മകരത്തില്‍ മാവുകള്‍ പൂത്തുലഞ്ഞു നില്ക്കേണ്ടതാണ്. പ്ലാവുകളില്‍ ചക്ക’വീഴേണ്ട’താണ്. മകരമഞ്ഞില്‍ മാമ്പൂകരിഞ്ഞെന്ന പതംപറച്ചില്‍ വീട്ടമ്മമാരില്‍ നിന്ന് കേള്‍ക്കേണ്ടതാണ്. എം. ഗോവിന്ദന് കവിതയിലെഴുതി, ”മാവുകള്‍ പൂത്തപ്പോള്‍ മാളിക വീട്ടിലെ മാലതിമോള്ക്കെന്തേ മൗഢ്യഭാവം” എന്ന്. ഇപ്പോള്‍ മാവുപൂക്കാത്തതില് മൗഢ്യം കൊള്ളുന്നവരുടെ കാലമാണ്.
ചക്കയുത്സവം നടത്തിയവര്‍ പോലും കഴിഞ്ഞ ഒന്നുരണ്ടുവര്ഷത്തിലെ ചക്കയുടെ ധാരാളിത്തത്തിന്റെ ‘ആറാട്ടും’ ‘പൂര’വും കണ്ട് അമ്പരന്നു.’ചക്കകൊണ്ടുതന്നെയോ മോരും?’ എന്ന് കറികളിലെ ചക്കസാന്നിധ്യത്തെ പരിഹസിച്ചുള്ള ചൊല്ല് മധ്യതിരുവിതാംകൂറിലുണ്ട്. ചക്കയും മാങ്ങയും അതതുകളുടെ സീസണില്‍ ഇല്ലാതാകുന്നത് എന്തിന്റെയെങ്കിലും സൂചനയാണോ. ആണെന്നു വേണം കരുതാന്‍.
കനത്ത മഴയും വെള്ളപ്പൊക്കവും അങ്ങനെ പ്രളയവുമനുഭവിച്ച കേരളത്തിന്റെ ഈ മകരമാസത്തെ കാലാവസ്ഥ ആകെ അമ്പരപ്പിക്കുന്നതും ആലോചിപ്പിക്കുന്നതുമാണ്. ‘മഴയെല്ലാം പെയ്തൊഴിയുന്നേ, മകരം മഞ്ഞു പൊഴിയുന്നേ’ എന്ന അയ്യപ്പഭക്തിഗാനങ്ങള്‍, മൂടിക്കിടക്കുന്ന മഞ്ഞ് പയ്യെപ്പയ്യെ ആവിയാകുന്ന പ്രഭാതത്തില്‍, കാറ്റിന്റെ ചലനത്തിനനുസരിച്ച് അടുത്തായും അകലേക്ക് പോകുന്ന പാട്ടിന്റെ ഊഞ്ഞാലാട്ടമോ എന്ന് തോന്നിപ്പിച്ച് കേട്ടിരുന്ന കാലം.’മഞ്ഞുകാലം’ എന്ന ചെറുശ്ശേരി ഗാഥയിലെ വരികള്‍ സ്കൂള്‍ പാഠപുസ്തകം നോക്കി കാണാതെ പഠിച്ച് മൂളിക്കൊണ്ടു നടന്ന കാലം, ആ മകരക്കാലം കടന്നു പോകുമ്പോള്‍ ‘മഞ്ഞെവിടെ മക്കളേ’ എന്ന് കവി ചോദിക്കുന്നതുപോലെ തോന്നിയാല്‍ അതിശയിക്കേണ്ട. പറഞ്ഞുവരുന്നത് മാറിപ്പോയ നമ്മുടെ ഋതുക്രമത്തെക്കുറിച്ചാണ്.
കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ദല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിമാന സര്‍വീസ് മുടങ്ങുന്ന വാര്‍ത്തകള്‍ ഇത്തവണ നമ്മള് അധികം വായിച്ചില്ല. ട്രെയിന്‍ സര്‍വീസിന്റെ കാര്യവും അങ്ങനെതന്നെ. ഈ കുറിപ്പെഴുതുമ്പോള്‍ ന്യൂദല്‍ഹിയില്‍ തലേന്ന് മൂടല്‍ മഞ്ഞ് വ്യാപിച്ച വാര്‍ത്ത പത്രത്തില്‍ കാണുന്നു. ഡിസംബര്‍ മുതല്‍ ഫെബ്രുവരി പകുതിവരെ മുമ്പ് പതിവായിരുന്ന വാര്‍ത്ത. ഡിസംബര്‍ 27 ലെ ഒരു സന്ധ്യയില്‍, 20 വര്‍ഷം മുമ്പ്, ദല്‍ഹി രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിക്കുന്ന സാഹസികവൃത്തികളെ അനുസ്മരിപ്പിക്കും വിധം ദല്‍ഹി രാജ്പഥ് കുറുകെക്കടന്ന് ഇന്ത്യാ ഗേറ്റ് ചുറ്റിപ്പോയ യാത്രയാണ് മഞ്ഞുകാലത്തെ അതിശയിപ്പിക്കുന്ന ഓര്മ. ബൈക്കിന് മുന്നില്‍ ബീഡിക്കുറ്റി എരിയുന്നതുപോലെ ഒരു ചുവപ്പുനിറം മാത്രമായിരുന്നു കാണാനുണ്ടായിരുന്നത്. അത്രമാത്രം ‘വിസിബിലിറ്റി’ ഇല്ലാതായിരുന്നു. ഇപ്പോള്‍ ദല്‍ഹിക്കാര്‍ക്കും അത്തരം കാഴ്ചകളില്ല.
കാലാവസ്ഥ മാറുന്നുവെന്നു പറയുകയായിരുന്നു. പകലത്തെ ചൂടും കൂടുന്നു. പകലും രാത്രിലും ചൂട്, പുലര്‍ച്ചെ തണുപ്പ്, പേടിപ്പിച്ച് കൊറോണയും. ചുമയും ഏത് അസ്വസ്ഥതകളും ആദ്യം ആധിയാകുന്നു, പിന്നീട് വ്യാധിയും. കാലാവസ്ഥയിലെ ഈ മാറ്റത്തിന്റെ അടയാളങ്ങള്‍ മുന്നറിയിപ്പുകളാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ കടുത്ത വേനലും വരള്‍ച്ചയും കരുതിയിരിക്കാനുള്ള ആഹ്വാനങ്ങള്‍ വന്നുതുടങ്ങി. വെള്ളത്തിന് വിഷമിക്കുന്ന കാലം വരുന്നുവെന്നാണ് മുന്നറിയിപ്പുകള്‍.
മഴവെള്ളം ഇല്ലാതാകും. കുടിവെള്ളം മുട്ടും. പുഴകള്‍ വറ്റും. ജലജന്യ രോഗങ്ങള്‍ വര്‍ധിക്കും. ആകെ അവതാളത്തിലാകും. കൊവിഡ് വായുവിലക്കിയതുപോലെ വേനല്‍ വെള്ളം വിലക്കുമെന്നുവരെ താക്കീതു നല്കാന് സ്വകാര്യ സംഭാഷണത്തില്‍ കാലാവസ്ഥാ വ്യതിയാനം പഠിക്കുന്നവര്‍ പറയുന്നു. ഇതിന്പുറമേ തീപ്പിടിത്തങ്ങള്‍ വ്യാപകമായി നിത്യ സംഭവമാകാമെന്ന താക്കീതുമുണ്ട്.
ഇത് പരസ്യമായ ഔദ്യോഗിക മുന്നറിയിപ്പായി വരാന്‍ ഇനിയും കാലമെടുത്തേക്കാം. മഴക്കാലപൂര്‍വ ശുചീകരണം മഴ കനക്കുമ്പോള്‍ നടത്തുന്നതും മഴക്കാല കെടുതി നമ്മുടെ ജീവിതത്തെ കെടുത്തുന്നതുമാണല്ലോ നമ്മുടെ പതിവ്. ആസൂത്രണത്തിലെ സൂത്ര വിദ്യകളല്ല, കൃത്യമായ സൂത്രവാക്യങ്ങളേ നമ്മെ രക്ഷിക്കൂ എന്ന് അക്കാര്യത്തില്‍ ഇനിയും നാം പഠിച്ചിട്ടില്ലാത്തതുപോലെ വരള്‍ച്ചക്കാലത്തെ അതിജീവിക്കാനും നമുക്ക് ആസൂത്രണമില്ല എന്നതാണ് സത്യം.
ഒരിക്കല്‍ ഒരു ഡോക്ടറുടെ വീട്ടിലെ രോഗ പരിശോധനാകേന്ദ്രത്തില്‍ നില്‍ക്കെ രണ്ടുപേര്‍ സംസാരിക്കുന്നത് ശ്രദ്ധിച്ചു. ഒരാള്‍: ഈ സ്ഥലം വെറുതേ പുല്ലുനട്ടുകളയാതെ കടമുറികള്‍ കെട്ടിയിട്ടാല്‍ വാടകയെത്ര കിട്ടും? മറ്റേയാള്‍: ഇത് വെറും പുല്ലല്ല, വളര്‍ത്തുന്നതാണ്. പൂച്ചെടികളാണ് ഈ കാണുന്നത്. വലിയ പൈസ കൊടുത്ത് നിര്‍മിച്ച പൂന്തോട്ടമാണ്. ഡോക്ടര്‍ പ്രകൃതി സംരക്ഷണ പ്രവര്ത്തകന് കൂടിയാണ്. ആദ്യന്‍: പിന്നേ, ചെടിനട്ടല്ലേ പ്രകൃതിയുണ്ടാക്കുന്നത്. അപരന്: വീട്ടിനുള്ളിലും പുറത്തും ചൂടു കുറയും. ആദ്യന്‍: ഒവ്വ. നമ്മുടെ കാശ് കിട്ടുന്നത് എങ്ങനെ ചെലവാക്കണമെന്നറിയാതെ കളയുകയാണ്. തണുപ്പുകിട്ടാന്‍ പുല്ല്, ഞാന്‍ ആദ്യം കേള്‍ക്കുകയാണ്…
അതി സാധാരണക്കാരന്റെ സംസാരം കേട്ട് നമുക്ക് സംസാര ദുഃഖം കൂടിയേക്കാം. എന്നാല്‍, അതിന്റെ എത്ര മടങ്ങ് ദുഃഖഭാരം നമ്മള് താങ്ങേണ്ടിവരും ഈ ദുശ്ശകുനക്കാഴ്ചകള് കണ്ടാല്‍. ഇതൊന്നു വായിക്കുക:
”കാലാവസ്ഥാ വ്യതിയാനം എന്നത് ഒരു വര്‍ഗപ്രശ്നമാണ്. മുതലാളിത്തം അനിയന്ത്രിതമായ തോതില്‍ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതാണ് വിനാശകരമായ അവസ്ഥയ്ക്ക് കാരണം.” ഏതോ ഒരാള്‍ സാമൂഹ്യ മാധ്യമത്തിലെഴുതിയതല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) എന്ന സിപിഎം, കണ്ണൂരില്‍വച്ച് നടക്കാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസ് എന്ന മഹാ സമ്മേളനത്തില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് പാസാക്കാന്‍ പോകുന്ന പ്രമേയത്തിലെ വരികളാണ്. കാലാവസ്ഥാ വ്യതിയാനമുണ്ട്, അത് ഒരു വര്‍ഗ പ്രശ്നമാണ്. അത് മുതലാളിത്തം എന്ന, കമ്യൂണിസത്തിന്റെ എക്കാലത്തേയും ശത്രു നടത്തുന്ന അനിയന്ത്രിതമായ പ്രകൃതിചൂഷണത്തിന്റെ ഫലമാണ്.
വായിക്കുമ്പോള്‍ പാര്‍ട്ടി അനുഭാവികള്‍ക്ക് പുളകം കൊള്ളും. വര്‍ഗ സമര സിദ്ധാന്തത്തിന്റെ പ്രകൃതി സംരക്ഷണ എഡിഷനെക്കുറിച്ച് ആത്മഹര്‍ഷം വരും. പക്ഷേ, ബുദ്ധിശക്തിയെന്നത് സംഘടനകള്‍ക്ക് പണയം വയ്ക്കാത്ത, രാഷ്ട്രീയ അടിമകളല്ലാത്തവര്‍ ചോദിക്കും: അപ്പോള്‍ കെ റെയിലിന്റെ സില്‍വര്‍ ലൈനോ? അത് പ്രകൃതിക്ക് പ്രശ്നമാണെന്നല്ലേ? കേന്ദ്ര സര്‍ക്കാരിന്റെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരേ പാര്‍ട്ടി നടത്തുന്ന ദേശീയതല പ്രക്ഷോഭത്തിന്റെ ന്യായീകരണമല്ലേ ഈ വാക്യങ്ങള്‍? ഇത് കേരളത്തിലെ സില്‍വര്‍ ലൈന്‍ പദ്ധതിക്കാര്യത്തില്‍ ബാധകമല്ലേ?
വര്‍ഗ സമര സിദ്ധാന്തത്തില്‍ പണ്ടത്തെ ശത്രു ഇന്ന് മിത്രമാകുന്ന സ്ഥിതി വരാം. പക്ഷേ പ്രകൃതിയുടെ കാര്യത്തില്‍ അങ്ങനെ പറ്റുമോ? പ്രളയം കണ്ട, വെള്ളപ്പൊക്കം കാണുന്ന, വരള്‍ച്ചയുടെ മുരള്‍ച്ച കേള്‍ക്കുന്ന, കുടിവെള്ളവും കിട്ടാതാകുന്ന കാലം അടുത്തടുത്തു വരുമ്പോള്‍ ഈ പ്രമേയത്തിന്റെ കരടിനെ, അത് ‘ഏട്ടിലെ പശു’വാണെന്നും പുല്ലുതീറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞൊഴിയാന്‍ പറ്റുമോ. പ്രത്യേകിച്ച് അധികാരത്തിലിരിക്കുന്ന, പുരോഗമനവും വികസനവുമാണ് കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെ കാതല്‍ എന്നു പറയുമ്പോള്‍. ജീവന് വേണം, ജീവിതം വേണം, മാമ്പൂവും മാങ്ങയും വേണം, ചക്ക വേണം, ചക്കോത്സവം വേണം. അതിന് ആസൂത്രണവും ആത്മാര്‍ത്ഥതയും വേണം. മാവും പ്ലാവും നല്‍കുന്നത് സൂചനകളാണ്.
പിന്കുറിപ്പ്:
”ദാപയിത്വാകരം ധര്മ്യാം
രാഷ്ട്രം നിത്യം യഥാവിധി,
അശേഷാന്‍ കല്പ്പയേദ് രാജാ
യോഗക്ഷേമാന്‍ അതിന്ദ്രിതഃ” എന്ന മഹാഭാരത ശ്ലോകം ഉദ്ധരിച്ചാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് ബജറ്റ് പ്രസംഗം തുടര്‍ന്നത്. അര്‍ത്ഥം ഏറെക്കുറേ ഇങ്ങനെ: രാജാവ് ജനക്ഷേമത്തിനായി, ധര്‍മാടിസ്ഥാനത്തില്‍ ചുമത്തുന്ന നികുതി പിരിക്കുന്നതില്‍ വീഴ്ച വരുത്താതെ രാഷ്ട്ര ഭരണത്തിനുള്ള വ്യവസ്ഥയൊരുക്കുന്നു. അതിന് പകരം ജനതയെപ്പോലും വഞ്ചിച്ച്, അവരെ രാഷ്ട്രീയലഹരി നല്കി ഉറക്കിക്കിടത്തി, അധര്‍മ്മത്തിന്റെ അടിത്തറയില്‍ വര്‍ഗ സംഘര്‍ഷമുണ്ടാക്കുന്ന മനസുകള്‍ക്ക് പ്രകൃതിയും പഞ്ചഭൂതവുമൊക്കെ ചൂഷണത്തിനുള്ള ദ്രവ്യങ്ങള്‍ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: