ബെംഗളൂരു: ഔദ്യോഗിക ഉത്തരവുകള്‍ ലംഘിച്ച് ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുത്ത ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിത പ്രീയൂണിവേഴ്സിറ്റി കോളേജിലെ പ്രതിഷേധിക്കുന്ന പെണ്‍കുട്ടികളെ അതത് ക്ലാസ് മുറികളില്‍ നിന്ന് കോളേജ് അധികൃതര്‍ പുറത്താക്കി. കോളേജ് പരിസരത്ത് മാധ്യമങ്ങള്‍ക്ക് പ്രവേശനം വിലക്കുകയും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കാമ്പസില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
യൂണിഫോമിനൊപ്പം ഹിജാബ് അനുവദിക്കുന്നത് സംബന്ധിച്ച് ഉന്നതതല സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ കോളേജില്‍ തല്‍സ്ഥിതി തുടരാന്‍ സര്‍ക്കാര്‍ അടുത്തിടെ ഉത്തരവിട്ടിരുന്നു. ക്ലാസ് മുറികളില്‍ ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥികളെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം കോളേജ് അധികൃതരും വ്യക്തമാക്കിയിരുന്നു. ക്യാമ്പസിന് പുറത്ത് വിദ്യാര്‍ത്ഥികള്‍ എന്ത് തന്നെ ധരിച്ചാലും ക്യാമ്പസിനുള്ളില്‍ അതാത് കോളേജുകള്‍ അനുശാസിക്കുന്ന യൂണിഫോമുകള്‍ മാത്രം ധരിക്കേണ്ടതുണ്ടെന്നും കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എല്ലാ ഉത്തരവുകളും നിര്‍ദേശങ്ങളും ലംഘിച്ചാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളിലേക്ക് ഹിജാബ് ധരിച്ച് പ്രവേശിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ഹിജാബ് അണിയുന്നത് സംബന്ധിച്ചുള്ള വിവാദം നിരവധി വിദ്യാര്‍ത്ഥികളുടെ പഠനജീവിതത്തെ ബാധിച്ചതിനാല്‍ മുസ്ലീം, ഹിന്ദു സംഘടനകള്‍ ഉള്‍പ്പെടെയുള്ള ആരെയും ക്യാമ്പസിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ഉഡുപ്പി എംഎല്‍എ രഘുപതി ഭട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ തയ്യാറാവണമെന്നും ഇത്തരം കാര്യങ്ങളില്‍ സമയം കളയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ക്ലാസ് മുറികളില്‍ ഹിജാബ് ധരിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് കോളേജ് നിര്‍ദേശം മാനിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം കോളേജില്‍ വന്ന് അക്കാദമിക് അന്തരീക്ഷം നശിപ്പിക്കരുതെന്ന് ബന്ധപ്പെട്ടവര്‍ അവരോട് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇക്കാര്യത്തില്‍ ഇളവ് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കോളേജുകളില്‍ തന്നെ പഠിക്കുന്ന നിരവധി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ രക്ഷിതാക്കളില്‍ നിന്നുമുള്ള നിവേദനങ്ങളും പരാതികളും കണക്കിലെടുത്താണ് നിര്‍ദിഷ്ട തീരുമാനമെടുത്തതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: