ന്യൂദല്‍ഹി : അനധികൃത ഖനനവുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത്ത് സിങ് ചന്നിയുടെ സഹോദരീ പുത്രന് ഭൂപീന്ദര്‍ സിങ് ഹണി അറസ്റ്റില്‍. അനധീകൃത മണ്ണ് ഖനനവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്തിടെയായി തെരച്ചില്‍ നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയതിന് പിന്നാലെ വ്യാഴാഴ്ച രാത്രിയോടെയാണ് എന്‍ഫോഴ്സ്മെന്റ് ഭൂപീന്ദര്‍ സിങ്ങിനെ പിടികൂടിയത്.
അനധികൃത മണല്‍ ഖനനത്തിലൂടെ കോടികളുടെ ഇടപാടുകള്‍ ഇയാള്‍ നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂപിന്ദര്‍ സിങ്ങിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ജലന്ധറിലുള്ള എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തിച്ച് മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഇയാളെ മൊഹാലിയിലെ സിബിഐ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ദിവസം ഇഡി നടത്തിയ തെരച്ചിലില്‍ ഭൂപിന്ദര്‍ സിങിന്റെ ലുധിയാനയിലേയും മൊഹാലിയിലേയും വസതിയില്‍ നിന്ന് ഏട്ട് കോടിയും, ഇയാളുടെ പങ്കാളി സന്ദീപ് കുമാറിന്റെ വസതിയില്‍ നിന്ന് രണ്ടു കോടി രൂപയും പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്. അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട് പത്തിടങ്ങളില്‍ നേരത്തെ ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയിഡില്‍ പത്തു കോടി രൂപ കണ്ടെത്തിയെന്നാണ് എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍ പറയുന്നത്.
പഞ്ചാബ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്അടിയാണ് ഭൂപീന്ദര്‍ സിങ്ങിന്റെ അറസ്റ്റിലൂടെ ഉണ്ടായിരിക്കുന്നത്. ഇത് ചൂടേറിയ ചര്‍ച്ചകള്‍ക്കും കാരണമായിട്ടുണ്ട്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ബന്ധു അറസ്റ്റിലായിരിക്കുന്നത്. ഭൂപീന്ദറിന്റെ വീട്ടില്‍ ഇഡി തെരച്ചില്‍ നടത്തിയതുമായി ബന്ധപ്പെട്ട് പഞ്ചാബില്‍ നേരത്തെ രാഷ്ട്രീയപ്പോര് കടുത്തിരുന്നു.
എന്നാല്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമങ്ങള്‍ വിലപോകില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ബന്ധുക്കളുടെ വീടുകളിലെ റെയ്ഡ് സര്‍ക്കാര്‍ ഗൂഢാലോചനയാണ്. ഇഡിക്ക് തനിക്കെതിരെ ഒന്നും കണ്ടെത്താനായില്ലെന്നുമാണ് ചന്നിയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: