ബെംഗളൂരു : ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നത് സമത്വത്തേയും അഖണ്ഡതയേയും ബാധിക്കും. ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നത് മൗലികാവകാശ ലംഘനമല്ലെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ക്രമസമാധാനത്തെ തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തരുതെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
1983ലെ വകുപ്പുകള്‍ പ്രകാരം ക്ലാസ് മുറിയില്‍ ഹിജാബ് പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തുന്നത് ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശങ്ങളിലുള്ള ലംഘത്തിന്റെ പരിധിയില്‍ വരില്ല. കോളജ്, സ്കൂള്‍ ഡെവലപ്മെന്റ് കമ്മിറ്റി തീരുമാനിച്ച വസ്ത്രങ്ങള്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ ധരിക്കാവൂവെന്നാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്.
കൂടാതെ കര്‍ണാടക വിദ്യാഭ്യാസ നിയമ പ്രകാരം എല്ലാ വിദ്യാര്‍ത്ഥികളും യൂണിഫോം നിര്‍ബന്ധമായും ധരിക്കണം. സ്വകാര്യ സ്കൂളുകള്‍ക്ക് അവര്‍ തിരഞ്ഞെടുത്ത യൂണിഫോം ധരിക്കാന്‍ ആവശ്യപ്പെടാം. എന്നാല്‍ ഈ തെരഞ്ഞെടുക്കുന്ന വസ്ത്രം സമത്വം, അഖണ്ഡത, ക്രമസമാധാനം എന്നിവ ഹനിക്കുന്നതാവരുതെന്നും നിയമത്തില്‍ പറയുന്നുണ്ട്.
സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ സ്കൂളുകളിലും കോളേജുകളിലും വരുന്നത് അറിവ് നേടാന്‍ മാത്രമാണെന്നും മതം പഠിക്കാനോ പ്രചരിപ്പിക്കാനോ ആയിരിക്കരുതെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും പ്രതികരിച്ചു. സ്കൂളുകളിലും കോളേജുകളിലും കുട്ടികള്‍ ഹിജാബും കാവി ഷാളും ധരിക്കരുത്. ഇക്കാര്യത്തില്‍ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന മതസംഘടനകളെ നിരീക്ഷിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
എല്ലാ വിദ്യാര്‍ത്ഥികളും ഒരുമിച്ചു പഠിക്കേണ്ട സ്ഥലമായതിനാല്‍ ആരും തങ്ങളുടെ മതം പ്രചരിപ്പിക്കാന്‍ സ്കൂളില്‍ വരരുതെന്ന് അദ്ദേഹം പറഞ്ഞു. ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീയൂണിവേഴ്സിറ്റി കോളേജില്‍ ചില വിദ്യാര്‍ത്ഥികള്‍ ഹിജാബ് (ഇസ്ലാമിക ശിരോവസ്ത്രം) ധരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്നാണ് ഈ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: