‘പരിരക്ഷാ വിടവ് അടയ്ക്കുക‘ എന്നതാണ് ഇക്കൊല്ലത്തെ ലോക ക്യാന്‍സര്‍ ദിനത്തിന്റെ വിഷയം. ക്യാന്‍സര്‍ എന്ന വാക്ക് വെറുതെ പരാമര്‍ശിക്കുമ്പോള്‍ തന്നെ നട്ടെല്ലില്‍ ഒരു വിറയല്‍ ഉണ്ടാകാറുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ക്യാന്‍സര്‍ ബാധിതരുടെയും ക്യാന്‍സര്‍ രോഗികളെ പരിചരിക്കുന്നവരുടെയും മാനസികാവസ്ഥ വിവരണാതീതമാണ്. രോഗനിര്‍ണയം, ശസ്ത്രക്രിയ, റേഡിയോ തെറാപ്പി, കീമോതെറാപ്പി, സാന്ത്വന പരിചരണംസ എന്നിങ്ങനെ ക്യാന്‍സര്‍ പരിചരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വിടവുകള്‍ ഉണ്ടെങ്കില്‍, നിരാശയുടെ വര്‍ദ്ധന സങ്കല്പ്പിക്കാന് പോലും കഴിയില്ല. ഈ പശ്ചാത്തലത്തില്‍, ഈ വര്‍ഷത്തെ വിഷയം പ്രസക്തമാണ്, എന്തെന്നാല്‍ പരിചരണത്തിന്റെ അനുയോജ്യമായ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ ഏതൊരു ആരോഗ്യ സംവിധാനവും വളരെ സമയമെടുക്കും. ചില സമയങ്ങളില്‍ മെഡിക്കല്‍ സൗകര്യങ്ങളുടെ കുറവുണ്ടാകാം അല്ലെങ്കില്‍ ചികിത്സ വളരെ ചെലവേറിയതായിരിക്കാം. മറ്റു ചിലപ്പോള്‍, ജനങ്ങളുടെ ജീവിതരീതികളിലും ചുറ്റുപാടുകളിലും ക്യാന്‍സര്‍ അപകട സാദ്ധ്യതാ ഘടകങ്ങള്‍ അമിതമായേക്കാം. അതിതീവ്രഘട്ടത്തിലു ള്ള രോഗികള്‍ക്ക് സാന്ത്വന ചികിത്സയ്ക്കുള്ള വ്യവസ്ഥയുടെ ആവശ്യവും ഏറെയാണ്. ഫലത്തില്‍, ക്യാന്‍സര്‍ പരിചരണത്തിന്റെ ഓരോ ഘട്ടത്തിലും പ്രതീക്ഷകളിലും യഥാര്‍ത്ഥ സാഹചര്യങ്ങളിലും വിടവുകള്‍ ഉണ്ട്. ചില സമയങ്ങളില്‍ കൂടുതലും, മറ്റു ചിലപ്പോള്‍ കുറവും.
ഈ പശ്ചാത്തലത്തില്‍, ദേശീയ ആരോഗ്യ നയം (2017), ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ (ആയുഷ്മാന്‍ ഭാരത് ആരോഗ്യ സൗഖ്യകേന്ദ്രങ്ങള്‍ എ.ബിഎച്ച്.ഡബ്ല്യു.സി), പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബിപി.എം.ജെ.എ.വൈ), പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ) എന്നിവ ക്യാന്‍സര്‍ മേഖലയില്‍ നടത്തുന്ന പ്രത്യേക പരിശ്രമങ്ങള്‍ ശ്രദ്ധേയമാണ്. എ.ബി.എച്ച്.ഡബ്ല്യൂ.സി എന്നത് സമഗ്രമായ പ്രാഥമിക ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്ര ഗവണ്മെന്റ് നന്നായി ആലോചിച്ച് തയ്യാറാക്കിയ ഒരു തന്ത്രമാണ്. രാജ്യത്തെ എല്ലാ ഉപആരോഗ്യ കേന്ദ്രങ്ങളെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും ആരോഗ്യ സൗഖ്യകേന്ദ്രങ്ങളാക്കി (ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി എച്ച്.ഡബ്ല്യു.സി) മാറ്റുക എന്ന മഹത്തായ ലക്ഷ്യമാണ് അതിന്റെ പിന്നിലുള്ളത്.
ഇന്ന് രാജ്യത്ത് 89,000ലധികം എച്ച്.ഡബ്ല്യു.സികള്‍ ഉണ്ട്, അതിലൂടെ പ്രതിരോധ, പ്രോത്സാഹന, സമഗ്ര പ്രാഥമിക ആരോഗ്യ സംരക്ഷണം നല്‍കുന്നുണ്ട്. 30 വയസ്സിനു മുകളിലുള്ളവരില്‍ രക്താതിമര്‍ദ്ദം, പ്രമേഹം, വായിലെ, സ്തനങ്ങളിലെ, ഗര്‍ഭാശയത്തിലെ ക്യാന്‍സര്‍ എന്നീ അഞ്ച് പ്രധാന രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിനും ക്യാന്‍സര്‍ തടയുന്നതിനുള്ള ജീവിതശൈലി മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനും ആശാ വര്‍ക്കര്‍മാരും എ.എന്‍.എംമാരും വീടുവീടാന്തരം സന്ദര്‍ശനം നടത്തുന്നുണ്ട്. ഫലത്തില്‍, ക്യാന്‍സര്‍ പരിചരണത്തിന്റെ പ്രാരംഭ ഘട്ടത്തിലെ വിടവുകള്‍ അടയ്ക്കുന്നതിന് അതിതീവ്രമായ ശ്രമം നടക്കുന്നുണ്ടെന്ന് പറയാം, അത് നല്ല ഫലങ്ങള്‍ കാണിക്കുന്നുമുണ്ട്.
ക്യാന്‍സര്‍ പ്രതിരോധിക്കുകയും തടയുകയും ചെയ്യുന്നതിനുള്ള ദേശീയപരിപാടിയിലൂടെ (നാഷണല്‍ പ്രോഗ്രാം ഫോര്‍ പ്രിവന്‍ഷന്‍ ആന്റ് കണ്ട്രോള് ഓഫ് കാന്‍സര്‍) കാന്‍സര്‍, പ്രമേഹം, കാര്‍ഡിയോവാസ്കുലര്‍ രോഗങ്ങള്‍(ഹൃദ്രോഗങ്ങള്‍), സ്ട്രോക്ക് (എന്‍.പി.സി.ഡി.സി.എസ്) എന്നിങ്ങനെ കാന്‍സറിന്റെ പ്രധാനകാരണങ്ങളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള പരിശ്രമങ്ങളും രാജ്യത്ത് നടത്തുന്നുണ്ട്. കാന്‍സറിനെ കുറിച്ചുള്ള പൊതു അവബോധം പ്രചരിപ്പിക്കുക, ജീവിതശൈലി മെച്ചപ്പെടുത്താന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക, സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലും ജില്ലാ ആശുപത്രികളിലും പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ക്ലിനിക്കുകള്‍ സ്ഥാപിക്കുക എന്നിവയാണ് ഈ പരിപാടിയുടെ ലക്ഷ്യം. സി.ടിസ്കാന്‍, എം.ആര്.ഐ, മാമോഗ്രഫി, ഹിസ്റ്റോപാത്തോളജി എന്നിവയുടെ സേവനം ജില്ലാ ആശുപത്രികളിലും വ്യാപകമാക്കുന്നതിലൂടെ ക്യാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിലുള്ള വിടവും നികത്തുകയാണ്.
ആയുഷ്മാന്‍ ഭാരത് പ്രധാന് മന്ത്രി ജന്‍ ആരോഗ്യ യോജന എന്നിവ വഴി, തെരഞ്ഞെടുത്ത ഗവണ്മെന്റ്, സ്വകാര്യ ആശുപത്രികളില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് പണരഹിത ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നുണ്ട്. രാജ്യത്ത് പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നതിനും ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളേജുകളായി ഉയര്‍ത്തുന്നതിനുമുള്ള കേന്ദ്ര ഗവണ്മെന്റിന്റെ കാഴ്ചപ്പാട് ദ്വിതീയതല പരിചരണം ശക്തിപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, തൃതീയ പരിചരണം വിപുലീകരിക്കുന്നതിനായി ഘട്ടം ഘട്ടമായി രാജ്യത്ത് 22 എയിംസുകള്‍ സ്ഥാപിക്കുന്നുമുണ്ട്. ”ത്രിതീയ കാന്‍സര്‍ പരിരക്ഷാ കേന്ദ്ര പദ്ധതിക്ക് കീഴില്‍ സംസ്ഥാന ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളും ത്രിതീയ കാന്‍സര്‍ പരിരക്ഷാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും ഗ്രാന്റുകള്‍ നല്‍കുന്നുണ്ട്. ക്യാന്‍സര്‍ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും, പരിശോധനകള്‍ക്കും, ഗവേഷണത്തിനും, സാന്ത്വന പരിചരണം നല്‍കുന്നതിനും , കാന്‍സര്‍ രജിസ്ട്രി പരിപാടിയില്‍ പങ്കാളിത്തം എന്നിവയ്ക്കായി ഇത് ഉപയോഗിക്കാം. ഹരിയാനയിലെ ജജ്ജാറില്‍ 700 കിടക്കകളുള്ള നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടും കൊല്‍ക്കത്തയില്‍ 460 കിടക്കകളുള്ള ചിത്തരഞ്ജന് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടും ആരംഭിച്ചു. ക്യാന്‍സര്‍ പരിചരണത്തില്‍ ശസ്ത്രക്രിയ, റേഡിയോ തെറാപ്പി, കീമോതെറാപ്പി തുടങ്ങിയ മേഖലകളിലെ വിടവ് നികത്തുന്നതിന് ഈ സംരംഭങ്ങളെല്ലാം പ്രയോജനപ്രദമാണെന്ന് തെളിയിക്കുന്നു.
ക്യാന്‍സര്‍ നിയന്ത്രിക്കാന്‍ രാജ്യത്ത് സ്വീകരിച്ചുവരുന്ന നടപടികള്‍ ചരിത്രപരമാണ് . ഈ മുന്‍കൈയില്‍ എല്ലായ്പ്പോഴും പുരോഗതിയ്ക്കുള്ള സാദ്ധ്യതയുണ്ടെങ്കിലും, ക്യാന്‍സര്‍ വരാനുള്ള സാദ്ധ്യത പരമാവധി കുറയ്ക്കുന്ന തരത്തിലുള്ള ജീവിതശൈലി സ്വീകരിക്കാനുള്ള വലിയ ഉത്തരവാദിത്തം രാജ്യത്തെ ജനങ്ങള്‍ക്കുണ്ട്, പ്രത്യേകിച്ച് യുവാക്കള്‍ക്ക്. സമീകൃതാഹാരം കഴിക്കുക, യോഗയും വ്യായാമവും പരിശീലിക്കുക, പുകയിലയുടെയും മദ്യത്തിന്റെയും ഉപഭോഗം ഒഴിവാക്കുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങള്‍ ഈ ലക്ഷ്യം കൈവരിക്കുന്നതിന് വളരെയധികം സഹായിക്കും. അത്തരം പരിശ്രമങ്ങള്‍ ക്യാന്‍സറിനുള്ള സാദ്ധ്യതകളില്‍ നിന്ന് അവരെ രക്ഷിക്കുക മാത്രമല്ല, ക്യാന്‍സര്‍ രോഗികളില്‍ ആവശ്യമുള്ളവര്‍ക്ക് ഗുണനിലവാരവും സമയബന്ധിതവുമായ സേവനങ്ങള്‍ക്കായി അവരെ സംരക്ഷിക്കാന്‍ സഹായിക്കുകയും, ‘വിടവ് അടയ്ക്കുക’ എന്ന ഈ വര്‍ഷത്തെ വിഷയം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കുകയും ചെയ്യും.
ഡോ . മനോഹര്‍ അഗ്നാനി *
*******************
* കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: