ്ഞു.
ശക്തമായ മത്സരമാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. അഖിലേഷ് യാദവ് നേതൃത്വം നല്കുന്ന സഖ്യവും ബി.ജെ.പിയും തമ്മിലാണ് പ്രധാനമായും ഉത്തര്‍പ്രദേശില്‍ നേര്‍ക്കുനേര്‍ മത്സരം നടക്കുന്നത്. ഉത്തര്‍പ്രദേശിലെ 403 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടമായാണ് നടക്കുന്നത്. അഖിലേഷ് യാദവ് മത്സരിക്കുന്ന കര്‍ഹാല്‍ മണ്ഡലത്തില്‍ മൂന്നാം ഘട്ടമായ ഫെബ്രുവരി 20നും യോഗി മത്സരിക്കുന്ന ഗൊരഖ്പൂരില്‍ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടമായ മാര്‍ച്ച് മൂന്നിനുമാണ് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: