കല്ലറ: കുറവിലങ്ങാട്-ആലപ്പുഴ മിനി ഹൈവേയിലെ കല്ലറ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള റോഡ് നന്നാക്കാത്തതിനെതിരെ ഗ്രാമപ്പഞ്ചായത്തംഗം നില്‍പ്പുസമരം നടത്തി. കല്ലറ പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ അരവിന്ദ് ശങ്കറാണ് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയറുടെ കോട്ടയത്തെ ഓഫീസിനു മുന്നില്‍ ഏകദിന നില്പ്പു സമരം നടത്തിയത്.
മിനി ഹൈവേയുടെ കല്ലറ പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍പ്പെട്ട ഭാഗം മാത്രമാണ് ഇനിയും ടാറിംങ് നടത്താതെ തകര്‍ന്നു കിടക്കുന്നത്. കരാര്‍ ഏറ്റെടുക്കാന്‍ ആരും തയാറാകാത്തതാണ് അറ്റകുറ്റ പണികള്‍ വൈകാന്‍ കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നത്. സമീപത്തെ പഞ്ചായത്തുകളായ വെച്ചൂര്‍, മാഞ്ഞൂര്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഗങ്ങളിലെല്ലാം മെയിന്റനന്‍സ് ജോലികള്‍ പൂര്‍ത്തീകരിച്ചിട്ട് ആഴ്ച്ചകള്‍ പിന്നിട്ടു. എന്നാല്‍ കല്ലറ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് മാത്രം അറ്റകുറ്റപ്പണികള്‍ നടത്താന്‍ നാളിതുവരെ പൊതുമരാമത്ത് വകുപ്പ് തയാറാകാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
പഞ്ചായത്ത് അതിര്‍ത്തിക്കുള്ളിലുള്ള റോഡിലെ കുഴികളില്‍ വാഹനങ്ങള്‍ വീണുണ്ടായ അപകടങ്ങളില്‍ പലരുടേയും ജീവന് നഷ്ടപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നില്പ്പു സമരത്തെ തുടര്‍ന്ന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഷേര്‍ലിയുമായി നടത്തിയ ചര്‍ച്ചയില്‍ ഫെബ്രുവരി 25-നകം റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതായി അരവിന്ദ് ശങ്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: