ന്യൂദല്‍ഹി: മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദിനെയും മനീഷ് തിവാരിയെയും പഞ്ചാബിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്ന് കോണ്‍ഗ്രസ് വെട്ടി. കഴിഞ്ഞ ദിവസം പുറത്തുവിട്ട താരപ്രചാരകരായ 30 പേരുടെ ലിസ്റ്റില്‍ ഇവരുടെ പേരില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സമൂല മാറ്റങ്ങള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സോണിയയ്ക്ക് കത്തെഴുതിയ ജി23 വിമതനേതാക്കളില്‍ ഉള്‍പ്പെടുന്നവരാണ് ഗുലാം നബി ആസാദും മനീഷ് തിവാരിയും.
പദ്മഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹനായതാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഗുലാം നബി ആസാദിനെ പട്ടികയില്‍ നിന്ന് പുറത്താക്കാന്‍ കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ പഞ്ചാബിലുണ്ടായ സുരക്ഷാവീഴ്ചയില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചതാണ് മനീഷ് തിവാരി എംപിയെ അകറ്റിനിര്‍ത്താനുള്ള കാരണം.
പദ്മഭൂഷണ്‍ പുരസ്കാരം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് പുറത്തിറക്കിയ ഉത്തര്‍പ്രദേശിലേക്കുള്ള താരപ്രചാരകരുടെ ലിസ്റ്റില്‍ ഗുലാം നബി ആസാദിനെ ഉള്‍പ്പെടുത്തിയിരുന്നു. അതിനുശേഷം പുറത്തിറക്കിയ ലിസ്റ്റില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയതിലൂടെ പദ്മഭൂഷണ്‍ പുരസ്കാരമാണ് അദ്ദേഹത്തിനെതിരെയുള്ള നീക്കത്തിന് കാരണമെന്ന് വ്യക്തമായി.
രാജ്യസഭയിലെ കാലാവധി പൂര്‍ത്തിയായി ഗുലാം നബി ആസാദ് പിരിഞ്ഞുപോകുന്ന ദിവസം പ്രധാനമന്ത്രി മോദി അദ്ദേഹത്തെക്കുറിച്ച് നടത്തിയ പ്രസംഗവും കോണ്‍ഗ്രസ് നേതൃത്വത്തെ അസ്വസ്ഥമാക്കിയിരുന്നു. ഇതും ഹൈക്കമാന്‍ഡിന് ഗുലാം നബി ആസാദിനോടുള്ള എതിര്‍പ്പിന് കാരണമായിരുന്നു.
തന്റെ പേര് പട്ടികയില്‍ ഇടംപിടിച്ചിരുന്നെങ്കില്‍ താന്‍ ആശ്ചര്യപ്പെടുമായിരുന്നുവെന്നും ഒഴിവാക്കാനുള്ള കാരണം സംസ്ഥാന രഹസ്യമല്ലെന്നും മനീഷ് തിവാരി പ്രതികരിച്ചു. നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങാണ് ലിസ്റ്റിലെ ഒന്നാമന്, സോണിയ, രാഹുല്‍, പ്രിയങ്ക വാദ്ര തുടങ്ങിയവരാണ് ലിസ്റ്റില്‍ പിന്നാലെയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: