ഇരിട്ടി: ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ബസുകള്‍ കട്ടപ്പുറത്ത് തുരുമ്പെടുത്ത് നശിക്കുന്നു. ആറളം ആദിവാസി മേഖലയിലെ ജനങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ ടിആര്‍ഡിഎം സൗജന്യമായി ഏര്‍പ്പെടുത്തിയിരുന്ന ബസുകളാണ് വര്‍ഷങ്ങളായി ആറളം ഫാമിന്റെ വര്‍ക്ക് ഷോപ്പ് പരിസരത്ത് മഴയും വെയിലും കൊണ്ട് തുരുമ്പെടുത്ത് നശിക്കുന്നത്. ടിആര്‍ഡിഎം ഉദ്യോഗസ്ഥരുടെ അനാസ്ഥ ഒന്നുകൊണ്ടുമാത്രമാണ് സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകുന്നത്.
ഏക്കറുകള്‍ പരന്നു കിടക്കുന്ന ആറളം ഫാമിലെ വിവിധ ബ്ലോക്കുകളില്‍ പണിയെടുക്കുന്ന തൊഴിലാളികളെ തൊഴില്‍സ്ഥലങ്ങളില്‍ എത്തിക്കുന്നതിനും ഈ ബസ്സുകള്‍ ഉപയോഗിച്ചിരുന്നു. ഫാമിലെ വിവിധ ബ്ലോക്കുകളില്‍ നിന്നും വളയംഞ്ചാല്‍, കീഴ്പ്പള്ളി, കാക്കയങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജനങ്ങളെ എത്തിക്കുകയും തിരിച്ച് കൊണ്ടു പോകുകയും ചെയ്തു കൊണ്ടിരുന്ന ഈ ബസുകള്‍ വര്‍ക്ക്ഷോപ്പില്‍ കിടന്ന് നശിക്കുകയാണ്. ടിആര്‍ഡിഎം ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിച്ച് ബസ്സുകള്‍ നശിക്കുന്നത് തടയണമെന്ന ആവശ്യം ശക്തമാണ്.
ഈ ബസുകള്‍ നന്നാക്കി ആറളം ഫാം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടണ്ടറി സ്കൂളിലെ പുനരധിവാസ മേഖലയില്‍ താമസിക്കുന്ന പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കായി നല്‍കണമെന്ന് പിടിഎ പ്രസിഡണ്ട് കെ.ബി. ഉത്തമന് ആവശ്യപ്പെട്ടു. നിലവില്‍ ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് മാത്രമാണ് ഗോത്രസാരഥി പദ്ധതിയുടെ ഗുണം കിട്ടുന്നത്. കട്ടപ്പുറത്തായ ബസുകള്‍ നന്നാക്കി സ്കൂളിന് നല്കിയാല് ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആനഭയം ഇല്ലാതെ സ്കൂളില്‍ പോയ് വരാന്‍ കഴിയുമെന്നും പിടിഎ പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: