കോഴിക്കോട്: ജന്മഭൂമി കോഴിക്കോട് എഡിഷന്‍ പ്രിന്റര്‍ ആന്റ് പബഌഷര്‍ പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മ രാജ (76) അന്തരിച്ചു. ഗുരുവായൂരപ്പന്‍ കോളേജ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പളും കേരള ക്ഷേത്ര സംരക്ഷണ സമിതി മുന്‍ സംസ്ഥാന പ്രസിഡന്റുമാണ്. സാമൂതിരി രാജകുടുംബാംഗമായ അദ്ദേഹം മാങ്കാവ് പടിഞ്ഞാറെ കോവിലകത്തെ ചിത്രവെണ്മാടത്തിലാണ് താമസം.
സാമ്പത്തിക ശാസ്ത്ര അധ്യാപകന്‍, യോഗാചാര്യന്‍, ആധ്യാത്മിക പ്രഭാഷകന്‍, വിവിധ ക്ഷേത്രപരിപാലന സമിതികളുടെ ഉപദേഷ്ടാവ്, സനാതന ധര്‍മ്മ പ്രചാരകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. സാമൂതിരി കോളജ് ഇഡി ക്ലബ്ബ് പ്രസിദ്ധീകരിച്ച യോഗ എന്ന പുസ്തകത്തിന്റെ രചയിതാവും കാലിക്കറ്റ് സര്‍വ്വകലാശാലാ സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി പ്രസിദ്ധീകരിച്ച ധനശാസ്ത്ര ചിന്തയുടെ ചരിത്രം എന്ന പുസ്തകത്തിന്റെ സഹഗ്രന്ഥകാരനുമാണ്. കൂടാതെ സാമ്പത്തിക ശാസ്ത്രവും യോഗയും വിഷയമാക്കി വിവിധ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
നിലവില്‍ കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ഉപാധ്യക്ഷനാണ്. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് 1987ല്‍ ആഴ്ചവട്ടം വാര്‍ഡില്‍ നിന്ന് മത്സരിച്ചിട്ടുണ്ട്. തൃശാല ഭഗവതി ക്ഷേത്രം സെക്രട്ടറി, കച്ചേരിക്കുന്ന് സരസ്വതി വിദ്യാനികേതന്‍ വികസന സമിതി സെക്രട്ടറി, സനാതന ധര്‍മ്മപരിഷത് ഉപാധ്യക്ഷന്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. കൊല്ലം നിലമേല്‍ എസ്എന്‍ കോളജില്‍ എസ്എഫ്‌ഐ ആക്രമണത്തില്‍ കൊല്ലപ്പെട്ട ദുര്‍ഗ്ഗാദാസിന്റെ ജീവിതത്തെ ആസ്പപദമാക്കി നിര്‍മ്മിച്ച ‘ഓര്‍മ്മ മരം’ എന്ന ഹൃസ്വചിത്രത്തില്‍ ടി.എന്‍. ഭരതന്റെ വേഷമിട്ടത് കൃഷ്ണവര്‍മ്മ രാജയായിരുന്നു.
ആര്‍എസ്എഎസ് പ്രാന്ത കാര്യകാരി അംഗം പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സംഘടനാ സെക്രട്ടറി ടി.യു. മോഹനന്‍, സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണന്‍ കോലഴി, മാതൃസമിതി സംസ്ഥാന അധ്യക്ഷ കുസുമം രാമചന്ദ്രന്‍, രാഷ്ടസേവികാ സമിതി പ്രാന്ത കാര്യവാഹിക ഡോ. ആര്യാദേവി, കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി. രഘുനാഥ്, മേഖലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ. വി.കെ. സജീവന്‍, ജന്മഭൂമി അസിസ്റ്റന്റ് മാനേജര്‍ കെ.എം. അരുണ്‍ തുടങ്ങി നിരവധി പേര്‍ വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
ഭാര്യ: കടന്നമണ്ണ കോവിലകത്ത് രാധ തമ്പുരാട്ടി. മക്കള്‍. കെ.സി. സുചിത്ര വര്‍മ (അധ്യാപിക, കോഴിക്കോട് ശ്രീരാമകൃഷ്ണമിഷന്‍ സ്‌കൂള്‍ ), സുമിത്ര വര്‍മ (സ്‌കൂള്‍ അധ്യാപിക, മുംബൈ). മരുമക്കള്‍: പി.സി. ബിജുകൃഷ്ണന്‍ (ബിസിനസ്), അനില്‍ രാഘവ വര്‍മ (ഐബിഎം മുംബൈ). അച്ഛന്‍: കൊലോറ്റ ഇല്ലത്തെ പരേതനായ വിഷ്ണു നമ്പൂതിരി. അമ്മ: പി.സി. കുട്ടിഅനുജത്തി തമ്പുരാട്ടി. സഹോദരങ്ങള്‍: പി.സി. ശ്രീദേവി തമ്പുരാട്ടി (ഗുരുവായൂര്‍), പി.സി. സാവിത്രി തമ്പാട്ടി (മുംബൈ), പി.സി.കെ. രാജ (ടാറ്റ കോഫി), പി.സി.എം. രാജ (ഉണ്ണി റിട്ട. ഗുരുവായൂരപ്പന്‍ കോളേജ്), പരേതരായ ഏടത്തി തമ്പുരാട്ടി, അനുജത്തി തമ്പാട്ടി (അങ്ങാടിപ്പുറം). സംസ്‌കാരം മാങ്കാവ് കോവിലകം ശ്മശാനത്തില്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: