ന്യൂദല്‍ഹി: ഐഎസ് തലവന്‍ അബു ഇബ്രാഹിം അല്‍ ഹഷിമി അല്‍ ഖുറേഷിയുടെ വീടിന് ചുറ്റും യുഎസ് സൈന്യം വളയുമ്പോള്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഉള്‍പ്പെടെയുള്ള സംഘം വൈറ്റ്ഹൗസിലിരുന്ന് ദൃശ്യങ്ങള്‍ തത്സമയം കാണുകയായിരുന്നു. അത്രയധികം തയ്യാറെടുപ്പുകളോടെയാണ് യുഎസ് ആക്രമണത്തിനൊരുങ്ങിയത്. അബു ഇബ്രാഹിമെന്ന കൊടും ഭീകരന് പലയിടങ്ങളില്‍ ഓടിയൊളിച്ചിട്ടും സൈന്യം വിട്ടില്ല.
ജനവാസം കൂടുതലുള്ള പ്രദേശത്തായിരുന്നു അബു ഇബ്രാഹിമിന്റെ താമസം. വ്യോമാക്രമണം ഒരു പ്രദേശത്തെയാകെ ദുരിതത്തിലാക്കുമെന്നതിനാല് വീട് മാത്രം കേന്ദ്രീകരിച്ച് നീങ്ങി. മാസങ്ങളായുള്ള ശ്രമത്തിനൊടുവിലാണ് അബു ഇബ്രാഹിം താമസിക്കുന്ന വീടിന്റെ കൃത്യമായ രൂപം യുഎസ് തയാറാക്കിയത്. ഇതിന്റെ 3ഡി ദൃശ്യമുള്‍പ്പെടെ പരിശോധിച്ച് സൈന്യം തയ്യാറെടുത്തു. ഫെബ്രുവരി രണ്ടിന് അതിസാഹസികമായ ആക്രമണത്തിന് ബൈഡന് ഉത്തരവ് നല്കി. പിറ്റേദിവസം അബു ഇബ്രാഹിമിന്റെ വീടിന് സമീപം യുഎസ് സേന പറന്നിറങ്ങുകയായിരുന്നു. ഹെലികോപ്ടറിലൂടെ സൈന്യത്തിന്റെ വരവ് വിളിച്ചറിയിച്ചു. കീഴടങ്ങിയില്ലെങ്കില്‍ മിസൈല്‍ ആക്രമണം നടത്തുമെന്ന് ശബ്ദസന്ദേശത്തിലൂടെ മുന്നറിയിപ്പ് നല്കി.
സാധാരണക്കാരെ സമീപ പ്രദേശങ്ങളില്‍ നിന്നും മാറ്റി. അബു ഇബ്രാഹിം താമസിച്ച വീടിന് താഴത്തെ നിലയിലുണ്ടായിരുന്ന കുടുംബത്തെ പോലും സുരക്ഷിതമാക്കിയ ശേഷമായിരുന്നു പിടിച്ചടക്കാനുള്ള ശ്രമം. തുടക്കത്തില്‍ വലിയ തോതില്‍ വെടിയുതിര്‍ത്ത അബു ഇബ്രാഹിമും കൂട്ടാളികളും പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും സൈന്യം രണ്ട് മണിക്കൂറോളം നിലയുറപ്പിച്ച് നിന്നു. ഇതോടെ സ്വയം സ്ഫോടനമുണ്ടാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: