ചങ്ങനാശേരി ഈസ്റ്റ്: ജില്ലയിലെ ഫയര്‍ സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ദുരിതത്തില്‍. മിക്ക ഫയര്‍ സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഉദ്യോഗസ്ഥരെ മാനസികമായി വളരെയധികം സമ്മര്‍ദ്ദത്തിലാക്കുന്നു. ഇതിന് പുറമെ അകാരണമായ സ്ഥലമാറ്റങ്ങളും വിഷമിപ്പിക്കുന്നതാണ്.
ഫയര്സ്റ്റേഷന് പ്രദേശത്തെ സ്ഥിരതാമസക്കാരായ സേനാംഗങ്ങളെ കൂട്ടത്തോടെ സ്ഥലം മാറ്റി ദൂരെ ജില്ലകളില്‍ നിന്നുള്ളവരെ ഇങ്ങോട്ടേക്ക് മാറ്റിയത് പെട്ടെന്ന് ഉണ്ടാകുന്ന അത്യാഹിതങ്ങളെ തടയുന്നതിന് കാലതാമസം സൃഷ്ടിക്കുന്നു. എന്തെങ്കിലും അനിഷ്ടസംഭവം ഉണ്ടായാല്‍ പ്രദേശത്തെകുറിച്ച് അറിവുള്ളവരുടെ അഭാവം മിക്കപ്പോഴും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.
എല്ലാവരെയും ഒന്നിച്ചു സ്ഥലം മാറ്റുന്നമ്പോഴാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. ജില്ലയുടെ പുറത്തു നിന്നും വരുന്നവര്‍ ചാര്‍ജെടുക്കുന്ന ദിവസം അത്യാഹിതമുണ്ടായാല്‍ വഴിയറിയാതെ ചുറ്റികറങ്ങുന്ന സ്ഥിതിയാണ്. രാത്രിയില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോഴാണ് കൂടുതല്‍ ബുദ്ധിമുട്ട്. പ്രദേശത്തെ കുറിച്ച് അറിയിക്കാന്‍ ഒരാളിനെപ്പോലും നിര്‍ത്താതെയാണ് സ്ഥലം മാറ്റം നടത്തുന്നത്.
കഴിഞ്ഞദിവസം രാത്രിയില്‍ ചങ്ങനാശേരി ബൈപ്പാസില്‍ ഉണ്ടായ അപകടം വിളിച്ചറിയിച്ചപ്പോള്‍ സ്ഥലം മനസിലായില്ലെന്ന് സ്റ്റേഷന് മാസ്റ്റര്‍ പറഞ്ഞപ്പോള്‍ തിരികെ ചീത്തവിളി കേള്‍ക്കേണ്ടി വന്നതായും പറയുന്നു. ഫയര്‍ സ്റ്റേഷനില്‍ ഇരിക്കുന്നവര്‍ക്ക് സ്ഥലം അറിഞ്ഞു കൂടെ എന്ന മറുചോദ്യവും ഉണ്ടാകുന്നുണ്ട്. ചങ്ങനാശേരിയില്‍ 45 ജീവനക്കാരാണ് ഉള്ളത്. ഇവരെല്ലാവരും തന്നെ മറ്റു ജില്ലകളില്‍ നിന്നും മാറ്റം കിട്ടി വന്നവരാണ്. അപകടം ഉണ്ടാകുമ്പോള്‍ സ്ഥലം തിരക്കി ഓടിയെത്തുമ്പോഴേക്കും സംഭവങ്ങള്‍ കഴിഞ്ഞിരിക്കും എന്നതാണ് നിലവിലെ സ്ഥിതി.
101 വിളിച്ചാല്‍ കിട്ടുന്നത് മറ്റു ജില്ലകളില്‍
അത്യാവശ്യ കാര്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ 101ല്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നത് എറണാകുളത്തോ, കാസര്ഗോഡോ ആയിരിക്കും. പിന്നെ അവിടുന്ന് ഇങ്ങോട്ട് വിളിച്ചു പറയുകയാണ്്. പലരും കോഡ് കൂട്ടാതെയാണ് വിളിക്കുന്നത്. വിവരം തിരക്കി വരുമ്പോഴേക്കും കാര്യങ്ങള്‍ എല്ലാം കഴിഞ്ഞിരിക്കും. ഇലക്ട്രിക് പോസ്റ്റില്‍ നിന്നുമുള്ള തീപിടിത്തം ആണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 60 കേസുകളാണ് ഉണ്ടായിരുന്നത്.
രാവിലെ നഗരസഭയുടെ വക റോഡ് ക്ളീനിങ് കഴിഞ്ഞ് ചപ്പ് ചവറുകള്‍ ഓരോ സ്ഥലത്തും കൂട്ടിയിട്ട് തീ ഇടുകയാണ് പതിവ്. തീ കത്തിതീരുന്നതിന് കാത്തുനില്‍ക്കുകയോ തീ കെടുത്തുകയൊ ചെയ്യാതെയാണ് ജീവനക്കാര്‍ മിക്കപ്പോഴും പോകുന്നത്. അതുപോലെ രാത്രിയില്‍ കച്ചവടക്കാരും റോഡിലും ഒഴിഞ്ഞ സ്ഥലങ്ങളിലും ചപ്പുചവറുകള്‍ കൂട്ടിയിട്ട് തീ കത്തിച്ച് വീട്ടില്‍ പോകും. കാറ്റടിക്കുമ്പോള്‍ തൊട്ടടുത്ത സ്ഥലങ്ങളിലേക്ക് തീ പടരുകയും വലിയ തീപ്പിടിത്തമുണ്ടാകുയും ചെയ്യും.
ഇപ്പോള്‍ കടുത്ത ചൂട് ഉള്ളതിനാല്‍ പലയിടങ്ങളിലും പറമ്പുകള്‍ തോറും തീ ഇടുക പതിവാകുന്നു. തരിശു ഭൂമിയിലും വലിയ തീപിടിത്തം ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യങ്ങളില്‍ പലപ്പോഴും സേനാംഗങ്ങള്‍ക്ക് സ്ഥലം മനസിലാക്കാന്‍ സാധിക്കാതെയും അറിയിപ്പ് വൈകുന്നതു മൂലവും എത്തിചേരാന്‍ താമസം വരുന്നുണ്ട്.
മറ്റു സ്റ്റേഷനിലെയും ഡ്യൂട്ടി ചെയ്യേണ്ടി വരുന്നു
ചങ്ങനാശ്ശേരി ഫയര്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് കാഞ്ഞിരപ്പള്ളി സ്റ്റേഷനിലും ജോലി നോക്കേണ്ടി വരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അവിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലന്ന് പറയുന്നു.സ്റ്റേഷന് പരിധി കൂടുതല്‍ ആയതിനാല്‍ ജീവനക്കാരുടെ ആവശ്യവും കൂടുതല്‍ വേണ്ടിവരുന്നുണ്ട്. ഇടിഞ്ഞു വീഴാറായ ഒരു വാടകക്കെട്ടിടമാണ് അവിടെ ഉള്ളത്. വളരെ ബുദ്ധിമുട്ടിലാണ് അവിടെ കഴിഞ്ഞുകൂടുന്നതെന്നും സേനാംഗങ്ങള്‍ പറയുന്നു. ജില്ലയിലെ ഒട്ടുമിക്ക ഫയര്‍ സ്റ്റേഷനുകളുടെയും സ്ഥിതി മറിച്ചല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: