ശ്രീനി സി.യു. മുപ്പത്തടം
ചെട്ട്യാലത്തൂരുള്ള അപ്പുമാഷിനേയും അനുജന് വേണുവേട്ടനേയും ഒരുപാട് നാളായി കാണണമെന്ന് ആഗ്രഹം ഉണ്ടായിട്ടും ആ ഭാഗ്യം ഒത്തുവന്നത് ഈ കഴിഞ്ഞ പൂജാ അവധിക്കാലത്താണ്.ഒരാഴ്ചയായുള്ള കോഴിക്കോട്ടെ ജോലിസംബന്ധമായ തിരക്കുകള്‍ കഴിഞ്ഞ് പൂജാ അവധിയുടെ കുറച്ചുഭാഗം അവരുമായി ചിലവഴിക്കാന്‍ നിശ്ചയിച്ചായിരുന്നു ഇത്തവണത്തെ ചുരംകയറല്. കാലത്ത് ഏഴ് മണിക്ക് മുത്തങ്ങയില്‍ എത്തിയ ഞാനും സജയന് ചേട്ടനും അവിടെയുള്ള എന്റെ സുഹൃത്ത് പ്രശാന്തിനെയും കൂട്ടി നൂല്പുഴപഞ്ചായത്തിലുള്ള ചെട്ട്യാലത്തൂര്ക്ക് യാത്ര തിരിച്ചു.
രാവിലെ നൂല്പുഴ ചെക്ക്പോസ്റ്റ് കടന്ന് ഞങ്ങള്‍ ഏകദേശം അരകിലോമീറ്റര്‍ വണ്ടിയോടിച്ചപ്പോള്‍ ഇടത്തുവശത്തായി ചെട്ട്യാലത്തൂര്‍ ഗ്രാമത്തിലേക്ക് വഴികാട്ടിയായ ബോര്‍ഡ് ദൃശ്യമായി. അവിടെനിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ നിബിഡ വനത്തിലൂടെ വെട്ടിത്തെളിച്ചുണ്ടാക്കിയ മണ്‍പാതയിലൂടെ സഞ്ചരിച്ചാല്‍ ഗ്രാമത്തിലേക്ക് എത്തിച്ചേരാം. വന്യമൃഗങ്ങളുടെ സൈ്വരവിഹാരകേന്ദ്രമായ ആ കാനനപാതയിലേക്ക് വണ്ടിതിരിക്കുമ്പോള്‍ ചെറിയ ഭയവും അതിലേറെ ആകാംഷയും മനസ്സിനെ വല്ലാതെ അലട്ടികൊണ്ടിരുന്നു. കാരണം മുത്തങ്ങയില്‍നിന്ന് തിരിക്കുന്നതിനുമുന്നേ വേണുവേട്ടനെ വിളിച്ചപ്പോള്‍ ആദ്യമേ പറഞ്ഞത് ”റോഡില്‍ ആനയുണ്ടാകും, സൂക്ഷിക്കണം” എന്നാണ്.
കടുവയും പുലിയും കാട്ടുനായ്ക്കളും കാട്ടുപോത്തും എപ്പോഴും റോഡിന് ഇരുവശങ്ങളിലോ റോട്ടിലോ കാണുമെങ്കിലും ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ടത് ആനയെയാണ്. ആനശല്യം ഏറ്റവുംകൂടുതല്‍ നേരിടുന്ന ഒരു ഗ്രാമമാണ് ചെട്ട്യാലത്തൂര്‍. അതുകൊണ്ട് വൈകിട്ട് നാല് മണിക്കുശേഷം ആ ഗ്രാമത്തിലേക്ക് ആരും വരാറില്ല. എന്നുവച്ച് മറ്റുമൃഗങ്ങളുടെ ശല്യവും തീരെ കുറവല്ലാട്ടോ! ഒരിക്കല്‍ അപ്പുമാഷിന്റെ പണിപ്പുരയില്‍ കയറിയ കരടിയെ നാട്ടുകാര്‍ പൂട്ടിയിടുകയും, അവസാനം ഫോറസ്റ്റുകാര് മയക്കുവെടിവച്ചുപിടിച്ച് വേറെ ഏതോ കാട്ടില്‍ വിടുകയും ചെയ്ത കഥ അദ്ദേഹം എനിക്ക് ഫോണിലൂടെ പറഞ്ഞുതന്നിട്ടുണ്ട്. അതുപോലെ കടുവശല്യവും ആ നാട്ടില്‍ ഇപ്പോള്‍ കൂടുതലാണ്.
നൂല്പുഴ പഞ്ചായത്തില്‍ രണ്ട് ആലത്തൂര്‍ ഉണ്ടായിരുന്നു. വയനാടന്‍ ചെട്ടിയാര്‍ സമുദായത്തിലെ ആളുകള്‍ കൂടുതല്‍ താമസിച്ചിരുന്നതുകൊണ്ടാണ് ഈ ആലത്തൂര്‍ ഗ്രാമത്തിന് പിന്നീട് ചെട്ട്യാലത്തൂര്‍ എന്ന പേരുവീണത്. 800 വര്‍ഷത്തിന് മുകളിലായി ചെട്ടിയാന്മാരും ഇതര സമുദായക്കാരും കാടിന്റെ മക്കളായ ആദിവാസികളും ഈ ഗ്രാമത്തില്‍ തമാസിച്ചുവരുന്നു.
ചെറിയ ഒരു ഓഫ്റോഡ് യാത്രയില്‍ കുലുങ്ങി കുലുങ്ങി ഞങ്ങളുടെ വണ്ടി 20 മിനിട്ടുകൊണ്ട് ഗ്രാമത്തിന്റെ കവാടത്തില്‍ എത്തിച്ചേര്‍ന്നു. പേടിച്ചതുപോലെ യാത്രയില്‍ വഴിതടസ്സപ്പെടുത്താന്‍ വന്യമൃഗങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. കുറച്ചധികം മാനുകളും മ്ലാവും പിന്നെ മലയണ്ണാനുകളും വഴിമധ്യേ ഞങ്ങള്‍ക്ക് ദര്‍ശനം തന്നിരുന്നു.
ഗ്രാമകവാടം കടന്ന് അകത്തെത്തിയപ്പോള്‍ പരിചയമില്ലാത്ത വണ്ടി കണ്ടതുകൊണ്ടാണെന്ന് തോന്നുന്നു, ആദിവാസി ഊരുകളില്‍നിന്ന് പകുതി തുറന്ന വാതിലുകള്‍ക്കിടയിലൂടെ പല വലിപ്പത്തിലും ആകൃതിയിലുമുള്ള തലകള്‍ ഞങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങി.അവിടെ കൂടിനിന്നിരുന്ന കുറച്ചുപേരില്നിന്നും മാഷിന്റെ വീട് ചോദിച്ചുമനസ്സിലാക്കി ഞങ്ങളുടെ വണ്ടി മുന്നോട്ടുതന്നെ നീങ്ങി. ഒരു 200 മീറ്റര്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ മണ്‍റോഡിന് ഇടത്തുവശത്തായി വിളഞ്ഞുനില്‍ക്കുന്ന നെല്‍പ്പാടങ്ങള്‍ കണ്ടു. വണ്ടി സൈഡിലേക്ക് നിര്‍ത്തി ഇറങ്ങിയ ഞങ്ങളുടെ മുന്നിലേക്ക് എതിര്‍ദിശയില്‍ വെളുത്ത ഷര്‍ട്ട് ധരിച്ച 60 വയസ്സ് തോന്നിക്കുന്ന മനുഷ്യന് നടന്നുവരുന്നുണ്ടായിരുന്നു. അടുത്തെത്തിയപ്പോള്‍ അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ”ഞാനാണ് നിങ്ങള്‍ അന്വേഷിച്ചുവന്ന വേണുഗോപാല്‍.”
ഫോണിലൂടെ സംസാരിച്ച് പരിചയമുള്ള വേണുവേട്ടനെ ആദ്യമായി കാണുന്നത് അവിടെവച്ചാണ്. അദ്ദേഹത്തിന്റെ നെല്പ്പാടത്തിന് അടുത്താണ് ഞങ്ങള്‍ വണ്ടിനിര്‍ത്തിയിരുന്നത്. വിളഞ്ഞുനില്‍ക്കുന്ന നെല്പാടത്തിന് ചുറ്റുമായി വൈദ്യുതവേലി കെട്ടിയിട്ടുണ്ട്. അല്ലെങ്കില്‍ രാത്രിയാകുമ്പോള്‍ നെല്ല് മുഴുവന്‍ ആനയും പന്നിയും മാനുകളും തിന്നുതീര്‍ക്കും എന്നാണ് വേണുവേട്ടന്റെ ഭാഷ്യം. നെല്‍പ്പാടത്തിനോട് ചേര്‍ന്നാണ് വേണുവേട്ടന്റെ വീട്. മക്കളും കൊച്ചുമക്കളുമൊക്കെയായി അവര്‍ അവിടെ ജീവിച്ചുപോരുന്നു.
”സമയം കളയേണ്ട അപ്പുമാഷ് നിങ്ങളെ നോക്കി പണിപ്പുരയില്‍ ഇരിപ്പുണ്ട്. നമുക്ക് അങ്ങോട്ട് നടക്കാമെന്ന്” വേണുവേട്ടന് പറഞ്ഞു. അദ്ദേഹത്തെ പിന്തുടര്ന്ന് ഞങ്ങളും നടന്നു. പറഞ്ഞതുപോലെ കുറച്ചുനേരം നടന്നപ്പോള്‍ ചുറ്റും മതിലുകെട്ടിയ ഓടിട്ട പണിപ്പുരയില്‍ ഒരു ചാരുകസേരയില്‍ വയസ്സായ ഒരു മനുഷ്യന് ഞങ്ങളെയും കാത്തിരിക്കുന്നതാണ് കണ്ടത്. ഇത്രയും ദൂരംതാണ്ടി ഞങ്ങള്‍ ആ ഗ്രാമത്തില്‍ എത്തിയത് അപ്പുമാഷിനെ കാണാനും മനസ്സിലാക്കാനും വേണ്ടിയാണ്.
‘അപ്പുമാഷ്.’ ഇപ്പോള്‍ 82 വയസ്സോളം പ്രായമുണ്ട് കണിയാരത്ത് അപ്പു എന്ന ചെട്ട്യാലത്തൂര്കാരുടെ അപ്പുമാഷിന്. 1956 മുതല്‍ ചെട്ട്യാലത്തൂരില്നിന്ന് 20 കിലോമീറ്റര്‍ കാട്ടിലൂടെ അങ്ങോട്ടും, തിരിച്ചും നടന്ന് സുല്‍ത്താന്‍ ബത്തേരിയിലെ സര്‍വജന സ്കൂളില്‍ പഠനത്തിനെത്തിയ ആള്. പിന്നീട് പാട്ടവയല്‍ മിഡില്‍ സ്കൂളിലെ അധ്യാപകനായി. മാഷിനെ ശെരിക്കും ചെട്ട്യാലത്തൂര്‍ ഗ്രാമത്തിന്റെ തലവനെന്ന് പറയാം. കാരണം അവിടത്തുകാരുടെ അവസാന വാക്ക് ഒരുകാലത്ത് അപ്പുമാഷ് ആയിരുന്നു. ആ ഗ്രാമത്തിലേക്ക് ഒരു സ്കൂള്‍ കൊണ്ടുവന്നത് അപ്പുമാഷിന്റെ പ്രയത്നമായിരുന്നു. കാരണം, പഠിക്കാന്‍ വേണ്ടി താന്‍ കഷ്ടപ്പെട്ടതുപോലെ തന്റെ പിന്തലമുറക്കാര്ക്ക് ആ ബുദ്ധിമുട്ട് വരരുത് എന്ന മാഷിന്റെ നിര്‍ബന്ധബുദ്ധി ആയിരുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് വേണ്ടി അങ്കണവാടി കൊണ്ടുവരുന്നതിനും, ഗ്രാമത്തിലേക്ക് വരേണ്ട എല്ലാ അവശ്യസാധങ്ങള്‍ക്ക് വേണ്ടിയും മുന്നിട്ടിറങ്ങിയത് അപ്പുമാഷാണ്. അദ്ദേഹത്തിന്റെ നല്ല വാക്കുകള്‍ തെറ്റിച്ചതിന്റെ ശിക്ഷ ആ ഗ്രാമവാസികളും, അവരെ ചുറ്റി ജീവിക്കുന്ന ആദിവാസികളും ഇന്നും അനുഭവിക്കുന്നു.
ഒരുപക്ഷേ അദ്ദേഹത്തിന്റെ വാക്കുകള്‍ ധിക്കരിച്ചതിന്റെ ഫലമാണ് ആ ഗ്രാമംവിട്ടുപോയ പലരും ഇന്ന് അനുഭവിക്കുന്നത്. സ്കൂള്‍വിട്ട് വീട്ടിലേക്ക് വരുന്നവഴി തന്റെ രണ്ട് വയസ്സുള്ള മകനെ ഒറ്റയാന് ആക്രമിച്ചു കൊന്നപ്പോഴും, മറ്റൊരുമകനെ പലപ്പോഴായി ആനകള്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴും ആ മനുഷ്യന് നാടുവിട്ട് പോകാഞ്ഞത് ആ മണ്ണിനെയും അവിടെയുള്ള മനുഷ്യരേയും ഓര്‍ത്തിട്ടാണ്. ചെട്ട്യാലത്തൂര്‍ എന്ന ഗ്രാമത്തിനെ പൊന്നുവിളയുന്ന മണ്ണാക്കിമാറ്റിയതും അപ്പുമാഷിന്റെ പ്രയത്നമാണ്. ഒരു കാലത്ത് വാറ്റുചാരായത്തിന് അടിമപ്പെട്ട അവിടുത്തെ ആദിവാസി സമൂഹത്തെ അതില്‍നിന്ന് പിന്തിരിപ്പിച്ച് നല്ലവഴിക്ക് നടത്തിയതും അദ്ദേഹമായിരുന്നു. (അപ്പുമാഷിന് പ്രായമായതും, ലോക്ഡൗണ്‍ കാലഘട്ടത്തില്‍ വിദേശ മദ്യം കിട്ടാതായതും ഈ അടുത്തകാലത്ത് ആദിവാസികളെ വീണ്ടും വാറ്റുചാരായം നിര്‍മിക്കുന്നതിന് പ്രേരിപ്പിക്കുന്നുണ്ട്) എന്നിട്ട് അദ്ദേഹത്തിന് തിരിച്ചുകിട്ടിയതോ?
1993 മുതല്‍ ആഗ്രാമത്തില്നിന്ന് ആളുകളെ കുടിയൊഴിപ്പിക്കല്‍ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നതാണ്. മാറി മാറിവന്ന സര്‍ക്കാരുകള്‍ പലതവണ ആ നാട്ടുകാര്‍ക്ക് വീടുവച്ച് മാറാന്‍ പല സ്ഥലങ്ങളും കണ്ടെത്തിയെങ്കിലും എന്തുകൊണ്ടോ അവസാനം അതിനൊന്നും തീരുമാനമായില്ല. പുനരധിവാസം നടത്തുന്നതുകൊണ്ട് ആ ഗ്രാമത്തില്‍ ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ല. സോളാറിന്റെയും ബാറ്ററിയുടെയും സഹായത്തോടെയാണ് വീടുകളിലെ വെളിച്ചവും വൈദ്യുത വേലികളും ഇപ്പോഴും നിലനില്‍ക്കുന്നത്. ആ നാടിനെ ഇപ്പോഴും വന്യമൃഗങ്ങളില്‍നിന്നും സംരക്ഷിക്കുന്നത് അവരവരുടെ സ്വപ്രയത്നംകൊണ്ടാണ്.
അതിന്റെ അവസാനമെന്നോണം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്നേ സര്‍ക്കാര്‍ വീടുമാറിപോകാന് താല്പര്യമുള്ളവര്ക്ക് ഒരു റേഷന്‍ കാര്‍ഡിന് 10ലക്ഷം രൂപ പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ എന്ന ഒരു വലിയതുകയുടെ പ്രഖ്യാപനം വന്നപ്പോള്‍ കണ്ണ് മഞ്ഞളിച്ച ആ നാട്ടിലെ കുറച്ചധികം ആളുകള്‍ അപ്പുമാഷിന്റെ വാക്കുകള്‍ കേള്‍ക്കാതെ, സര്‍ക്കാരിന്റെ വാക്കുകള്‍ കേട്ടപാതി നാടുപേക്ഷിച്ചുപോകാന്‍ തയ്യാറായി. വീടിന്റെ പകുതി പൊളിച്ചുകളഞ്ഞാലേ തുക നല്‍കുകയുള്ളൂ എന്ന ഉത്തരവുമൂലം പലരും വീടിന്റെ പകുതി പൊളിച്ചുമാറ്റാന്‍ തയ്യാറാവുകയും, പലയിടങ്ങളിലായി സ്ഥലം വാങ്ങി വീടുവയ്ക്കുകയും ചെയ്തു. എന്നാല്‍ സംഭവിച്ചതോ? സ്ഥലംവാങ്ങി വീടുവച്ചതോടെ 10 ലക്ഷം രൂപ തീരുകയും, ചിലര്‍ വീടുപണിക്ക് വീണ്ടും കടം വാങ്ങേണ്ട ഗതികേടിലേക്ക് പോവുകയും ചെയ്തു. ”അഞ്ചും പത്തും ഇരുപതും ഏക്കര്‍ സ്ഥലം ചെട്ട്യാലത്തൂര്‍ ഉണ്ടായിരുന്ന ആളുകള്‍ക്കാണ് ഈ ഗതി വന്നതെന്ന് ഓര്‍ക്കണം.”
ഗ്രാമം മാറിപ്പോയ പലര്‍ക്കും മറ്റ് ഗ്രാമങ്ങളില്‍ ചെന്നപ്പോള്‍ പണികിട്ടാത്ത അവസ്ഥവരെ ഉണ്ടായി.വിശ്വസിച്ച് ജോലിതരാന്‍ പലരും തയ്യാറാകുന്നില്ല എന്നതാണ് അവരുടെ അവസ്ഥ. അവര്‍ ഇപ്പോള്‍ പറയുന്നത് അന്ന് അപ്പുമാഷ് പറയുന്നത് കേട്ടിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഈ ഗതി വരില്ലായിരുന്നു എന്നാണ്.കല്യാണപ്രായം ആകുന്നതുവരെ പണിയെടുത്ത് പോറ്റിയ അച്ഛനെ പാതിപൊളിച്ച വീട്ടില്‍ ഉപേക്ഷിച്ചുപോയ മകളുടെ കഥയും ഞങ്ങള്ക്കവിടെനിന്ന് കേള്‍ക്കാന്‍ കഴിഞ്ഞു. ആ കഥയിലെ മാധവണ്ണനെ നേരില്‍ കണ്ടപ്പോഴും അദ്ദേഹത്തിന്റെ അവസ്ഥയെപ്പറ്റി കേട്ടപ്പോഴും വളരെയധികം സങ്കടം തോന്നി.
ഇപ്പോള്‍ ആദിവാസി ഊരുകളില്‍ ഉള്ളവരും ആ 10 ലക്ഷം രൂപ കൈപ്പറ്റിതുടങ്ങിയതോടെ മാഷിനും കുടുംബത്തിനും ആ ഗ്രാമത്തെ വിട്ട് പടിയിറങ്ങേണ്ട അവസ്ഥയാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.തന്റെ പൂര്‍വ്വികരും അച്ഛനമ്മമാരും മണ്ണടിഞ്ഞ സ്ഥലത്തെ ഓര്‍മായാക്കി ഒരു ജനതമുഴുവന്‍ പടിയിറങ്ങുന്ന അവസ്ഥയെപ്പറ്റി ആലോചിക്കുവാനുള്ള കര്‍ത്തവ്യം ഇതുവായിക്കുന്ന ഓരോരുത്തര്‍ക്കുമായി ഞാന്‍ വിട്ടുതന്നിരിക്കുന്നു. പക്ഷേ നമ്മുടെ ആവാസവ്യവസ്ഥയേയും പ്രകൃതിയേയും നിലനിര്‍ത്താന്‍ കാടുകള്‍ കൂടിയേതീരൂ.
നമ്മുടെകൂടി നന്മയ്ക്കായി കുടിയിറക്കപ്പെടുന്നവര്‍ക്ക് നല്ലൊരുജീവിതം അനുവദിച്ചു നല്‍കേണ്ടത് നമ്മുടെകൂടി ബാധ്യതയാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: