ന്യൂദല്‍ഹി: ഉപയോഗിക്കാത്ത 50 ലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ ഫെബ്രുവരി അവസാനത്തോടെ പാഴായേക്കുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഉപയോഗിക്കാന്‍ അനുവാദമുള്ള അവസാന തിയതിയോട് അടുക്കുന്നതായി അവകാശപ്പെടുന്ന അത്തരം റിപ്പോര്‍ട്ടുകളില്‍ സംസ്ഥാനം തിരിച്ചുള്ള ഡോസുകളുടെ എണ്ണത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നുമില്ലെന്നത് ശ്രദ്ധേയമാണ്.
വാക്സിന്‍ ഡോസുകള്‍ പാഴാകുന്നത് പരമാവധി കുറയ്‌ക്കാനും ഡോസുകള്‍ കാലഹരണപ്പെടാതിരിക്കാനും കൊവിഡ്-19 പ്രതിരോധ കുത്തിവയ്‌പ്പ് യജ്ഞത്തിന്റെ തുടക്കം മുതല്‍ തന്നെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ വേണ്ട കൃത്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 60 പ്രധാന വിതരണ കേന്ദ്രങ്ങളിലും ‘ഫസ്റ്റ് എക്സ്പയറി ഫസ്റ്റ് ഔട്ട്” (ആദ്യം കലഹരണപ്പെടുന്നത് ആദ്യം ഉപയോഗിക്കുക എന്ന നയം) നയമാണ് പിന്തുടരുന്നതെന്നും ആരോഗ്യ വകുപ്പിന്റെ പത്രകുറിപ്പില്‍ പറയുന്നു.
സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികളുടെ പക്കലുള്ളതും വരും മാസങ്ങളില്‍ കാലഹരണപ്പെടാന്‍ സാധ്യതയുള്ളതുമായ കോവിഡ് വാക്സിന്‍ ഡോസുകളുടെ തല്‍സ്ഥിതി സംസ്ഥാനങ്ങള്‍ പതിവായി അവലോകനം ചെയ്യണമെന്ന് 2021 നവംബര്‍ മാസത്തില്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വാക്സിന്‍ ഡോസുകള്‍ കാലഹരണപ്പെടാന്‍ അനുവദിക്കരുതെന്നും സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, സ്വകാര്യ ആശുപതികളിലെ വാക്‌സിന്‍ ഡോസുകളുടെ ഉപയോഗം പരിശോധിക്കാന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി (ആരോഗ്യം) അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആരോഗ്യം) പങ്കെടുക്കുന്ന പ്രസ്തുത ആശുപത്രികളുടെ വീഡിയോ കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ക്കേണ്ടതാണ്. സ്വകാര്യ ആശുപത്രികളില്‍ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത ഫണ്ട് വിനിയോഗിച്ചോ / സബ്സിഡി നിരക്കിലോ പ്രതിരോധ കുത്തിവയ്‌പ്പ് സംഘടിപ്പിക്കുന്നത് പോലുള്ള ഇടപെടലുകള്‍ സംസ്ഥാനങ്ങള്‍ക്ക് പരീക്ഷിക്കാമെന്നും കേന്ദ്രം നിര്‍ദേശമുള്ളതായും ആരോഗ്യ മന്ത്രലയം വ്യക്തമാക്കി.
കൂടാതെ, ചില സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച്, വാക്‌സിന്‍ കാലഹരണപ്പെടുന്നില്ലെന്നും ഒരു വാക്‌സിന്‍ ഡോസും പാഴാകില്ലെന്നും ഉറപ്പാക്കാന്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് അടിയന്തര സാഹചര്യങ്ങളില്‍ വാക്‌സിന്‍ കൈമാറ്റം ചെയ്യുന്ന ക്രമീകരണത്തിന് എതിര്‍പ്പില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ കൈമാറ്റം ചെയ്ത വാക്‌സിനുകള്‍ വിവരങ്ങള്‍ കോ-വിന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: