ഭീഷ്മന്‍ ദുര്യോധനനോടായി പറഞ്ഞു, ”ഇന്ന് പാണ്ഡവ വമ്പട എന്റെ വമ്പടയെ പായിക്കുന്നു. ഈ മഹാരഥന്മാരെല്ലാരും കൊല്ലുന്ന എന്റെ പടയ്‌ക്ക് ഇനി നിന്നെ തീര്‍ക്കാന്‍ ഞാന്‍ മറ്റു വഴി കാണുന്നില്ല. പീഡയേറ്റവര്‍ക്ക് നീ ഗതിയേകണം.”ഇത്രയും പറഞ്ഞുകൊണ്ട് നിന്റെ അച്ഛന്‍ ശന്തനുനന്ദനന്‍ ദുര്യോധനനോടായി വീണ്ടും പറഞ്ഞു, ”ദുര്യോധനാ! സ്ഥൈര്യം വിടാതെ കേള്‍ക്കുക. പതിനായിരം മാന്യരായ രാജാക്കന്മാരെ കൊന്നാലേ ഞാന്‍ യുദ്ധത്തില്‍നിന്നു പിന്‍വലിയൂ എന്നു ഞാന്‍ നിന്നോട് സത്യം ചെയ്തിട്ടുണ്ട്. ഇതാ ഞാന്‍ ചെയ്തിരിക്കുന്നു. കൊല്ലപ്പെട്ടു ഞാന്‍ വീഴ്കയോ പാണ്ഡവരെ കൊല്ലുകയോ ചെയ്ത് ഇന്നും ആ വമ്പിച്ച കര്‍മ്മം ചെയ്തു നിന്റെ കടം ഞാന്‍ തീര്‍ത്തുവെക്കുന്നു. സ്വാമിച്ചോറിന്റെ പാട് ഭൂപ! പടത്തലയില്‍ വീഴുന്നു.” എന്നു പറഞ്ഞുകൊണ്ട് ആ ദുര്‍ധര്‍ഷനായ ഭീഷ്മന്‍ പാണ്ഡവര്‍ക്കുള്ള സേനയില്‍ ചെന്നു കേറി. സൈന്യമദ്ധ്യത്തില്‍ എത്തിയ, പാണ്ഡവര്‍ ചൊടിച്ച പാമ്പിനെപ്പോലെ നിന്ന ഭീഷ്മനെ, പാണ്ഡുയോദ്ധാക്കളിലാര്‍ക്കും നോക്കുവാന്‍പോലുമായില്ല.
പലതായിപ്പൊരുതുന്നേരം ഭീഷ്മന്‍ മേഘങ്ങള്‍ ചുറ്റുന്ന മേരുപര്‍വതം പോലെ കാണപ്പെട്ടു. ഉയര്‍ന്ന പെരുമ്പടയോടൊപ്പം യുദ്ധവും മുഴുത്തു. പോരിലെ ഭീഷ്മവിക്രമം കണ്ട അര്‍ജുനന്‍ ശിഖണ്ഡിയോടു പിതാമഹനെ വീഴ്‌ത്തുവാന്‍ പറഞ്ഞു. ”നീ ഇപ്പോള്‍ ഭീഷ്മനെ പേടിക്കേണ്ടതില്ല. ഞാന്‍ ഇവനെ തേരില്‍നിന്നു കൂര്‍ത്തമൂര്‍ത്ത അമ്പെയ്തു വീഴ്‌ത്താം.”എന്നു പാര്‍ത്ഥന്‍ പറഞ്ഞപ്പോള്‍ ശിഖണ്ഡി ഭീഷ്മനോട് അതിഘോരമേറ്റു. പാണ്ഡവപ്പടയിലെ മഹാരഥന്മാര്‍ എല്ലാവരും ഭീഷ്മനോടേല്‍ക്കുമ്പോള്‍ അതുകണ്ട കൗരവപ്പടയും പാണ്ഡവരോടെതിര്‍ത്തു. സഞ്ജയന്‍ ധൃതരാഷ്‌ട്രരോട് പറഞ്ഞു, ”ശിഖണ്ഡിയെ മുന്‍നിര്‍ത്തിക്കൊണ്ട് പാണ്ഡവര്‍ തിമിര്‍ക്കെ പാര്‍ത്ഥന്റെ അമ്പിനാലെ വില്ലുമുറിഞ്ഞുപോയ ഭീഷ്മന്‍ അതി ക്രുദ്ധനായി അര്‍ജുനന്റെ നേര്‍ക്ക് മലപോലും പിളര്‍ക്കുന്ന ഒരു വേല് എടുത്തെറിഞ്ഞു. ജ്വലിക്കുന്ന ഉടവാള്‍പോലെ എത്തുന്ന വേലുകണ്ട് അര്‍ജുനന്‍ അഞ്ചമ്പെയ്ത് ആ വേലിനെ അഞ്ചായിമുറിച്ചിട്ടു. മേഘത്തില്‍നിന്നു വീഴുന്ന ഇടിമിന്നല്‍പോലെ വേലുമുറിയുന്നതുകണ്ട് ഭീഷ്മന്‍ ക്രോധംകൊണ്ട് ആര്‍ത്തുവിളിച്ചു, ”ഞാന്‍ ഒരു വില്ലുകൊണ്ട് പാണ്ഡവസേനയെ മുഴുവന്‍ മുടിക്കാന്‍ പോന്നവനാണെ”ന്നു വിളിച്ചു പറഞ്ഞു. ”എങ്കിലും ഞാന്‍ പാണ്ഡവരെ കൊല്ലുന്നില്ല. സ്വച്ഛന്ദമരണവും പോരില്‍ അവദ്ധ്യത്വവും എന്റെ അച്ഛന്‍ എനിക്കു തന്നു. എന്നാല്‍ എനിക്ക് ഇന്നു മൃത്യുകാലമാണെന്ന് ഞാന്‍ ഓര്‍ക്കുന്നു.” ഇപ്രകാരം ഓജസ്സിയാകുന്ന ഭീഷ്മന്‍ ഉറച്ചെന്നു അറിഞ്ഞയുടനെ വസുതാപസര്‍ ആകാശത്തുനിന്ന് ഭീഷ്മനോട് പറഞ്ഞു, ”ഉണ്ണീ! നീ നിശ്ചിയിച്ചത് ഞങ്ങള്‍ക്കും ഇഷ്ടമാണ്. മഹാരാജ! രണോദ്യമം പിന്‍വലിക്കുക.” ഈ വാക്കുകളോടൊപ്പം മൃദുജലകണങ്ങളോടെ മംഗളാനിലന്‍ അനുകൂലമായ സുഗന്ധത്തോടെ വന്നുചേര്‍ന്നു. ദേവദുന്ദുഭി മഹാശബ്ദത്തോടെ മുഴങ്ങി. ഭീഷ്മന്റെ മേല്‍ പുഷ്പവൃഷ്ടി വന്നുവീണു. വീരനാകുന്ന ഭീഷ്മനും ഋഷിതേജസ്സുകൊണ്ട് ഞാനുമല്ലാതെ മറ്റാരും അതു കേട്ടില്ല.”
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: