ന്യൂദല്‍ഹി: ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ ഇന്ത്യയുടെ ഭൂപടം തെറ്റായ രീതിയില്‍ ചിത്രീകരിച്ച സംഭവം ശക്തമായി ഉന്നയിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഭൂപടത്തില്‍ ജമ്മു കശ്മീരിന് വ്യത്യസ്ത കളര്‍ നല്‍കിയാണ് ഡബ്ല്യൂ.എച്ച്.ഒ ഔദ്യോഗിക വെബ്‌സൈറ്റില്‍ പങ്കുവെച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരന്‍ രേഖാമൂലം മറുപടി നല്‍കുകയായിരുന്നു.
കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യയാണ് ചോദ്യം ഉന്നയിച്ചത്. ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇന്ത്യയുടെ ഭൂപടം തെറ്റായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ പ്രദേശങ്ങള്‍ക്ക് തീര്‍ത്തും വ്യത്യസ്തങ്ങളായ നിറങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ലോകാരോഗ്യ സംഘടനയില്‍ എന്തെങ്കിലും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടോ എന്നായിരുന്നു സിന്ധ്യയുടെ ചോദ്യം. വൈബ്‌സൈറ്റില്‍ ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട വിഷയം ഉന്നതതല സമിതിയില്‍ ഉള്‍പ്പെടെ ശക്തമായി ഉന്നയിച്ചിട്ടുണ്ടെന്ന് വി. മുരളീധരന്‍ രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി. തെറ്റായ രീതിയില്‍ ഭൂപടം ചിത്രീകരിച്ച സംഭവത്തില്‍ വെബ്‌സൈറ്റില്‍ നിഷേധക്കുറിപ്പ് നല്‍കിയതായി ജനീവയിലെ ഇന്ത്യന്‍ സ്ഥിരം ദൗത്യ സംഘത്തെ അറിയിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: