തിരുവനന്തപുരം: സര്‍ക്കാരിന്റെ അനുമതിയില്ലാതെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പുസ്തകമെഴുതിയത് പിണറായി സര്‍ക്കാരിനെ കുരുക്കി. പുസ്തകം പുറത്തുവന്ന ഉടനെ അതിനെതിരേ സ്വപ്ന സുരേഷ് പ്രതികരിക്കുകയും പല കാര്യങ്ങളും തുറന്നടിക്കുകയും ചെയ്തു. ഇത് സര്‍ക്കാരിനെ തെല്ലൊന്നുമല്ല അലട്ടുന്നത്. സ്വര്‍ണക്കടത്തു കേസും അതില്‍ സര്‍ക്കാരിനുള്ള പങ്കും പൂര്‍വാധികം കരുത്തോടെ പുറത്തുവന്നു. മാത്രമല്ല, അനുവാദമില്ലാതെ പുസ്തകമെഴുതിയതിന് ശിവശങ്കറിനെതിരേ നടപടി എടുക്കേണ്ടതായും വരും.
കോടതിയുടെ പരിഗണനയിലിരിക്കുന്ന സ്വര്‍ണക്കടത്തു കേസിനെക്കുറിച്ചാണ് പുസ്തകത്തില്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേയുള്ള രൂക്ഷവിമര്‍ശനവും ഇതിലുണ്ട്. അഖിലേന്ത്യ സര്‍വീസ് ചട്ടപ്രകാരം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പുസ്തകരചന നടത്തുന്നതില്‍ നിയന്ത്രണങ്ങളുണ്ട്.
എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ വിശ്വസ്തനായതിനാലും കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ വിമര്‍ശനം ഉന്നയിക്കുന്നതിനാലും ശിവശങ്കറിനെ ചേര്‍ത്തുപിടിക്കണമെന്ന ശക്തമായ അഭിപ്രായം സിപിഎമ്മില്‍ ഒരു വിഭാഗത്തിനുണ്ട്.
മുന്‍ ഡിജിപി ജേക്കബ് തോമസ് മുന്‍കൂര്‍ അനുമതിയില്ലാതെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന് അനുമതിയില്ലാതെയാണ് എഴുതിയതെന്നും സര്‍വീസ് ചട്ടലംഘനമുണ്ടെന്നും ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പുസ്തകമെഴുതാന്‍ ജേക്കബ് തോമസ് 2016ല്‍ അനുമതി ചോദിച്ചിരുന്നു. എന്നാല്‍, ഉള്ളടക്കം നല്‍കണമെന്ന് അന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും നല്‍കിയിരുന്നില്ല. വിപണിയില്‍ ലഭ്യമായ പുസ്തകം പരിശോധിച്ചാണു ചട്ടലംഘനം കണ്ടെത്തിയത്. ഉള്ളടക്കം തിരുത്തിയ ശേഷം മാത്രമേ പുസ്തകത്തിന് അനുമതി നല്കാന് പാടുള്ളൂവെന്നും അന്ന് നളിനി നെറ്റോ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. സര്‍വീസ് ചട്ടലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ എംഎല്‍എ കെ.സി. ജോസഫ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. ഇതേ നടപടികള്‍ ശിവശങ്കറിനെതിരേയും കൈക്കൊള്ളാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക്, ശബ്ദരേഖ വ്യാജമായി സൃഷ്ടിച്ചതാണെന്ന വെളിപ്പെടുത്തല്‍, ശിവശങ്കര്‍, കെ.ടി. ജലീല്‍, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് എന്നിവരുമായി ആഴത്തിലുള്ള ബന്ധം എന്നിവയെല്ലാം സ്വപ്ന വിശദമായി വെളിപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയും സര്‍ക്കാരും വളരെ കഷ്ടപ്പെട്ട് മൂടിവച്ചവയാണ് പൊടുന്നനെ കെട്ടുപൊട്ടിച്ച് പുറത്തുചാടിയത്.
പാര്‍ട്ടിയില്‍ ഇത് വലിയ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലുകളെ ന്യായീകരിക്കാനും പ്രതിരോധിക്കാനും ഇനിയും എത്രയേറെ ചെയ്യേണ്ടി വരുമെന്നാണ് സൈബര്‍ സഖാക്കളുടെ സങ്കടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: