ആന്റിഗ്വ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് സെമിയില്‍ ഇന്ത്യ നാളെ ഓസ്ട്രേലിയയെ നേരിടും. തോല്‍വിയറിയാതെയാണ് ഇന്ത്യ സെമി വരെയെത്തിയത്. കൊവിഡ് പ്രതിസന്ധിമൂലം ഇടയ്ക്ക് പ്രധാന താരങ്ങളെയടക്കം നഷ്ടപ്പെട്ടെങ്കിലും മികച്ച വിജയങ്ങളുമായി ഇന്ത്യ സെമിയിലെത്തുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ നിരയില്‍ പ്രധാന താരങ്ങളെല്ലാം സെമിഫൈനലിന് ഫിറ്റാണ്. നാളെ വൈകിട്ട് ഏഴിന് കളി തുടങ്ങും.
ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 45 റണ്‍സിന് തോല്‍പ്പിച്ച് തുടങ്ങിയ ഇന്ത്യ, പിന്നീട് കൊവിഡ് വ്യാപനത്തില്‍ വലഞ്ഞു. രണ്ടാം മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ കളിച്ചത് കൃത്യമായ പതിനൊന്ന് താരങ്ങളുമായി. നായകന് യാഷ് ദള്‍ ഉള്‍പ്പെടെ പ്രമുഖരെല്ലാം കൊവിഡിന്റെ പിടിയിലായിരുന്നു. എന്നാല്‍, വിജയിച്ച് നീങ്ങിയ ഇന്ത്യ ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് സെമിക്ക് യോഗ്യത നേടി. നിലവില്‍ ടീമില്‍ കൊവിഡ് ബാധിതരാരും ഇല്ല.
തുടര്‍ച്ചയായ നാലാം തവണയാണ് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ സെമിയിലെത്തുന്നത്. ഹര്‍നൂര്‍ സിങ്, ആങ്ക്രിഷ് രഘുവന്‍ഷി, രാജ് ബാവ എന്നിവരുടെ ബാറ്റിങ് മികവാണ് ഇന്ത്യയുടെ കരുത്ത്. ലോകകപ്പില്‍ ഒരു മത്സരത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ശിഖര്‍ ധവാന്റെ റെക്കോഡ് രാജ് ബാവ തകര്‍ത്തിരുന്നു. ഉഗാണ്ടക്കെതിരെ പുറത്താകാതെ 162 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. രവി കുമാര്‍, രാജ്വര്ധന് ഹാങ്ങാര്‍ക്കര്‍ എന്നീ ബൗളര്‍മാരും ഫോമിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: