തിരുവനന്തപുരം : ഒന്നാം പിണറായി സര്‍ക്കാര്‍ സെക്സും സ്റ്റണ്ടും നിറഞ്ഞ സിനിമയായിരുന്നെന്ന് സ്വപ്നയുടെ വെളിപ്പെടുത്തലുകളില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി കെ. മുരളീധരന്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കേ എം. ശിവശങ്കര്‍ നടത്തിയ യാത്രകളില്‍ പലതും ഔദ്യോഗികമായിരുന്നില്ല. കോണ്‍ഗ്രസ്സിന്റെ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നതെന്നും മുരളീധരന് അറിയിച്ചു.
മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് സ്വര്‍ണക്കള്ളക്കടത്ത് നടന്നത്. കേസിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും പിണറായി വിജയന് ഒഴിഞ്ഞുമാറാനാവില്ല. ഇത്രയും സംഭവങ്ങള്‍ നടന്നിട്ട് മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെങ്കില്‍ ആ പദവിയില്‍ തുടരാന്‍ അദ്ദേഹം അര്‍ഹനല്ലെന്നും മുരളീധരന് പറഞ്ഞു.
ലൈഫ് പദ്ധതിയില്‍ കമ്മിഷന് വാങ്ങി എന്നത് സ്വപ്ന തന്നെ വെളിപ്പെടുത്തിയല്ലോ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. ഇത്രയും മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയില്ലേ സര്‍ക്കാര്‍ അനുമതി ഇല്ലാതെ പുസ്തകം എഴുതാന്‍ പാടില്ലെന്ന്. പുസ്തകം തന്നെ ഒരു അഴിമതിയാണ്. ഉന്നത പദവിയിലിരിക്കേ താന്‍ നടത്തിയ അഴിമതികള്‍ക്ക് വെള്ള പൂശാനുള്ള ശ്രമമാണ് നടത്തിയത്.
അതേസമയം കേസില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിന്റെ പങ്ക് അന്വേഷിക്കണമെന്നും എംപി ആവശ്യപ്പെട്ടു. എംപി മാര്‍ക്ക് പോലും വിദേശ എംബസികളുമായി ബന്ധപ്പെടാന്‍ പാടില്ല. അങ്ങനെയിരിക്കേ യുഎഇ കോണ്‍സുല്‍ ജനറലുമായി മന്ത്രിക്ക് എന്താണ് ബന്ധമാണ് ഉണ്ടാവാനുള്ളത്. വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: