കഴിഞ്ഞ റിപ്പബ്ലിക് ദിനം പതിവിലും വ്യത്യസ്തതതോടെയാണല്ലോ ആഘോഷിക്കപ്പെട്ടത്. ബ്രിട്ടീഷ് സാമ്രാജ്യവാഴ്ചയുടെ അവശിഷ്ടങ്ങള്‍ ദേശീയ ജീവിതസ്മരണകളില്നിന്നും ഒഴിവാക്കുന്ന ഒട്ടേറെ നടപടികള്‍ നരേന്ദ്ര മോദിയുടെ ഭരണകാലത്തു കൈക്കൊണ്ടുവരികയായിരുന്നു. ഒന്നാം ലോകമഹായുദ്ധക്കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തെ പ്രതിരോധിക്കാനുള്ള പോരാട്ടത്തില്‍ ജീവന് വെടിഞ്ഞ ഭടന്മാരുടെ സ്മരണയ്ക്കായി ദല്‍ഹിയില്‍ നിര്‍മിതമായ സ്മാരകത്തില്‍ നടത്തിവന്ന അനുസ്മരണങ്ങളുടെ ആചാരങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയായിരുന്നു നരേന്ദ്ര മോദി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ രക്ഷയ്ക്കല്ല, സ്വതന്ത്ര ഭാരതത്തിന്റെ കാവലിനും രക്ഷയ്ക്കുമായി ജീവന് ബലി നല്കിയ പതിനായിരക്കണക്കിന് ഭടന്മാര്ക്ക് ഉചിതമായ സ്മാരകം പോലും ഈയിടെയാണുയര്ന്നത്. ദല്‍ഹിയിലെ ഇന്ത്യാഗേറ്റില്നിന്നല്പം അകലെയായി നാല്പത് ഏക്കര്‍ വിസ്തൃതിയില്‍ അത്യന്തം ഭവ്യമായൊരു സ്മാരക സാകല്യം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്ത്യാഗേറ്റിലായിരുന്നു ബംഗളാദേശ് യുദ്ധത്തില്‍ ജീവന് ബലി നല്കിയ മുപ്പതിനായിരത്തില്‍പ്പരം ജവാന്മാരെ അനുസ്മരിക്കുന്ന അമരജവാന് ജ്യോതി ജ്വലിപ്പിച്ചിരുന്നത്. ബ്രിട്ടീഷ് സാമ്രാജ്യരക്ഷയ്ക്കു ജീവന് നല്‍കിയവരുടെ കൂടെ ഭാരതീയ ഭടന്മാര്ക്കും വിളക്കുകൊളുത്തിയെന്നു മാത്രം. എമ്പ്രാന്റെ വിളക്കത്ത് വാരിയരുടെ അത്താഴം എന്ന മാതിരി.
അവിടത്തെ അമരജവാന് ജ്യോതിയില്നിന്നു കൊളുത്തിയ ഒരു തിരി പ്രധാനമന്ത്രിയുടെയും സായുധസേനാധിപന്മാരുടെയും ആഭിമുഖ്യത്തില്‍ പുതിയ സാകല്യത്തിലേക്കു കൊണ്ടുവന്നു. അതും കെടാവിളക്കായി അവിടെ എരിയുന്നു. നേതാജി സുഭാഷ്ചന്ദ്രബോസിന്റെ പൂര്‍ണകായ ശിലാപ്രതിമകൂടി ഇന്ത്യാഗേറ്റിനു മുന്നില്‍ പ്രതിഷ്ഠിക്കപ്പെടുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ഹോളോഗ്രാം പ്രതിമയും അവിടെ സ്ഥാപിച്ചു.
ഏതാനും വര്‍ഷങ്ങളായി ദേശീയ ദിനത്തോടനുബന്ധിച്ച് ‘പത്മ’ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്ന കാര്യത്തിലും നൂതന സരണിയിലൂടെ പ്രയാണം നടക്കുന്നതായി നാം കാണുന്നു. അതിനു നാമനിര്‍ദ്ദേശം ചെയ്യുന്നതിന് മുമ്പൊക്കെ ആര്‍ക്കായിരുന്നു അധികാരം എന്നത് വിചിത്രമായിരുന്നു. തത്പര രാഷ്ട്രീയനേതാക്കന്മാരും മറ്റുമൊക്കെ അതിന് എന്തെല്ലാം കളികള്‍ കളിച്ചുവെന്നു നമുക്കറിയാം. മമ്മൂട്ടി നായകനായി അതിനെ പരിഹസിച്ചുകൊണ്ടുള്ള ചലച്ചിത്രം തന്നെയുണ്ടല്ലോ, കേരളീയര്‍ ആഘോഷിച്ച പ്രാഞ്ചിയേട്ടന്!
നാടന്കലാകാരന്മാര്ക്കും മറ്റു സാധാരണക്കാര്‍ക്കും അതു ലഭിക്കാന്‍ തുടങ്ങി. ഓരോ വര്‍ഷവും പുരസ്കൃതരായവരുടെ കാര്യം നോക്കുമ്പോള്‍ അതില്‍ രാഷ്ട്രീയനിറത്തിനല്ല പ്രാധാന്യം നല്കപ്പെട്ടതെന്നു നമുക്ക് കാണാന്‍ കഴിയും. ഇക്കുറി കേരളത്തില്‍നിന്നു പുരസ്കൃതനായ പി. നാരായണക്കുറുപ്പിന്റെ കാര്യംതന്നെയെടുക്കാം. കേരളത്തിന്റെ സാഹിത്യ രാഷ്ട്രീയക്കാറ്റിനനുസരിച്ചു ചായുന്നയാളല്ല അദ്ദേഹമെന്ന്, അതേപ്പറ്റി വന്ന പ്രതികരണങ്ങളില്‍നിന്നു വ്യക്തമാണ്. ബാധയൊഴിപ്പിക്കലുകാര്ക്കും ലാടവൈദ്യന്മാര്ക്കും ഓണന്തുള്ളലുകാര്ക്കും മറ്റും പുരസ്കാരം നല്കി അതിന്റെ വിലയിടിച്ചുകളഞ്ഞുവെന്ന് പുരോഗമനക്കാരും മതേതരക്കാരും വിലപിക്കുന്നുമുണ്ട്.
നാരായണക്കുറുപ്പാകട്ടെ കഴിഞ്ഞ ആറു പതിറ്റാണ്ടുകളായിട്ട് മലയാള കലാ സാംസ്കാരിക സാഹിത്യരംഗത്തെ ദേശീയതയുടെ വക്താവായി ഉറച്ച നിലപാടിലാണ്. അതിനുമുന്‍പ് അദ്ദേഹത്തിന്റെ സാഹിത്യത്തില്‍ ഇടതുപക്ഷ ചായ്വ് നന്നായിട്ടുണ്ടായിരുന്നു.
ജന്മഭൂമി പത്രമാരംഭിക്കുന്നതിനു തൊട്ടുമുന്‍പുള്ള രണ്ടുവര്‍ഷം രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹ്യരംഗത്ത് വമ്പിച്ച മഥനം നടന്നുവരികയായിരുന്നു. ഇടതുചിന്താഗതികളോടുള്ള മമതയും താല്പര്യവും മെല്ലെ മെല്ലെ കുറഞ്ഞും വന്നു. സ്റ്റാലിന്വാഴ്ചയുടെ അന്ത്യവും, റഷ്യയില്‍ ക്രൂഷ്ചേവിന്റെ നേതൃത്വത്തില്‍ വന്ന മാറ്റങ്ങളും, ചീനയില്‍ സാംസ്കാരിക വിപ്ലവമെന്ന പേരില്‍ നടത്തപ്പെട്ട കൂട്ടക്കൊലകളും മാവോയുടെ ”നൂറു പൂക്കള്‍ വിരിയുന്നു, നൂറു ചിന്തകള്‍ വളരുന്നു” എന്ന സിദ്ധാന്തം നടപ്പിലാക്കുന്നതിന്റെ ഫലമായി നടന്ന ലക്ഷക്കണക്കിനാളുകളുടെ ഉന്മൂലനവുമൊക്കെ ഉറച്ച കമ്മ്യൂണിസ്റ്റ് കവികളുടെ ചിന്താഗതിയിലും മാറ്റം വരുത്തി.
‘മധുരമനോഹര മനോജ്ഞ ചൈന’ എന്ന ഗാനം രചിച്ച ഒഎന്‍വി കുറുപ്പുതന്നെ
”ഇവിടെ ചതിയുടെ കാഞ്ചിവലിച്ചൊരു ചീനപ്പടയുടെ നേരേ
കറുപ്പുതിന്നുമയങ്ങിയ മഞ്ഞക്കാടത്തത്തിന്‍നേരെ
ഇവിടെപ്പുതിയൊരു താണ്ഡവമാടാന്‍
വരുന്നു ഭാരതപുത്രന്”
എന്ന് പാട്ടെഴുതി. അത് സംഘത്തില്‍ ഉപയോഗിക്കാന്‍ സമ്മതിക്കുകയും ചെയ്തു.
അടിയന്തരാവസ്ഥയ്ക്കുശേഷമാണല്ലോ ജന്മഭൂമി എറണാകുളത്തുനിന്നു പ്രസിദ്ധീകരണമാരംഭിച്ചത്. പ്രൊഫ. എം.പി. മന്മഥന് മുഖ്യപത്രാധിപരും. ഗാന്ധിയന്മാരില് മുന്‍പന്തിയില്‍നിന്ന അദ്ദേഹം ജെ.പി പ്രസ്ഥാനത്തിന്റെ കേരളത്തിലെ നേതാവുകൂടിയായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരായ കേരളത്തിലെ പ്രക്ഷോഭത്തിന്റെ നേതൃത്വം വഹിച്ചതിന് മിസാ തടവിലും കിടക്കേണ്ടിവന്നിരുന്നു.
ജനാധിപത്യം പുനഃസ്ഥാപിതമായശേഷം ജന്മഭൂമി ആരംഭിച്ചപ്പോള്‍ മുഖ്യപത്രാധിപസ്ഥാനം അദ്ദേഹം ഏറ്റെടുത്തു. ജന്മഭൂമിക്കു അതുണ്ടാക്കിയ സ്വീകാര്യത സാര്‍വത്രികമായിരുന്നു. തന്റെ വിദ്യാര്‍ത്ഥികളും അനുയായികളുമായിരുന്ന ഒട്ടേറെ പ്രശസ്ത വ്യക്തികളെ ജന്മഭൂമിയില് ലേഖനങ്ങളും കവിതകളുമെഴുതാന്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. ദല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായിരുന്ന നാരായണക്കുറുപ്പിനെയും അദ്ദേഹം ബന്ധപ്പെട്ടിരുന്നു. കുറുപ്പിന്റെ ലേഖനങ്ങള്‍ കിട്ടുന്ന സമയത്ത് മന്മഥന്‍സാര്‍ അതു വായിച്ചുകേള്‍പ്പിക്കുകയും, ആളെ പരിചയപ്പെടുത്തുകയും ചെയ്യുമായിരുന്നു. ദല്‍ഹിയിലെ രാഷ്ട്രീയ ഗതിവിഗതികളെക്കുറിച്ചുള്ള വാരാന്താവലോകനം ഉന്നതനിലവാരം പുലര്‍ത്തുന്നതും ഉള്‍ക്കാഴ്ച നല്കുന്നതുമായിരുന്നു. ഗദ്യത്തിലും പദ്യത്തിലുമുള്ള സവ്യസാചിത്തം ആകര്‍ഷകമായിരുന്നു.
മന്മഥന്‍സാര്‍ ജന്മഭൂമിയില്‍നിന്നു മാറി പൂര്‍ണമായും മദ്യനിരോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയപ്പോഴും കുറുപ്പുസാര്‍ ജന്മഭൂമിയിലെ എഴുത്തു തുടര്‍ന്നു.
അതിനിടെ പരമേശ്വര്‍ജി ദല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടറായി ചേര്‍ന്നു. അവിടത്തെ ഉന്നതചിന്തന രംഗത്തെ ഇളക്കിമറിച്ച കാലമായിരുന്നു അത്. അദ്ദേഹവുമായി അടുത്തു പെരുമാറാന്‍ നാരായണക്കുറുപ്പിന് അവസരമുണ്ടായി. അങ്ങനെയിരിക്കെ ജന്മഭൂമിയുടെ നടത്തിപ്പു സംബന്ധമായ കാര്യങ്ങള്‍ക്കായി ദല്‍ഹിയില്‍ പോകേണ്ട അവസരമെനിക്കുണ്ടായി, 1979-80 കാലത്താണ്. കുറുപ്പുസാറിന് നേരത്തെ എഴുതിയിരുന്നു. ദല്‍ഹിയിലെ ജനസംഘം ആസ്ഥാനത്തായിരുന്നു താമസം. കുറുപ്പുസാര്‍ അവിടെ വരികയും അദ്ദേഹവുമൊരുമിച്ചു പല ഓഫീസുകളിലും പോവുകയും ചെയ്തു. കേന്ദ്രീയ വിദ്യാലയ സംസ്ഥാന് എന്ന സ്ഥാപനത്തിലെ ഏതാനും കാര്യങ്ങള്‍ക്കായി അവിടെപ്പോയി. അവിടെ മലയാളികളായ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നവരുമായി മുന്പരിചയമുണ്ടായില്ലെങ്കിലും വളരെ വേഗം അവരുമായി ചങ്ങാത്തം സ്ഥാപിക്കുകയും എന്റെ ആവശ്യം സാധിക്കുകയുമുണ്ടായി.
ജന്മഭൂമിയുടെ തുടക്കക്കാലത്തുതന്നെ നാരായണക്കുറുപ്പ് അതിന്റെ ശ്രേഷ്ഠസുഹൃത്തുക്കല്പ്പെടുന്നു. തപസ്യ കലാസാഹിത്യവേദിയിലും അദ്ദേഹത്തിന് സമുന്നത സ്ഥാനമുണ്ട്. അതു തപസ്യയുടെ സഹൃദയ ലോകത്തിലെ അനന്തസ്സ് ഉയര്‍ത്തുന്നതില്‍ ഏറെ സഹായകരമായി.
ദല്‍ഹിയില്‍ ഞാന്‍ പോകുമ്പോള്‍ അദ്ദേഹം താമസിച്ചിരുന്നത് പാട്യാലാ ഹൗസ് എന്ന കൊട്ടാര സമുച്ചയത്തിലെ ക്വാര്ട്ടേഴ്സുകളിലൊന്നിലായിരുന്നു. ധര്‍മ്മപത്നി സ്വന്തം അനുജനെപ്പോലെ വാത്സല്യത്തോടെ എന്നെ വീട്ടിലേക്കു സ്വാഗതം ചെയ്തു. ജനസംഘം കാര്യാലയത്തില്‍ അന്ന് പാചകമുണ്ടായിരുന്നില്ല. കാര്യാലയത്തിലെ ജെ.പി. മാഥൂറും രാജേന്ദ്ര ശര്‍മ്മയും തയാറാക്കുന്ന അമൃത തുല്യമായ ചായ കുടിക്കാന്‍ ഉണ്ടാകുമായിരുന്നു. കുറുപ്പുസാറിന്റെ വസതിയില്‍ കേരള ഭക്ഷണത്തിനു വ്യവസ്ഥയുണ്ടെന്ന് അറിയിച്ചപ്പോള്‍ അവര്‍ക്ക് ആശ്വാസമായി. എന്റെ കാര്യത്തില്‍ വിഷമിക്കേണ്ടതില്ലല്ലോ.
സാഹിത്യ സാംസ്കാരിക രംഗങ്ങളില്‍ തന്റെതായ ഇടം കണ്ടെത്തിയ ആളാണ് ശ്രീനാരായണക്കുറുപ്പ്. അദ്ദേഹം തിരുവനന്തപുരത്ത് പേരൂര്‍ക്കടയില്‍ സ്വന്തമായി വീടുണ്ടാക്കിയെന്നും അവിടെ കൂടാമെന്നും പറഞ്ഞ് എന്നെ ക്ഷണിച്ചിരുന്നു. ‘ഹിന്ദുത്വ രാഷ്ട്രീയ ചരിത്രം’ തയാറാക്കുന്നതിനായി ഞാന്‍ തിരുവനന്തപുരത്തെ മാരാര്‍ജി ഭവനില്‍ കഴിയുന്ന കാലമായിരുന്നു. അതിനാവശ്യമായ സാമഗ്രികള്‍ ലഭിക്കുന്നത് മാരാര്‍ജി ഭവനിലായതിനാല് മറ്റെങ്ങും രാത്രി തങ്ങാന്‍ എനിക്കു കഴിഞ്ഞില്ല.
സംഘസാഹിത്യ സൃഷ്ടിയിലും അദ്ദേഹത്തിന്റെ ശ്രദ്ധയെത്തി. മലയാളത്തിലെ ഏറ്റവും ബൃഹത്തായ സംഘ സാഹിത്യസംരംഭം പൂജനീയ ഗുരുജിയുടെ സാഹിത്യ സര്‍വസ്വം തയാറാക്കിയതായിരുന്നല്ലൊ. അതിനായി രൂപീകരിച്ച സാഹിത്യകാര സമിതിയില്‍ അദ്ദേഹം അംഗമായിരുന്നു. തത്സംബന്ധമായ ചര്‍ച്ചകളിലും സംവാദങ്ങളില്‍ ഏറെ സജീവമായിരുന്നു ആ സാന്നിദ്ധ്യം.
എണ്പത്തിയെട്ടുകാരനാണദ്ദേഹം. പത്മശ്രീ പുരസ്കാരം കിട്ടാന്‍ അല്പം വൈകിപ്പോയോ എന്നു സംശയിക്കാം. പലതും വൈകിയിട്ടാണ് നമ്മുടെ അധികൃതര്‍ക്ക് കാണാന്‍ കഴിയുന്നത് എന്നതു പുതുമയല്ലല്ലോ. അക്കിത്തത്തിനെ പുരസ്കാര കര്‍ത്താക്കള്‍ കണ്ടതെന്നാണ്? നേതാജി സുഭാഷ് ചന്ദ്രബോസിനെ ആരെങ്കിലും കണ്ടിരുന്നോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: