ഡോ. സന്തോഷ് മാത്യു
അമേരിക്ക-പാകിസ്ഥാന് ബന്ധം വീണ്ടും ഉലയുന്നു. കഴിഞ്ഞ നവംബറില്‍ യുഎസിലെ പാക് അംബാസഡറായി മസൂദ് ഖാനെ നിയമിച്ചെങ്കിലും ജോ ബൈഡന് ഭരണകൂടം നിയമനത്തിന് നാളിതുവരെ അംഗീകാരം നല്‍കിയിട്ടില്ല. ഇതിന് പിന്നില്‍ ഇന്ത്യയാണെന്ന് പാക്കിസ്ഥാന് കരുതുന്നു. കാരണം പാക് അധിനിവേശ കശ്മീരിന്റെ പ്രസിഡന്റ്ായിരുന്നു തൊട്ടുമുന്‍പ് വരെ മസൂദ് ഖാന്. അദ്ദേഹത്തിന്റെ നിയമനം അമേരിക്ക ഇതുവരെ അംഗീകരിക്കാത്തത് പാകിസ്ഥാനെ വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്. പുതിയ പദവി ഏറ്റെടുക്കുന്നതിന് ബൈഡന് ഭരണകൂടത്തിന്റെ അനുമതിക്കായി കാക്കുകയാണ് മസൂദ്.
മസൂദ് ഖാനെന്ന ‘ജിഹാദി’ യുടെ നാമനിര്‍ദേശം നിരസിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം സ്കോട്ട് പെറി, പ്രസിഡന്റ് ജോ ബൈഡന് കത്ത് അയച്ചിരിക്കയാണ്. ഇതിന് പിന്നില്‍ ഇന്ത്യയാണെന്നാണ് ഇമ്രാന് സര്‍ക്കാര്‍ ആരോപിക്കുന്നത്. പാകിസ്ഥാന് അംബാസഡറായി നിര്‍ദ്ദേശിക്കപ്പെട്ട മസൂദ് ഖാന്റെ നയതന്ത്ര യോഗ്യതകള്‍ നിരസിക്കാന്‍ പ്രസിഡന്റ് ജോ ബൈഡനോട് ഒരു യുഎസ് കോണ്‍ഗ്രസ് അംഗം അഭ്യര്‍ത്ഥിച്ചത് വളരെ ഗൗരവത്തോടെ വേണം കാണാന്‍. ജിഹാദികളെ അനുകരിക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും വിദേശ തീവ്രവാദ സംഘടനകളെ പ്രശംസിക്കുകയും മസൂദ് പതിവാക്കിയിരുന്നു. ഇതിന് മികച്ച ഉദാഹരണമാണ് മസൂദ് താലിബാനു നല്കിയ പിന്തുണ. മസൂദിന്റെ നിയമനം സംബന്ധിച്ച അപേക്ഷ നവംബര്‍ രണ്ടാം വാരത്തില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് അയച്ചിരുന്നുവെന്ന് പാകിസ്ഥാന് പറയുന്നു. അപേക്ഷ സ്വീകരിക്കുന്ന രാജ്യം നിയുക്ത നയതന്ത്രജ്ഞനുള്ള അംഗീകാരം ഒരു മാസത്തിനകം നല്‍കുന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ അമേരിക്ക അസാധാരണമായി സമയമെടുക്കുന്നത് പാകിസ്ഥാനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമ്മര്‍ദ്ദത്തിന് ബൈഡന് കീഴ്പ്പെടുന്നു എന്ന ഭയവും അവര്‍ക്കുണ്ട്. 2021 ഒക്ടോബര്‍ അവസാനം പാകിസ്ഥാനിലെ പുതിയ അംബാസഡറായി ഡൊണാള്‍ഡ് ബ്ലോമിനെ യുഎസ് നിയമിച്ചരുന്നു. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ഇസ്ലാമാബാദ് അംഗീകാരം നല്‍കിയിരുന്നു. കശ്മീരി വിഘടനവാദികളെ സ്വാതന്ത്ര്യ ദാഹികള്‍ എന്ന് വിളിക്കുന്ന ഒരാളെ അമേരിക്ക അംഗീകരിക്കുന്നതിനോട് പൊരുത്തപ്പെടാന്‍ ഇന്ത്യയ്ക്കുമാവില്ല.
1980ല്‍ പാകിസ്ഥാന് വിദേശകാര്യ വകുപ്പില്‍ ചേര്‍ന്ന മസൂദ് ഖാന് പാകിസ്ഥാനിലെ പരിചിത മുഖങ്ങളില്‍ ഒന്നും കടുത്ത ഇന്ത്യാ വിരുദ്ധനുമാണ്. പാക് അധിനിവേശ കശ്മീരിലെ റാവ്കോട്ടില്‍ ജനിച്ച പഷ്തൂണ്‍ വംശജന്. 2019 ഒക്ടോബറില്‍, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് മോദി സര്‍ക്കാര്‍ കശ്മീരിന്റെ മുഖച്ഛായ തന്നെ മാറ്റി. പ്രത്യേക പദവി എടുത്തുകളഞ്ഞത് സംബന്ധിച്ച് ഫ്രഞ്ച് പാര്‍ലമെന്റില്‍ പാകിസ്ഥാന് എംബസി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതില്‍ നിന്ന്, അന്ന് പിഒകെയുടെ പ്രസിഡന്റായിരുന്ന ഖാനെ ഇന്ത്യ തടഞ്ഞിരുന്നു. മസൂദിനുള്ള ക്ഷണം ഇന്ത്യയുടെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും ലംഘനമാണെന്ന് ഇന്ത്യ ഫ്രഞ്ച് സര്‍ക്കാരിനെ അറിയിച്ചു. സാങ്കേതികമായി അദ്ദേഹം പാക് അധീന കശ്മീരിന്റെ പ്രസിഡന്റായി തുടരുന്നതിനാലാണ് കാലതാമസം നേരിടുന്നതെന്ന് ഇസ്ലാമാബാദിലെ വിദേശകാര്യ ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ചില വാര്‍ത്തകള്‍ വരുന്നുണ്ട്. സാങ്കേതികമായി പാകിസ്ഥാന്, അതിന്റെ ഫെഡറേഷനില്‍ ഔദ്യോഗികമായി സംയോജിപ്പിച്ചിട്ടില്ലാത്ത ഒരു മേഖലയുടെ തലവനായിരുന്നു മസൂദ് ഖാന്. ബൈഡന് ഭരണകൂടം ഈ അപാകത പരിഗണിച്ചേക്കാം. പ്രത്യേകിച്ചും ഇന്ത്യയ്ക്കൊപ്പം ഇന്‍ഡോ-പസഫിക് നയകാര്യങ്ങളിലുള്ള സൗഹൃദത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ബൈഡന് ആഗ്രഹിക്കുന്നും ഉണ്ടാവില്ല.
2019 മേയില്‍ തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ ആന്‍ഡലോവിന് നല്കിയ അഭിമുഖത്തില്‍, കശ്മീരില്‍ ഒരു ‘വിപത്ത്’ ഉണ്ടായതായി മസൂദ് പറഞ്ഞത് ഇന്ത്യ മറന്നിട്ടില്ല. ഇവിടെ പുതിയ അധ്യായം ആരംഭിച്ചതായും മോദി നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ കശ്മീരികള്‍ ‘വെറും കാലിത്തീറ്റ’ ആയി മാറിയെന്നും മസൂദ് ഖാന് പറഞ്ഞിരുന്നു. പാക്കിസ്ഥാന്റെ യുഎന്‍ അംബാസഡര്‍, ചൈന അംബാസഡര്‍ പദവിയിലും ഈ കശ്മീരി വംശജന് മുന്‍പ് നിയമിതനായിട്ടുണ്ട്. ആ പദവികളിലൊക്കെ ഇരിക്കുമ്പോളും ഇന്ത്യ, കശ്മീരില്‍ അധിനിവേശ ശക്തിയാണെന്ന പാക് പ്രചാരണത്തിന് അന്തര്‍ദേശീയ തലത്തില്‍ ചുക്കാന്‍ പിടിച്ചതും അധിനിവേശ കശ്മീരില്‍ നിന്നുള്ള മസൂദായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: