ശ്രീമൂലനഗരം പൊന്നന്
എങ്ങനെ താങ്ങുമീ വേദന ഞാനിനി
ഇന്നലെക്കേട്ടൊരാ വാര്‍ത്തയില്‍ നീറവേ
ഏതൊരു തെറ്റിനും ഇത്രമേല്‍ ശിക്ഷയോ
നിന്നിലെയമ്മയെ നീയാദ്യം കൊന്നുവോ?
സ്വന്തം മകളെ കുരുതി കൊടുത്തിട്ടു
തന്നെത്താന്‍ തന്നേ നശിപ്പിച്ചോരമ്മ നീ
പക്ഷേ വിധി നിന്റെ കുഞ്ഞിനെ മാത്രമായ്
തട്ടിയെടുത്തിട്ട് തോല്‍പ്പിച്ചു പിന്നെയും.
നീ കണ്ട സ്വപ്നങ്ങളൊന്നും മുളച്ചില്ല;
നിന്നെ സഹജീവിയായാരുമേ കണ്ടീല.
എങ്കിലും സമനിലതെറ്റിയോര്പോലുമേ
ചെയ്യാത്തചതിയല്ലോ ചെയ്തു നീ പാവമേ.
നീ വിളമ്പുന്ന വിഷം കണ്ടു പേടിച്ചു
‘വേണ്ടമ്മേ ഞാന്‍ നന്നായ് പഠിക്കുന്നോളല്ലയോ?’
എന്നു മൊഴിഞ്ഞാര്ത്തു കേണിട്ടും നീ നിന്റെ
പൊന്നോമനയ്ക്ക് വിധിച്ചല്ലോ ദുര്‍മൃത്യു.
പെണ്ണേ നിനക്കെന്ത് പറ്റീ! കൊടുംദുഃഖ-
ക്കടലുനീന്തുന്നോരും മക്കളെക്കൊല്ലുമോ?
എങ്ങനെ നീയതു സാധിച്ചു? നിന്നിലെ
പണ്ടത്തെപ്പാവത്തെ നീയാദ്യം കൊന്നുവോ?
നിന്നെ വിധിക്കുവാന്‍ ഞാനും സമൂഹവും
പണ്ടേയശക്തര്, പാപത്തിന് പങ്കുള്ളോര്
എങ്കിലും യാചിച്ചു പോകുന്നു ലോകമേ
മക്കളെക്കൊല്ലാതെ, കൊല്ലാതെ, കൊല്ലാതെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: