Categories: Varadyam

ആശ്രമ ധര്‍മം മുറുകെ പിടിച്ച യോഗിവര്യന്‍

അടുത്തിടെ സമാധിയായ സ്വാമി നിത്യാനന്ദ സരസ്വതിയെ മൂന്നു പതിറ്റാണ്ട് കാലത്തെ ബന്ധമുള്ള സ്വരൂപാനന്ദ സരസ്വതി അനുസ്മരിക്കുന്നു

Published by

സ്വരൂപാനന്ദ സരസ്വതി

കോട്ടയം ശ്രീരാമകൃഷ്ണാശ്രമത്തിലെ ശാസ്ത്രി പഠനം പൂര്‍ത്തിയാക്കിയ ശേഷം 1993 ല്‍ ശിവാനന്ദാശ്രമത്തില്‍  എത്തിയ എനിക്ക് ആദ്യകാഴ്ചയില്‍ തന്നെ നിത്യാനന്ദ സ്വാമിയുമായി വല്ലാത്തൊരു ആത്മബന്ധം കൈവന്നു. ആത്മസാക്ഷാത്കാരത്തിന്റെ പാതയില്‍ താന്‍ എന്താണോ അന്വേഷിക്കുന്നത് അതിലേക്ക് നയിക്കാന്‍ യോഗ്യനായ ആളാണ് ഇദ്ദേഹം എന്ന് തോന്നി. സ്വാമിജിയുടെ ലാളിത്യവും  വ്യത്യസ്ത ചിന്തകളുമാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്.

ചങ്ങനാശ്ശേരി എസ്ബി കോളജില്‍ നിന്നും ബിരുദവും മുംബൈ ലോകോളേജില്‍ നിന്നും എല്‍എല്‍ബിയും  പൂര്‍ത്തിയാക്കിയ സ്വാമിജി കുറച്ചു കാലം മഹാരാഷ്‌ട്രയിലെ അക്കൗണ്ട് ജനറല്‍ ഓഫീസില്‍ ഓഡിറ്ററായി ജോലി ചെയ്തു. പിന്നീട് യോഗയില്‍ ആകൃഷ്ടനായി ലോണാവാല അക്കാദമിയില്‍നിന്ന് യോഗ ഡിപ്ലോമ പൂര്‍ത്തിയാക്കി, അധികം താമസിയാതെ  കന്യാകുമാരിയിലെത്തി വിവേകാനന്ദ കേന്ദ്രത്തില്‍ യോഗ അധ്യാപകനായി സേവനം തുടങ്ങി. സംസ്‌കൃതം പഠിക്കാനായി സ്വാമി ജ്ഞാനാനന്ദസരസ്വതിയെ  സമീപിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായത്. വിവേകാനന്ദ സ്വാമിയുടെ ജീവചരിത്രം വായിച്ചപ്പോള്‍ വന്ന വ്യക്തതയും ജ്ഞാനാനന്ദസരസ്വതിയുടെ       സത്സംഗവും ആണ് പരമമായ സുഖത്തിനുള്ള മാര്‍ഗം സന്യാസമാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത്. അങ്ങനെ ജ്ഞാനാനന്ദസരസ്വതിയില്‍ നിന്ന് ദീക്ഷ സ്വീകരിച്ച് സന്യാസത്തിലേക്ക് പ്രവേശിച്ചു. 1980-ലാണ് സ്വാമി കല്ലേക്കുളങ്ങര ശിവാനന്ദാശ്രമം അധിപതിയായി വന്നത്.

ഭാഗവതവും പതഞ്ജലി യോഗസൂത്രവുമെല്ലാം എന്നെ പരിശീലിപ്പിച്ചത് ഗുരുനാഥനാണ്. എന്തിനെക്കുറിച്ചും ഗ്രന്ഥങ്ങളുടെ സഹായമില്ലാതെ മറുപടി പറയുകയും ആധികാരികമായി യോഗ പഠിപ്പിക്കുകയും ചെയ്തിരുന്ന അദ്ദേഹം വേദാന്ത തത്വങ്ങള്‍ ജീവിതത്തില്‍ അനുഷ്ഠിക്കുവാന്‍ ശ്രദ്ധാലുവായിരുന്നു. ഒരിക്കലും ആവശ്യത്തില്‍ കൂടുതല്‍ സംസാരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ആശ്രമത്തിലെ ഒരു ചെറിയ മുറിയിലായിരുന്നു സ്വാമിയുടെ ജീവിതാവസാനകാലം വരെയും അദ്ദേഹം കഴിഞ്ഞിരുന്നത്.  അവസാന കാലം വരെ നാമജപവും സ്വാധ്യായവും യോഗയും മുടക്കിയിരുന്നില്ല. ഭക്ഷണകാര്യത്തില്‍ അദ്ദേഹത്തിന്   പ്രത്യേക ചിട്ട ഉണ്ടായിരുന്നു. കഴിഞ്ഞ മുപ്പതിലധികം വര്‍ഷങ്ങളായി രാവിലെയും രാത്രിയും നേന്ത്ര പഴവും ഗോതമ്പ് കഞ്ഞിയും മാത്രമാണ് കഴിച്ചിരുന്നത്. യോഗ വിദ്യയില്‍ അഗ്രഗണ്യനായിരുന്ന സ്വാമി നിഗൂഢമായ പല യോഗ സിദ്ധികളുടെയും ഉടമയായിരുന്നു. ആരും സ്വീകരിക്കാന്‍ ധൈര്യപ്പെടാത്ത ചില യോഗ വിദ്യകള്‍ അദ്ദേഹത്തോടൊപ്പം ഇല്ലാതായി.

ജിജ്ഞാസുക്കള്‍ക്ക് വിജ്ഞാനവും സനാതനധര്‍മ്മവും പകര്‍ന്നുനല്‍കിയ സ്വാമിജിക്ക് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഗുരു ജ്ഞാനാനന്ദ സരസ്വതിയുടെ സമാധി പീഠത്തിന് അരികില്‍ തന്നെയാണ് സമാധി ഒരുക്കിയത്. ആശ്രമത്തിലെ ആര്‍ഭാടങ്ങളില്‍ അല്ല, ആശ്രമധര്‍മ്മത്തെ മുറുകെ പിടിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സ്വയം നന്നായാലേ എല്ലായിടത്തും നന്മ കാണാന്‍ കഴിയൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by