രണ്ടാം മോദി സര്‍ക്കാരിന്റെ നാലാമത് സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കപ്പെട്ടതോടെ, കെ-റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിനെക്കുറിച്ച് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ആവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു അവകാശവാദം ശരിയല്ലെന്ന് തെളിഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെയും റെയില്‍വേ ബോര്‍ഡിന്റെയും അനുമതി ലഭിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍, പദ്ധതിയുടെ ഡിപിആര്‍ (വിശദ പ്രൊജക്ട് റിപ്പോര്‍ട്ട് ) അവ്യക്തവും അപൂര്‍ണവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയെ അറിയിക്കുകയും ചെയ്തിരിക്കുന്നു.
ഇതോടെ ഒരു കാര്യം വ്യക്തമായി. പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കല്ലിടുന്നതിനെതിരായ ഹര്‍ജികള്‍ കോടതിയിലെത്തിയപ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുവേണ്ടിയാണ് കേരള സര്‍ക്കാര്‍, കേന്ദ്രത്തെ കൂട്ടുപിടിച്ചത്. സില്‍വര്‍ ലൈനിന് കേന്ദ്രത്തിന്റെ അനുമതിയില്ലെന്ന് ബിജെപി നേതാക്കളും കേന്ദ്രമന്ത്രി വി. മുരളീധരനും പലയാവര്‍ത്തി വ്യക്തമാക്കിയിട്ടും തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചാരണത്തില്‍നിന്ന് ഇടതുമുന്നണി സര്‍ക്കാരിന്റെ വക്താക്കള്‍ പിന്‍വാങ്ങിയിരുന്നില്ല. 2022-23 ലെ പൊതു ബജറ്റ് നിര്‍ദേശങ്ങള്‍ പുറത്തുവന്നതോടെതന്നെ ചിത്രം വ്യക്തമായിരുന്നു. റെയില്‍വേ വികസനത്തിനുവേണ്ടി ഒന്നരലക്ഷം കോടിയിലേറെ രൂപ നീക്കിവച്ചപ്പോള്‍ കെ-റെയില്‍ പദ്ധതിക്കുവേണ്ടി ഒരു പൈസ പോലും വകയിരുത്തിയിട്ടില്ല. ബജറ്റില്‍ പണം അനുവദിക്കുന്ന പക്ഷം പദ്ധതിക്കുള്ള അനുമതിയായി ചിത്രീകരിക്കാമെന്ന പ്രതീക്ഷയായിരുന്നു മുഖ്യമന്ത്രിക്കും മറ്റും. ബജറ്റില്‍ കെ-റെയില്‍ പദ്ധതിക്ക് പണം അനുവദിക്കണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. റെയില്‍വെയിലെ ഏതെങ്കിലും ഉദ്യോഗസ്ഥ പ്രമാണി സമ്മതം മൂളിയിട്ടുണ്ടെങ്കില് അത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയായി കണക്കാക്കരുതെന്ന് ജന്മഭൂമി നേരത്തെ അഭിപ്രായപ്പെടുകയുണ്ടായി. അത് ഇപ്പോള്‍ ശരിവയ്ക്കപ്പെട്ടിരിക്കുന്നു.
മൂന്നു വര്‍ഷംകൊണ്ട് 400 അതിവേഗ വന്ദേഭാരത് എക്സ്പ്രസ്സ് തീവണ്ടികള്‍ ഓടിക്കുമെന്ന പൊതുബജറ്റിലെ പ്രഖ്യാപനം സില്‍വര്‍ ലൈന്‍ പദ്ധതി ആവശ്യമില്ലെന്നാണ് കാണിക്കുന്നത്. 130-200 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന വന്ദേഭാരത് വരുമ്പോള്‍ അത് സില്‍വര്‍ ലൈനിന് ബദലാവും. 200 കിലോമീറ്റര്‍ വേഗമാണല്ലോ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പറയുന്നത്. ഈ അവകാശവാദംപോലും കെ-റെയില്‍ പദ്ധതിയെക്കുറിച്ച് പഠിച്ച വിദഗ്ധര്‍ അംഗീകരിക്കുന്നില്ല. പാതയുടെ വളവും ഭൂമിയുടെ കയറ്റിറക്കങ്ങളുമൊക്കെക്കൊണ്ട് ഇത്രയും വേഗം കിട്ടില്ലെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. അങ്ങനെ വരുമ്പോള്‍ അതി സമ്പന്നരായ ഒരു വിഭാഗത്തിന് യാത്ര ചെയ്യാന്‍ ഒന്നരലക്ഷം കോടി രൂപ മുടക്കിയുള്ള പദ്ധതിയുടെ ആവശ്യം ഉദിക്കുന്നില്ല. വേണ്ടത്ര വന്ദേഭാരത് എക്സ്പ്രസ്സ് കേരളത്തില്‍ ഓടിത്തുടങ്ങുന്നതോടെ സംസ്ഥാനത്തിന്റെ യാത്രാപ്രശ്നം പരിഹരിക്കപ്പെടും. ചെലവു മുഴുവന്‍ റെയില്‍വേ വഹിക്കുന്നതിനാല്‍ കേരളത്തിന് യാതൊരു ബാധ്യതയും വരുന്നില്ല. കേരളത്തെ വെട്ടിമുറിച്ച് വന്‍ പാരിസ്ഥിതികാഘാതങ്ങള്‍ക്കു വഴിയൊരുക്കുകയും ലക്ഷക്കണക്കിനാളുകളെ കുടിയൊഴിപ്പിക്കേണ്ടിവരികയും ചെയ്യുന്ന ഒരു നശീകരണ പദ്ധതി ഒഴിവാക്കാന്‍ കഴിയുന്നത് വലിയൊരു അനുഗ്രഹം തന്നെയാണ്. സില്‍വര്‍ ലൈനിനു വരുന്ന കാലതാമസം വന്ദേഭാരത് പദ്ധതിക്കില്ല. ഇപ്പോള്‍തന്നെ തുടക്കമിട്ടിട്ടുള്ള ഈ ട്രെയിനുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും ചെയ്യും.
വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനുകള്‍ കേരളത്തിന് അനുവദിച്ചാല്‍ സില്‍വര്‍ ലൈന്‍ അനാവശ്യമാണെന്നും, മുഴുവന്‍ തുകയും കേന്ദ്രം വഹിക്കുന്ന പദ്ധതിയായതിനാല്‍ കേരളം ഇതിനെ സ്വാഗതം ചെയ്യണമെന്നുമുള്ള ചര്‍ച്ച സജീവമാവുകയാണ്. സില്‍വര്‍ലൈന്‍ പാതയെ എതിര്‍ക്കുന്നവര്‍ക്ക് സന്തോഷം പകരുന്നതാണ് ഇതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കെ-റെയില്‍ പദ്ധതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും പൊതുനിലപാട് തള്ളി പിണറായി സര്‍ക്കാരിനൊപ്പം നിന്ന ശശി തരൂര്‍ എംപിയുടെ പുതിയ പ്രതികരണവും ശ്രദ്ധേയമാണ്. വന്ദേഭാരത് പദ്ധതി ബദലാകാമെന്നതിനാല് കെ-റെയില്‍ പദ്ധതി പുനഃപരിശോധിക്കണമെന്ന് തരൂര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത് സില്‍വര്‍ ലൈനിന്റെ വക്താക്കളെ വീണ്ടുവിചാരത്തിനു പ്രേരിപ്പിക്കണം. കെ-റെയില്‍ പദ്ധതിയെ ശക്തമായി എതിര്‍ക്കുകയും, അങ്ങനെയൊന്ന് ആവശ്യമില്ലെന്ന് കരുതുകയും ചെയ്യുന്ന കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ നിലപാടും പരിഗണിക്കപ്പെടണം. സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും വിചാരിച്ചതിനെക്കാള്‍ വലിയ ജനരോഷമാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഈ പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യും. ഇതിനാലാണ് ഇടതുസഹയാത്രികരായ പലരും പദ്ധതിയെ എതിര്‍ത്ത് രംഗത്തുവന്നത്. വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനുകള്‍ കേരളത്തിന് ഗുണം ചെയ്യില്ല എന്നുപറഞ്ഞ് രംഗപ്രവേശം ചെയ്യുന്ന ചിലര്‍ സ്ഥാപിതതാല്‍പ്പര്യക്കാരാണ്. ജനങ്ങളോട് കടപ്പാടില്ലാത്ത ഇവരുടെ വാദഗതികള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം. പുതിയ സാഹചര്യത്തിനു നേരെ പിണറായി സര്‍ക്കാര്‍ മുഖംതിരിക്കരുത്. പിടിവാശി ഉപേക്ഷിക്കുകയും ദുരഭിമാനം വെടിയുകയും വേണം. കെ-റെയില്‍ പദ്ധതി ഉപേക്ഷിച്ച് കേരളത്തിലെ ജനങ്ങളെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: