വള്ളിയാമറ്റം: ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് വേണ്ടി പൂമാലയില്‍ പണികഴിപ്പിച്ച ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് നോക്കുകുത്തിയായി നില്ക്കുന്നു. ഒരു വര്‍ഷം മുമ്പ് പണി തീര്‍ന്നിട്ടും ഇതുവരെ ഉദ്ഘാടനം ചെയ്യാതെ കിടക്കുകയാണ്.
നിലവില്‍ ട്രൈബല്‍ ഓഫീസ് പൂമാലയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ യാതൊരു സൗകര്യവുമില്ല. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസില്‍ എത്തുന്ന പ്രായമായവര്‍ വളരെ ബുദ്ധിമുട്ടിയാണ് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ എത്തുന്നത്. ഓഫീസില്‍ എത്തുന്നവര്‍ക്കും, ജീവനക്കാര്‍ക്കും പ്രാഥമിക ആവശ്യങ്ങള്‍ക്കായി താഴെ എത്തേണ്ട ഗതികേടാണ് ഉള്ളത്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് ശുചി മുറി സൗകര്യം ഉള്ളത്.
ഒരു വര്‍ഷം മുമ്പ് പണി പൂര്‍ത്തിയായ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റി പ്രവര്‍ത്തനം ആരംഭിക്കണമെന്ന ആവശ്യത്തിനു നേരെ അധികൃതര്‍ കണ്ണടയ്ക്കുകയാണ്. ഇതിനെക്കുറിച്ച് അന്വേഷിക്കുന്നവരോട് ഉടന്‍ ഉദ്ഘാടനം ചെയ്യും എന്ന മറുപടി മാത്രമാണ് കിട്ടുന്നത്. 45 ലക്ഷം മുടക്കിയാണ് പുതിയ കെട്ടിടം പണി തീര്‍ത്തത്. ഇവിടെ ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കുള്ള പഠനമുറി, കോണ്‍ഫറന്‍സ് ഹാള്‍, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ് എന്നിവയും ഉണ്ട്.
ഈ സൗകര്യങ്ങള്‍ എല്ലാം ഉള്ള കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായിട്ടും അവിടേക്ക് മാറാതെ അസൗകര്യങ്ങളുടെ നടുവില്‍ വീര്‍പ്പുമുട്ടുകയാണ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: