കൊല്ലം: വിസ്മയ കേസില്‍ വിചാരണ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നു. കൊല്ലം ഒന്നാം അഡീ. സെഷന്‍സ് ജഡ്ജി കെ.എന്‍. സുജിത് മുമ്പാകെയാണ് വിചാരണ. ഇന്നലെ കിരണിന്റെ അനുജത്തി കീര്‍ത്തി, വല്യച്ഛന്റെ മകന് അനില്‍കുമാര്‍, അയാളുടെ ഭാര്യ ബിന്ദുകുമാരി എന്നിവര്‍ കോടതിയില്‍ കൂറുമാറി. സാക്ഷികള്‍ കൂറുമാറിയെങ്കിലും സ്പെഷ്യല്‍ പ്രോ
സിക്യൂട്ടര്‍ ജി. മോഹന്‍രാജിന്റെ വിസ്താരത്തില്‍ ബിന്ദുകുമാരി മരണമറിഞ്ഞ് പത്മാവതി ആശുപത്രിയില്‍ ചെന്ന് കിരണിനെ കണ്ടപ്പോള്‍ ഇപ്പോള്‍ നിനക്ക് സ്വര്‍ണവും കാറുമൊക്കെ കിട്ടിയോടാ എന്നു ചോദിച്ചു എന്നും അപ്പോള്‍ കിരണ്‍ കൈമലര്‍ത്തി കാണിച്ചു എന്നും മൊഴി നല്കി.
കിരണിന്റെ സഹോദരി കീര്‍ത്തി താനും വിസ്മയയുമായി ആത്മബന്ധമുണ്ടായിരുന്നതായും എന്നാല്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട് കിരണും വിസ്മയയും തമ്മില്‍ യാതൊരു തര്‍ക്കവുമുണ്ടായിട്ടില്ല എന്നും മൊഴി നല്കി. തുടര്‍ന്നാണ് കീര്‍ത്തിയെ കൂറുമാറിയതായി പ്രഖ്യാപിച്ചു.
വിസ്മയയെ മരണപ്പെട്ട നിലയില്‍ ശാസ്താംകോട്ട പത്മാവതി ആശുപത്രിയില്‍ ജനുവരി മൂന്നിന് എത്തിച്ചതായി കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. അമല്യശോധരന് മൊഴിനല്‍കി. മരണം സ്ഥിരീകരിച്ച ശേഷം പുറത്തുവന്ന് കാര്യം തിരക്കിയപ്പോള്‍ ഭര്‍ത്താവ് എന്നു പരിചയപ്പെടുത്തിയ ആള് തങ്ങള്‍ തമ്മില്‍ വഴക്കുണ്ടായതായും തുടര്‍ന്ന് വിസ്മയ ശുചിമുറിയില്‍ കയറി കതകടച്ചതായും കുറേനേരം കഴിഞ്ഞ് ശബ്ദം കേള്‍ക്കാത്തതിനാല്‍ താന്‍ വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി എന്നു പറഞ്ഞതായും സാക്ഷി മൊഴിനല്‍കി.
കിരണിന്റെ സഹപ്രവര്‍ത്തകനായിരുന്ന മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന് അജേഷ് കിരണിനെ ചടയമംഗലം പോലീസ് സ്റ്റേഷനില്‍ പിടിച്ചു വച്ചിരിക്കുന്നതായി അറിഞ്ഞ് അവിടെ ചെന്നതായി പറഞ്ഞു. പ്രതിയും അജേഷും തമ്മിലുള്ള ഫോണിലൂടെയുള്ള സംഭാഷണം സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു.
വിസ്മയയുടെയും കിരണിന്റെയും വിവാഹം രജിസ്റ്റര്‍ ചെയ്ത നിലമേല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രഭാകരന്‍പിള്ള, നിലമേല്‍ ഫെഡറല്‍ ബാങ്ക് ശാഖ മാനേജര്‍ രാജേഷ്, വിസ്മയയുടെ സഹോദരനെ പ്രതി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ചികിത്സ നല്കി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ഫാത്തിമ, എന്‍എസ് ആശുപത്രി ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ശ്രീകുമാര്‍, ഇന്‍ക്വസ്റ്റ് പരിശോധന നടത്തിയ കുന്നത്തൂര്‍ തഹസില്‍ദാര്‍ നിസാം എന്നിവരെയും സാക്ഷികളായി വിസ്തരിച്ചു.
വിസ്താരം തിങ്കളാഴ്ചയും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: