ന്യൂദല്‍ഹി: ബെയ്ജിങ്ങ് ശീതകാല ഒളിമ്പിക്‌സിന്റെ ദീപശിഖയേന്തുന്ന ഓട്ടക്കാരനായത് 20 ഇന്ത്യന്‍ പട്ടാളക്കാരുടെ മരണത്തിനിടയാക്കിയ ഗാല്‍വന്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ പട്ടാള കമാന്‍റര്‍ കി ഫബാവോ.
ഇദ്ദേഹത്തിന്റെ ഗാല്‍വന്‍ താഴ് വരയിലെ ധീരകൃത്യത്തിനുള്ള ആദരമെന്നോണമാണ് ബെയ്ജിങ് ശീതകാല ഒളിമ്പിക്സിനുള്ള ദീപശിഖ ഏന്തുന്ന 1200 ഓട്ടക്കാരില്‍ ഒരാളായി കി ഫബാവോയെ ചൈനീസ് സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. ഇതോടെയാണ് ബെയ്ജിങ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ തലേന്നാള്‍ വെള്ളിയാഴ്ച തിരക്കിട്ട് നയതന്ത്ര തലത്തില്‍ ബെയ്ജിങ് ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.
ചൈനീസ് മാധ്യമങ്ങളാണ് ദീപശിഖയേന്തുന്ന 1200 പേരില്‍ ഒരാള്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയ്‌ക്കടുത്തുള്ള ഗാല്‍വനില്‍ ഇന്ത്യന്‍ പട്ടാളത്തിനെതിരായ സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയ പട്ടാള കമാന്‍റര്‍ കി ഫബാവോയാണെന്ന് വെളിപ്പെടുത്തിയത്. അതുവരെ യുഎസ് ഉള്‍പ്പെടെയുള്ള 12 രാഷ്‌ട്രങ്ങള്‍ മനുഷ്യാവകാശപ്രശ്നങ്ങളെച്ചൊല്ലി ബെയ്ജിംഗ് ശീതകാല ഒളിമ്പിക്സ് ബഹിഷ്കരിക്കുമ്പോഴും ഇന്ത്യ പിന്തുണ നല്‍കിയിരുന്നതാണ്. അവസാന നിമിഷമാണ് ഇന്ത്യയുടെ തീരുമാനം വന്നത്.
ചൈനീസ് സേനയുടെ ഗാല്‍വനിലെ റെജിമെന്‍റ് കമാന്‍ററായ കി ഫബാവോയാണ് ബെയ്ജിംങ് ശീതകാല ഒളിമ്പിക്‌സിനുള്ള ദീപശിഖയേന്തിയത്. ഗാല്‍വന്‍ ഏറ്റുമുട്ടലില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് ചൈനീസ് സര്‍ക്കാര്‍ സൈനീക ആദരങ്ങള്‍ നല്‍കിയിരുന്നു. 2020 ഏപ്രിലില്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചൈനീസ് പട്ടാളം അതിക്രമിച്ച് കയറിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ബെയ്ജിങ്ങ് ഒളിമ്പിക്‌സിനുള്ള ദീപശിഖ എന്തിയ 1200 ഓട്ടക്കാരില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു.
ഇതോടെ ബെയ്ജിംഗ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന-സമാപനച്ചടങ്ങുകള്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യില്ലെന്ന് ഇന്ത്യ തീരുമാനിച്ചു. ഇന്ത്യന്‍ എംബസിയിലെ നയതന്ത്ര പ്രതിനിധി ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും സംബന്ധിക്കേണ്ടെന്നും തീരുമാനിച്ചു. അതേ സമയം ഇന്ത്യയില്‍ നിന്ന് സ്‌കീയിങില്‍ ആരിഫ് ഖാന്‍ എന്ന ഏക അത്‌ലറ്റിനെ ബെയ്ജിങ് ശീതകാല ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചു.
യുഎസ് ഉള്‍പ്പെടെയുള്ള 12 ഓളം രാജ്യങ്ങള്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബെയ്ജിംഗ് ശീതകാല ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ചപ്പോള്‍ ഇന്ത്യ തുടക്കത്തില്‍ ഒളിമ്പിക്‌സിനെ പിന്തുണച്ചിരുന്നു. എന്നാല്‍ പിന്നീടാണ് നയതന്ത്രതല ബഹിഷ്‌കരണം എന്ന തീരുമാനം കൈക്കോണ്ടത്. ബെയ്ജിംഗ് ഒളിമ്പിക്‌സിനെ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ബഹിഷ്‌കരിച്ച മോദി സര്‍ക്കാരിന്റെ നീക്കത്തെ യുഎസിലെ ജനപ്രതിനിധികള്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ അഭിനന്ദിച്ചു.
‘നയനന്ത്ര തലത്തില്‍ ബെയ്ജിംഗ് ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ചതിനെ ഞാന്‍ അഭിനന്ദിക്കുന്നു,’- ഡമോക്രാറ്റിക് പാര്‍ട്ടിയില്‍പ്പെട്ട യുഎസ് സെനറ്റിലെ വിദേശബന്ധങ്ങള്‍ക്കുള്ള സമിതിയുടെ അധ്യക്ഷനായ ബോബ് മെനെന്‍ഡസ് പറഞ്ഞു. ‘ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളെയും ബെയ്ജിങ് ശീതകാല ഒളിമ്പിക്‌സിനെ രാഷ്‌ട്രീയ വിജയത്തിനുള്ള മാര്‍ഗ്ഗമാക്കാനുള്ള വൃത്തികെട്ട ശ്രമങ്ങളെയും തള്ളിക്കളഞ്ഞ ഇന്ത്യയൊടും മറ്റ് രാജ്യങ്ങളോടും ഒപ്പം ഞങ്ങള്‍ നിലകൊള്ളുന്നു,’- അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റ് പാര്‍ട്ടിയില്‍പ്പെട്ട ജനപ്രതിനിധികള്‍ മാത്രമല്ല, റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികളും ഇന്ത്യയുടെ ഈ നീക്കത്തെ അഭിനന്ദിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.
സിന്‍ജിയാങ് പ്രവിശ്യയില്‍ ഉയ്ഗുര്‍ മുസ്ലിങ്ങളെ വംശഹത്യ ചെയ്യുന്ന മനുഷ്യാവകാശലംഘനത്തില്‍ പ്രതിഷേധിച്ചാണ് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബെയ്ജിങ് ഒളിമ്പിക്‌സ് നയതന്ത്രതലത്തില്‍ ബഹിഷ്‌കരിച്ചത്. എന്തായാലും ബെയ്ജിംഗ് ശീതകാല ഒളിമ്പിക്സ് ബഹിഷ്കരണത്തോടെ ഇന്ത്യ-ചൈന ബന്ധും കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: