ന്യൂദല്‍ഹി: ജനസൗഹൃദവും പുരോഗമനപരവുമാണ് ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന ദുരന്തത്തിനിടയിലും വികസനത്തിന്റെ പുതിയ ആത്മവിശ്വാസവുമായാണ് ഈ വര്‍ഷത്തെ ബജറ്റ് വന്നിരിക്കുന്നത്. സമ്പദ്വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നതിനൊപ്പം സാധാരണക്കാര്‍ക്ക് പുതിയ അവസരങ്ങളും സൃഷ്ടിക്കുന്നു.
ബജറ്റ് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍, കൂടുതല്‍ നിക്ഷേപം, കൂടുതല്‍ വളര്‍ച്ച, കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിവയ്ക്കുള്ള അവസരങ്ങള്‍ നിറഞ്ഞതാണ്. ഇത് ഹരിത തൊഴില്‍ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും. സമകാലിക പ്രശ്നങ്ങള്‍ പരിഹരിക്കുക മാത്രമല്ല യുവാക്കള്‍ക്ക് ശോഭനമായ ഭാവി ഉറപ്പാക്കുകയും ചെയ്യുന്നു.
കര്‍ഷകര്‍ക്കുള്ള ഡ്രോണുകള്‍, വന്ദേഭാരത് ട്രെയിനുകള്‍, ഡിജിറ്റല്‍ കറന്‍സി, 5 ജി സേവനങ്ങള്‍, ദേശീയ ഡിജിറ്റല്‍ ആരോഗ്യ ഇക്കോസിസ്റ്റം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആധുനികതയും സാങ്കേതികവിദ്യയും തേടുന്നത് നമ്മുടെ യുവാക്കള്‍ക്കും ഇടത്തരക്കാര്‍ക്കും ദരിദ്രര്‍ക്കും, ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കും ഏറെ പ്രയോജനം ചെയ്യും.
ദരിദ്രരുടെ ക്ഷേമം ഈ ബജറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഒന്നാണ്. പാവപ്പെട്ട ഓരോ കുടുംബത്തിനും ഉറപ്പുള്ള വീട്, ശൗചാലയം, ടാപ്പ് വെള്ളം, ഗ്യാസ് കണക്ഷന് എന്നിവ ഉറപ്പാക്കും. ആധുനിക ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
രാജ്യത്ത് ആദ്യമായി ഹിമാചല്‍, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, വടക്കുകിഴക്കന്‍ മേഖലകളില്‍ പര്വ്വത്മാല പദ്ധതി ആരംഭിക്കുന്നു. ഈ പദ്ധതി മലയോര മേഖലകളില്‍ ആധുനിക ഗതാഗത സംവിധാനം സൃഷ്ടിക്കും.ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസത്തിന്റെ കേന്ദ്രമായ ഗംഗയുടെ ശുചീകരണത്തോടൊപ്പം, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നദിയുടെ തീരത്ത് പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുന്നു. കര്‍ഷകരുടെ ക്ഷേമത്തിനുള്ള സുപ്രധാന നടപടിയാണിത്. ഗംഗയെ രാസരഹിതമാക്കാനും ഇത് സഹായിക്കും.
കൃഷി ലാഭകരവും പുതിയ അവസരങ്ങള്‍ നിറഞ്ഞതുമാക്കുക എന്നതാണ് ബജറ്റിലെ വ്യവസ്ഥകള്‍ ലക്ഷ്യമിടുന്നത്. പുതിയ കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക ഫണ്ട്, ഭക്ഷ്യ സംസ്കരണ വ്യവസായത്തിനുള്ള പാക്കേജ് തുടങ്ങിയ നടപടികള്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കും. കുറഞ്ഞ താങ്ങുവിലയിലൂടെ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 2.25 ലക്ഷം കോടിയിലധികം രൂപ കൈമാറ്റം ചെയ്യപ്പെടുന്നു.
വായ്രാ ഗ്യാരണ്ടിയില്‍ റെക്കോര്‍ഡ് വര്‍ധനവിനൊപ്പം ബജറ്റില്‍ നിരവധി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര വ്യവസായത്തിനുള്ള പ്രതിരോധ മൂലധന ബജറ്റിന്റെ 68 ശതമാനം സംവരണം വഴി ഇന്ത്യയുടെ എംഎസ്എംഇ മേഖലയ്ക്ക് വളരെയധികം പ്രയോജനം ലഭിക്കും. 7.5 ലക്ഷം കോടി രൂപയുടെ പൊതുനിക്ഷേപം സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ ഉത്തേജനം നല്‍കുകയും ചെറുകിട, മറ്റ് വ്യവസായങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ജനസൗഹൃദവും പുരോഗമനപരവുമായ ബജറ്റിന് ധനമന്ത്രിയെയും സംഘത്തെയും അഭിനന്ദിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: