”കുരിശുപള്ളിയുടെ താഴെ പുഴയോരത്ത് കൈതക്കാടുകളുടെ അരികില്‍ അവിശ്വസനീയമായ പുനഃസമാഗമം. എത്ര വര്‍ഷങ്ങള്‍!. പുഴയുടെ ഒഴുക്ക് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. തളരാതെ ഒഴുകുന്ന പുഴ. പ്രണയനദിക്കും ക്ഷീണം സംഭവിച്ചിട്ടില്ല. കൗമാരക്കുതിപ്പുകള്‍ ഇന്നും ദൃശ്യം. ഒരു നാടന്‍ പെണ്‍കിടാവിനെ പോലെ അവള്‍ തലകുനിച്ചു നിന്നു. ചുരുള്‍മുടി കാറ്റില്‍ പറന്ന് കവിളുകളില്‍ പടര്‍ന്നു. ശരല്‍ക്കാലത്തെ ഇന്ദുകലപോലെ അവളുടെ മുഖം പ്രകാശസുന്ദരമായി. സാന്ധ്യ രശ്മികള്‍ കുങ്കുമം പൂശി. പഴയതുപോലെ അവള്‍ പ്രസന്നവദനയായിരിക്കുന്നു. വര്‍ഷങ്ങളുടെ മഷിപ്പാടുകള്‍ ചുളിവുകള്‍ വീഴ്‌ത്തിയിട്ടില്ല. ഉടവു തട്ടാത്ത ശരീരഭംഗികള്‍. കൈകള്‍ പിന്നില്‍ പിണച്ചുചേര്‍ത്ത് അയാള്‍ അവളെ തന്നെ നോക്കി നിന്നു. ‘കാലം കടന്നുപോയി. ഒരിക്കല്‍കൂടി ഇങ്ങനെ കണ്ടുമുട്ടാനാകുമെന്ന് സ്വപ്നത്തില്‍പോലും കരുതിയില്ല…’അവളുടെ സ്വരം ലോലമായി…”
പ്രണയത്തിന്റെ വിരഹകാലത്തെ തുറന്നുവെക്കുകയാണ് ‘ഹൃദയരാഗങ്ങള്‍’ ആത്മകഥയിലൂടെ ഡോ.ജോര്‍ജ്ജ്ഓണക്കൂര്‍. ഓരോ എഴുത്തും ജീവിതത്തില്‍ നിന്നുള്ള പകര്‍ത്തിയെഴുത്താണ്. അനുഭവങ്ങളുടെ തീച്ചൂളയില്‍ സ്വാംശീകരിച്ചതാണവയെല്ലാം. എഴുത്തിലും വാക്കിലും ചെറുചിരിയിലും ജീവിതത്തിലെപ്പോഴും പ്രണയത്തെ വെളിച്ചപ്പെടുത്തുന്നു. ജീവിതത്തിന്റെ ദൃക്‌സാക്ഷിവിവരണമല്ല അദ്ദേഹത്തിന് ആത്മകഥയെഴുത്ത്. മനോഹരമായ കവിതപോലെ വായിച്ചുപോകാവുന്ന ഒഴുക്കുണ്ടതിന്. ഉദ്വേഗവും ആകാംക്ഷയും രസച്ചരടിന് മുറുക്കം കൂട്ടും. അത്രത്തോളം സത്യസന്ധമാണത്. ഉള്ളറിഞ്ഞ എഴുത്തിന് അംഗീകാരം തേടിവന്നു. ഇത്തവണത്തെ കേന്ദ്ര സാഹിത്യഅക്കാദമി പുരസ്‌കാരം മലയാളത്തിലേക്ക് വന്നത് ഡോ.ജോര്‍ജ്ജ് ഓണക്കൂറിന്റെ ആത്മകഥ, ‘ഹൃദയരാഗങ്ങളി’ലൂടെയാണ്. ഹൃദയംകൊണ്ടൊരു രാഗ വിസ്താരം നടത്തുകയാണദ്ദേഹം.
മലയാളത്തിലെ ആദ്യത്തെ കാമ്പസ് നോവലിന്റെ രചയിതാവ്. പിന്നീടത് മലയാളത്തിലെ ആദ്യ കാമ്പസ് ചലച്ചിത്രമായി മാറിയ, ‘ഉള്‍ക്കടലി’ന്റെ തിരക്കഥാകൃത്ത്. എന്റെ ആകാശവും യമനവും എഴുതിയ നോവലിസ്റ്റ്. കല്‍ത്താമരയും ഇല്ലവും സമതലങ്ങള്‍ക്കപ്പുറവും കാമനയും ഹൃദയത്തിലൊരു വാളും എഴുതിയ പ്രതിഭ. ഇന്ദിരാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി സ്ത്രിശാക്തീകരണത്തെ കുറിച്ച് ആദ്യമായി നോവലെഴുതിയയാള്‍…അതിലുപരി നല്ല അധ്യാപകനും ഗവേഷകനും…വിശേഷണങ്ങള്‍ ഏറെയുണ്ടദ്ദേഹത്തിന്.
കൂത്താട്ടുകുളത്തിനടുത്ത് ഓണക്കൂര്‍ ഗ്രാമത്തില്‍ നിന്ന് തിരുവനന്തപുരത്ത് അധ്യാപകനായി എത്തിയ അദ്ദേഹം ആറുപതിറ്റാണ്ടായി തിരുവനന്തപുരത്തുകാരനാണ്. എങ്കിലും ഓണക്കൂര്‍ ഗ്രാമത്തിന്റെ വിശുദ്ധിയും നൈര്‍മ്മല്യവും വിട്ടുകളയാന്‍ തയ്യാറല്ല. തിരുവനന്തപുരത്ത് നാലാഞ്ചിറയിലുള്ള സുദര്‍ശന എന്ന വീട്ടിലെത്തിയാല്‍ ഗ്രാമീണന്റെ വിശുദ്ധിയോടെയാണദ്ദേഹം സ്വീകരിക്കുക. എപ്പോഴും ചിരിക്കാന്‍ എങ്ങനെകഴിയുന്നു എന്നു ചോദിച്ചാല്‍ നിറഞ്ഞ ചിരിയോടെ ഉത്തരം പറയും…
”എന്റെ ഗ്രാമത്തെ മറന്ന്, എന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചതു മറന്ന് ഞാനെങ്ങനെ ജീവിക്കും?..”
ഓണക്കൂര്‍ വിശുദ്ധ ഗ്രാമം
”പഴയകാല നാട്ടിന്‍പുറങ്ങളെപ്പോലെ എന്റെ ഗ്രാമവും നെല്‍പാടങ്ങള്‍ നിറഞ്ഞതായിരുന്നു. കൃഷിക്കാരായിരുന്നു കൂടുതലും. എന്റെ കുട്ടിക്കാലത്ത് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉണ്ടായിരുന്നില്ല. ഓടു മേഞ്ഞ വീടുകളായിരുന്നു ഏറെയും. അതിനു പ്രത്യേകഭംഗിയായിരുന്നു. അന്നൊക്കെ പരിമിത ജീവിതസാഹചര്യങ്ങളേ എന്റെ ഗ്രാമത്തിലും ഉണ്ടായിരുന്നുള്ളൂ. ചെമ്മണ്‍പാതകള്‍. സ്വന്തമായി ആര്‍ക്കും വാഹനങ്ങളില്ല. സൈക്കിളുണ്ട്. അതാണ് ചിലരുടെ ആഡംബരം. ഒന്നോ രണ്ടോ ബസ്സുകള്‍ ഇടയ്‌ക്ക് ഓടും. കാലം മാറിയപ്പോള്‍ ഇടുക്കി എറണാകുളം റോഡ് ഞങ്ങളുടെ ഗ്രാമത്തെ കീറിമുറിച്ചു. വാഹനങ്ങളുടെ തിരക്കായി. ഗ്രാമത്തിന്റെ സൗമ്യതയിലേക്ക് നഗരത്തിന്റെ പ്രൗഢി വന്നു. അനിവാര്യമായ മാറ്റങ്ങള്‍. ഞങ്ങളുടെ നാട്ടില്‍ ധാരാളം കാവുകളുണ്ടായിരുന്നു. വൃത്തിയും ശുദ്ധിയും കാത്തു സൂക്ഷിക്കുന്നവ. അവയോടനുബന്ധിച്ച് ദേവീ ക്ഷേത്രങ്ങളും. ക്ഷേത്രങ്ങള്‍ക്ക് മതില്‍ക്കെട്ടുകളില്ലായിരുന്നു. തൊട്ടടുത്ത് കന്യാമറിയത്തിന്റെ വലിയപള്ളി. ദേവിയും കന്യാമറിയവും സഹോദരിമാരായി സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞകാലം. ഞങ്ങളുടെ അയല്‍ ഗ്രാമം ചോറ്റാനിക്കര. ദേവീ സ്ഥാനം. ചോറ്റാനിക്കര പിന്നിട്ടാല്‍ പ്രസിദ്ധമായ പാഴൂര്‍ പടിപ്പുര. മഹാപണ്ഡിതന്മാരായ ജ്യോതിശാസ്ത്ര ഗണകന്മാരുടെ ഇടം. പിറവം പുഴയുടെ ഓരത്ത് പെരുംതൃക്കോവില്‍. ഇടത്തേക്ക് തിരിഞ്ഞാല്‍ ആദിശങ്കരന്റെ അമ്മ ആര്യാംബാ അന്തര്‍ജനത്തിന്റെ ഇല്ലം മേല്‍പ്പാഴൂര്‍മന. ആ ഇല്ലത്താണ് ആദിശങ്കരന്‍ ജനിച്ചത്. ചോറ്റാനിക്കര അമ്മയുടെ ദേവതാത്മാവാണ് ഓണക്കൂര്‍ ക്ഷേത്രത്തില്‍ കുടികൊള്ളുന്നത്. ആധ്യാത്മികതയുടെ പരമശാന്തിയും പ്രകൃതി ഭംഗിയുടെ പൂര്‍ണ്ണതയും മനുഷ്യാധ്വാനത്തിന്റെ ഗുണഫലങ്ങളും എന്റെ ഗ്രാമത്തില്‍ ഒത്തു ചേര്‍ന്നു…”
ആദ്യകഥ ‘കാരാഗൃഹത്തില്‍’
‘ഞങ്ങളുടെ ഗ്രാമം സമരഭൂമിക കൂടിയായിരുന്നു. തിരുവിതാംകൂറിലെ ദിവാന്‍ ഭരണത്തിനെതിരെ, ദിവാന്റെ സ്വേഛാധിപത്യത്തിനെതിരെ കൂത്താട്ടുകുളത്തും സമീപ പ്രദേശങ്ങളിലും വലിയ കൊടുങ്കാറ്റുയര്‍ത്തിയ പ്രതിഷേധങ്ങള്‍ നടന്നു. ദിവാന്‍ ഭരണം അവസാനിപ്പിക്കണമെന്നും മൗലിക സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭങ്ങള്‍. യുവാക്കള്‍ ഒന്നടങ്കം സമരത്തില്‍ പങ്കെടുത്തു. ദിവാന്റെ പോലീസ് പൈശാചികമായാണ് സമരത്തെ നേരിട്ടത്. ഞാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. കുട്ടികളും സമരത്തിനിറങ്ങി. എന്നെ പോലീസ് പിടിച്ചെങ്കിലും അച്ഛനെ അറിയാമായിരുന്നതുകൊണ്ട് താക്കീത് നല്‍കി ഇറക്കി വിട്ടു. അടുത്ത സുഹൃത്ത് പാമ്പാക്കുട അയ്യപ്പനെ പക്ഷേ അവര്‍ വിട്ടില്ല. ഭരണകൂട ഭീകരത അരങ്ങേറിയപ്പോള്‍ പാപ്പാക്കുട അയ്യപ്പനും തിരുമാറാടി രാമകൃഷ്ണനും മണ്ണത്തൂര്‍ വഗ്ഗീസും രക്തസാക്ഷികളായി. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന അയ്യപ്പന്റെ മരണത്തില്‍ പ്രതിഷേധിക്കാനായിരുന്നു ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സമരം. അയ്യപ്പന്റെ വേര്‍പാട് എന്നെ കൂടുതല്‍ വേദനിപ്പിച്ചു. ആ വേദനയില്‍ നിന്നാണ് ‘കാരാഗൃഹത്തില്‍’ എന്ന ചെറുകഥ പിറക്കുന്നത്. അയ്യപ്പന്റെ ചോരയില്‍ തൊട്ടെഴുതിയ ആ കഥ തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കെ.ബാലകൃഷ്ണന്‍ എഡിറ്ററായ ‘കൗമുദി’ വാരികയുടെ ബാലപംക്തിയില്‍ അച്ചടിച്ചുവന്നു. ഞാനന്ന് പത്താതരം പഠിക്കുകയായിരുന്നു. എന്‍.കെ.ജോര്‍ജ്ജ് എന്ന പേരിലായിരുന്നു ആദ്യ കഥയെഴുത്ത്. പിന്നീട് ഇല്ലം എന്ന നോവലായി വികസിച്ചത് ആ കഥയാണ്.”
പതിനെട്ടു ദിവസത്തെ ആദ്യ നോവല്‍
അകലെ ആകാശമാണ് ഓണക്കൂറിന്റെ ആദ്യ നോവല്‍. ”ഞങ്ങളുടെ ഗ്രാമത്തിലെ കര്‍ഷകരുടെ ജീവിതത്തില്‍ നിന്നാണ് അകലെആകാശം ജനിക്കുന്നത്. ശേഖരന്‍കുട്ടി എന്ന കൃഷി ഓഫീസറെ നായകനാക്കിയെഴുതിയ നോവല്‍. വ്യത്യസ്തമായ സാമൂഹ്യ സാഹചര്യങ്ങളില്‍ സ്വയം നഷ്ടപ്പെടുന്ന മനുഷ്യരുടെ കഥ. നാട്ടില്‍ കഴിച്ചുകൂട്ടിയ മധ്യവേനല്‍ അവധിയില്‍ പതിനെട്ടുദിവസത്തെ എഴുത്തിലാണ് നോവല്‍ പിറന്നത്. സ്വന്തം നാടും നാട്ടിന്‍പുറത്തുകാരും കഥാപാത്രങ്ങളായി. ‘ഇല്ലം’ എന്ന നോവലും കാര്‍ഷിക ഗ്രാമ വ്യവസ്ഥയെ അടിസ്ഥാനമാക്കി രചിച്ചതാണ്. അകലെ ആകാശത്തിന്റെ തുടര്‍ച്ചയായിരുന്നു ആ നോവല്‍. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമം നാട്ടിലെ കാര്‍ഷിക മേഖലയിലും കുടുംബ വ്യവസ്ഥയിലുമുണ്ടാക്കിയ മാറ്റമായിരുന്നു നോവലിന്റെ ഇതിവൃത്തം. ഇല്ലത്തിന് ധാരാളം വായനക്കാരുണ്ടായി. നോവല്‍, വായനയുടെ പുതിയ ആഹ്ലാദമായി മാറിയപ്പോഴും നിരവധി എതിര്‍ശബ്ദങ്ങള്‍ ഉണ്ടായി. വിപ്ലവപ്പാര്‍ട്ടിക്കാര്‍ പേരുവെളിപ്പെടുത്താതെ പരിഹസിച്ചു. കള്ളപ്പേരുകളില്‍ നിരൂപണങ്ങള്‍ വന്നു. കോളജ് അധ്യാപകനായി നാലക്ക ശമ്പളം പറ്റുന്നയാള്‍ക്ക് വിപ്ലവത്തെ കുറിച്ച് പറയാനെന്തവകാശമെന്നായിരുന്നു ചോദ്യം. അധിക്ഷേപം അതിരുവിട്ടപ്പോള്‍ ഇഎംഎസ്സിനെ പോയി കണ്ടു. അന്നദ്ദേഹം ശാന്തിനഗറിലെ പത്താം നമ്പര്‍ വീട്ടിലായിരുന്നു താമസം. തുടരാക്രമണങ്ങള്‍ക്ക് അദ്ദേഹമാണ് തടയിട്ടത്.”
ഓണക്കൂര്‍ എന്ന തിരുവനന്തപുരത്തുകാരന്‍
”പേരിനൊപ്പം ഗ്രാമത്തിന്റെ പേരുകൂടി ചേര്‍ത്തെങ്കിലും ജോര്‍ജ്ജ് എന്ന പേര് അധികമാരും വിളിക്കാറില്ല. ഓണക്കൂര്‍ എന്നു മാത്രം. എന്റെ മനോഹരമായ ഗ്രാമത്തിന്റെ പേരില്‍ അറിയപ്പെടുന്നതില്‍ ഞാനഭിമാനിക്കുന്നു. അധ്യാപകനാകാനായാണ് ഞാന്‍ തിരുവനന്തപുരത്തെത്തിയത്. പ്രശസ്തമായ മാര്‍ഇവാനിയോസ് കോളേജില്‍ അധ്യാപകനായി. ജീവിതത്തില്‍ വിപുലമായ അനുഭവ സമ്പത്തും വിസ്തൃതമായ ശിഷ്യ സമ്പത്തും നല്‍കിയത് മാര്‍ഇവാനിയോസ് കോളജാണ്. തിരുവനന്തപുരം നഗരത്തില്‍ എവിടെ സഞ്ചരിച്ചാലും എന്റെ ശിഷ്യരെ കാണാം. അതില്‍ രാഷ്‌ട്രീയക്കാരുണ്ട്. മന്ത്രിമാരുണ്ട്. പോലീസ് ഉദ്യോഗസ്ഥരുണ്ട്. അധ്യാപകരുണ്ട്. സാഹിത്യക്കാരും സിനിമാക്കാരും ഗായകരുമുണ്ട്. കച്ചവടക്കാരും ഡോക്ടര്‍മാരും മാധ്യമ പ്രവര്‍ത്തകരുമുണ്ട്. കന്യാസ്ത്രീകളും പുരോഹിതരുമുണ്ട്. അധ്യാപകനായതുകൊണ്ടുണ്ടായ ഗുണം വളരെയേറെയാണ്. നല്ലൊരു അധ്യാപകനായിരുന്നു ഞാനെന്നാണ് എന്റെ വിശ്വാസം. മറിച്ചാരും ഇതുവരെ പറഞ്ഞിട്ടില്ല. അതില്‍ ഏറെ അഭിമാനവുമുണ്ട്. ഓണക്കൂറുകാരനായി അറിയപ്പെടാന്‍ ആഗ്രഹിക്കുമ്പോഴും ഞാന്‍ തിരുവനന്തപുരത്തുകാരന്‍ കൂടിയാണ്. സാഹിത്യ സൃഷ്ടികള്‍ ഏറെ നടത്തിയത് നാലാഞ്ചിറയിലെ എന്റെ വീട്ടിലിരുന്നാണ്. സമ്പന്നമായ ബന്ധങ്ങളും തിരുവനന്തപുരത്തു നിന്നാണ്. മാര്‍ഇവാനിയോസ് കോളജില്‍ നിന്ന് ഇടയ്‌ക്ക് വിട്ടുനില്‍ക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. അക്കാലത്ത് ജീവിക്കാനായി പത്രപ്രവര്‍ത്തകനുമായി. ദീപികയിലായിരുന്നു ആ നിയോഗം. പിന്നീട് എറണാകുളത്തെ ഭാരതമാതാ കോളജില്‍ അധ്യാപകനായി. വീണ്ടും മാര്‍ഇവാനിയോസിലെത്തുന്നത് മലയാളം വകുപ്പ് മേധാവിയായാണ്.”
പോരാട്ടങ്ങളുടെ സമതലങ്ങള്‍ക്കപ്പുറം
”തെറ്റുകളോട് സമരസപ്പെടാന്‍ കഴിയുമായിരുന്നില്ല. തെറ്റുകള്‍ക്കെതിരെ പോരാട്ടം നയിക്കുമ്പോള്‍ മുന്നില്‍ തന്നെ നിന്ന് നയിച്ചു. പുരോഹിതര്‍ തെറ്റു ചെയ്താലും അത് തെറ്റാണെന്ന് ഭയലേശമില്ലാതെ വിളിച്ചു പറഞ്ഞു. അത് പലര്‍ക്കും അലോസരമുണ്ടാക്കിയിട്ടുണ്ട്. തനിക്ക് നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ആരുടെ മുന്നിലും തലതാഴ്‌ത്തി നില്‍ക്കാന്‍ തയ്യാറായിരുന്നില്ല. ‘സമതലങ്ങള്‍ക്കപ്പുറം’ എന്ന നോവലില്‍ സമാനതകളില്ലാത്ത പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. ഇപ്പോള്‍ യുജിസി ശമ്പളവും മറ്റാനുകൂല്യങ്ങളും വാങ്ങി സന്തോഷത്തോടെ കഴിയുന്ന സ്വകാര്യ കോളജ് അധ്യാപകര്‍ ആ നോവല്‍ വായിക്കണം. സ്വകാര്യ കോളജ് അധ്യാപകര്‍ക്ക് കോളജ് മാനേജര്‍ തന്നെ ശമ്പളം കൊടുക്കുന്ന കാലമുണ്ടായിരുന്നു. ജോലി സ്ഥിരതയില്ല. എത്രകാലം ജോലി ചെയ്താലും എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാം. രജിസ്റ്ററില്‍ എഴുതുന്ന ശമ്പളമായിരിക്കില്ല കയ്യില്‍ കിട്ടുന്നത്. കേരളത്തിലെ സ്വകാര്യകോളജ് അധ്യാപകര്‍ ശമ്പള തുല്യതയ്‌ക്കായി സമരം ചെയ്തപ്പോള്‍ മുന്നില്‍ തന്നെ നിന്നു. അതിന്റെ പേരില്‍ സര്‍ക്കാരും മാനേജ്‌മെന്റും ശത്രുക്കളായി. അറസ്റ്റും നടപടികളുമുണ്ടായി. ഒടുവില്‍ സമരം വിജയിക്കുകയും സര്‍ക്കാര്‍ കോളജ് അധ്യാപകര്‍ക്കു നല്‍കുന്ന തരത്തില്‍, ശമ്പളതുല്യത അനുവദിച്ചു. മറ്റ് സേവന വ്യവസ്ഥകളും നടപ്പാക്കി. ‘സമതലങ്ങള്‍ക്കപ്പുറം’ കേരളത്തിലെ സ്വകാര്യ കോളജ് അധ്യാപകരുടെ പോരാട്ടങ്ങളുടെ വിജയകഥയാണ്.
എം.പി.പോളും സി.ജെ.തോമസും
”തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു പ്രൊഫ. എം.പി.പോള്‍സാര്‍. ഒരു ദിവസം പോള്‍സാറിന്റെ ശമ്പളത്തില്‍ പത്തുശതമാനം കുറവു വരുത്തി. വ്യക്തമായ കരാര്‍ ഒപ്പുവച്ച് ജോലിയില്‍ പ്രവേശിച്ച തന്റെ ശമ്പളം കുറവു വരുത്തിയതിനെതിരെ അദ്ദേഹം നിവേദനങ്ങള്‍ നല്‍കിയെങ്കിലും അതൊന്നും മാനേജ്‌മെന്റ് കണ്ടില്ലെന്ന് നടിച്ചു. നീതി കിട്ടണമെന്നാവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. അപ്പോള്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു. കോടതി പോള്‍സാറിന്റെ സങ്കടം കേട്ടെങ്കിലും നഷ്ടപരിഹാരം വാങ്ങി പിരിഞ്ഞുപോകാന്‍ പറഞ്ഞു. മലയാളത്തിലെ ആദ്യത്തെ പീഡിതനായ അധ്യാപകനാണ് അദ്ദേഹം. തന്റെ പീഡാനുഭവ ചരിത്രം ‘ഹിസ്റ്ററി ഓഫ് എ കട്ട്’ എന്ന പേരില്‍ പുസ്തകമാക്കി. കോളജില്‍ നിന്ന് പിരിഞ്ഞ പോള്‍സാര്‍ തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളജിനുമുന്നില്‍ തന്നെ ‘എം.പി.പോള്‍ കോളജ്’ എന്ന പാരലല്‍കോളജ് തുടങ്ങി. കേരളത്തിലെ ആദ്യ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായിരുന്നു അത്. ‘എം.പി.പോള്‍; കലാപത്തിന്റെ തിരുശേഷിപ്പുകള്‍’ എന്ന ജീവചരിത്ര ഗ്രന്ഥം എഴുതാനുള്ള ഭാഗ്യം എനിക്കുണ്ടായി. ‘മണല്‍ക്കാറ്റിന്റെ ശബ്ദം’ എന്ന പേരില്‍ സി.ജെ.തോമസിന്റെ ആത്മകഥയും എഴുതി. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സി.ജെ.തോമസിനെ വൈദികനാക്കാന്‍ ആഗ്രഹിച്ച മാതാപിതാക്കള്‍ വൈദിക വിദ്യാര്‍ത്ഥിയായി കോട്ടയം സിഎംഎസ് കോളജില്‍ അയച്ചു. ശെമ്മാശനായിരുന്ന സി.ജെ. തോമസ് താമസിയാതെ ളോഹ വലിച്ച് കീറി ഒരു വിപ്‌ളവകാരിയായി തിരിച്ചുപോന്നു.”
യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നു
”ധാരാളം യാത്രചെയ്യാനാഗ്രഹിക്കുന്ന, യാത്രകളെ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. ഓസ്‌ട്രേലിയ, അന്റാര്‍ട്ടിക്ക എന്നിവയൊഴിച്ച് എല്ലാ ഭൂഖണ്ഡങ്ങളിലും പോയിട്ടുണ്ട്. ഒലിവുമരങ്ങളുടെ നാട്ടില്‍, ആകാശത്തിന്റെ അടരുകള്‍ എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. നോവലിസ്റ്റുകള്‍ യാത്രാവിവരണമെഴുതിയാല്‍ അതിന് സവിശേഷമായ മേന്‍മയുണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കഥാകാരന്‍ അല്ലെങ്കില്‍ നോവലെഴുത്തുകാരന്‍ ഒരു ഭൂ വിഭാഗത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അവിടെ മനുഷ്യരെ കാണുന്നു, കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. ജീവിത സന്ധികള്‍ പുനഃരാവിഷ്‌കരിക്കുന്നു. സര്‍ഗ്ഗ ചൈതന്യമുള്ള കഥാകൃത്തിന്റെ സഞ്ചാരപഥത്തിലെ അനുഭവങ്ങള്‍ ഹൃദയസ്പര്‍ശിയായിരിക്കും.
മനസ്സില്‍ ഇപ്പോഴുംകടലിരമ്പം
”ഉള്‍ക്കടല്‍ എന്ന നോവലിന്റെ അര്‍ത്ഥം നമ്മള്‍ സാമാന്യമായി വിവക്ഷിക്കുന്ന ഉള്‍ക്കടല്‍ എന്നല്ല. ‘ദി സീ വിത്തിന്‍’. പ്രണയാതുരമായ, പ്രണയം നഷ്ടപ്പെടാന്‍ വിധിക്കപ്പെട്ട ഒരു മനുഷ്യന്റെ മനസ്സിനുള്ളിലെ കടലിനെ കുറിച്ചാണ് നോവലില്‍ പറയുന്നത്. ആത്മാംശമുള്ള നോവലാണ് ഉള്‍ക്കടല്‍. ജീവിതയാഥാര്‍ഥ്യങ്ങളുടെ തിരിച്ചറിവില്‍ നിന്നാണ് താന്‍ കഥകളും നോവലുകളുമെഴുതുന്നത്. വാക്ക് സത്യമാണ്. സത്യം ദൈവമാണ്. സത്യമല്ലാത്തതൊന്നും എഴുതാനോ പ്രവര്‍ത്തിക്കാനോ തനിക്കാകില്ല. ഉള്‍ക്കടലിലെ നായകന്‍ രാഹുലന്റെ സൃഷ്ടിയിലും ആ സത്യസന്ധത പുലര്‍ത്തിയിട്ടുണ്ട്. മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും കോളജ് ക്യാമ്പസിനെ അടുത്തറിഞ്ഞാണ് എഴുത്ത് സാധ്യമാക്കിയത്…”
”എത്രകണ്ടാലും മടുപ്പു തോന്നാത്ത കടലിന്റെ സൗന്ദര്യം പോലെ…, എത്രകേട്ടാലും മതിവരാത്ത സംഗീതത്തിന്റെ മാധുര്യം പോലെ….” 1979 ~ഒക്‌ടോബറില്‍ കേരളത്തിലെ തീയറ്ററുകളിലെത്തിയ ഉള്‍ക്കടല്‍ എന്ന ചലച്ചിത്രത്തിന്റെ പരസ്യവാചകം ഇതായിരുന്നു. അസ്തമയസൂര്യനു കീഴെ തിരയടിക്കാന്‍ വെമ്പിനില്‍ക്കുന്ന ചുവന്ന കടലിന്റെ ആഴങ്ങളിലേക്ക് മുഖം തിരിഞ്ഞു നില്‍ക്കുന്ന നായകന്റെ ചിത്രമുള്ള പോസ്റ്ററിനു മുകളില്‍ എഴുതിച്ചേര്‍ത്ത വാചകങ്ങളായിരുന്നു അത്. കടലിന്റെ സൗന്ദര്യം വര്‍ണനാതീതമാണ്. കടലിന്റെ അകലങ്ങളിലേക്ക് ആഴങ്ങളെ സ്വപ്‌നം കണ്ട് നോക്കി നില്‍ക്കുമ്പോള്‍ മനസ്സില്‍ പ്രണയം മുളപൊട്ടും. കടല്‍ തിരകള്‍ക്ക് രൗദ്രഭാവമാണെങ്കിലും ആഴങ്ങളിലേക്കത് പ്രണയായാര്‍ദ്രമാകും. കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്ത ഉള്‍ക്കടല്‍ എന്ന ചലച്ചിത്രവും മലയാളിയുടെ മനസ്സില്‍ നിറച്ചത് ആ ആര്‍ദ്രതയാണ്. പ്രണയത്തിന്റെ നനുത്ത സ്പര്‍ശം. സിനിമ പ്രേക്ഷകരിലേക്കെത്തുന്നതിനും നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ജോര്‍ജ്ജ് ഓണക്കൂറിന്റെ വിഖ്യാത നോവല്‍ ‘ഉള്‍ക്കടല്‍’ വായനക്കാരുടെ കൈകളിലെത്തിയിരുന്നു. മലയാളത്തിലെ ആദ്യത്തെ ക്യാമ്പസ് നോവലായിരുന്നു അത്. വായനക്കാരുടെ മനസ്സില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും കടലിരമ്പം തീര്‍ത്ത ഉള്‍ക്കടല്‍ നോവലിന് 45 വര്‍ഷം പിന്നിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: