Categories: Astrology

ദശാനാഥന്റെ അധികാരകാലം

ജേ്യാതിഷ ഭൂഷണം

Published by

എസ്. ശ്രീനിവാസ് അയ്യര്‍

ഒരു ദശയുടെ ഉള്ളില്‍ വരുന്ന ദശാനാഥനായ ഗ്രഹത്തിന്റെയോ മറ്റൊരു ഗ്രഹത്തിന്റെയോ അധികാര/അവകാശ കാലത്തെയാണ് അപഹാരം എന്നു പറയുന്നത്. മനുഷ്യജീവിതത്തെ ഒമ്പത് ഗ്രഹങ്ങളുടെ ഭരണകാലമായി, ഒമ്പത് ഗ്രഹങ്ങള്‍ക്ക് ആധിപത്യമുള്ള കാലമായി പരാശരന്‍ തുടങ്ങിയ ഋഷികല്പരായ ജ്യോതിര്‍വിത്തുകള്‍ വ്യക്തമാക്കിയിരിക്കുന്നു.  ‘ ശനിദശ’ എന്നാല്‍ ആ വ്യക്തിയുടെ മേല്‍ ശനി ചെലുത്തുന്ന നിര്‍ണായകമായ പ്രഭാവകാലം എന്നര്‍ത്ഥം. പക്ഷേ ഗ്രഹത്തിന് മാത്രമായി, ദശാനാഥന് മാത്രമായി, തന്റെ ദശാകാലം മുഴുവന്‍ നിയന്ത്രണാധികാരത്തിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ ലേഖനം അക്കാര്യമാണ് വിശദീകരിക്കുന്നത്.    

ദശാനാഥന്റെ അധികാരകാലമായ (രാഷ്‌ട്രീയഭാഷയില്‍ പറഞ്ഞാല്‍ ഭരണകാലമായ ദശാകാലം) ദശാനാഥനായ ഗ്രഹത്തിനടക്കം ഒമ്പത് ഗ്രഹങ്ങള്‍ക്കും ആയി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഓരോ ദശയിലും പ്രാരംഭത്തിലെ കാലം (സ്വാപഹാരകാലം) മാത്രമാണ് ദശാനാഥനായ ഗ്രഹത്തിന്റെ നേരിട്ടുള്ള സ്വാധീനത്തില്‍ വരുന്നത്. അതിനാല്‍  ശുക്രദശ എന്നു പറഞ്ഞാല്‍ ദശാകാലമായ ഇരുപതു വര്‍ഷവും ശുക്രന്റെ ഭരണത്തിലല്ല; നിയന്ത്രണത്തിലല്ല എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അനുപാതമനുസരിച്ച് ആദ്യത്തെ 3 വര്‍ഷം 4 മാസം മാത്രമേ ശുക്രനുള്ളു. ബാക്കി 16 വര്‍ഷം 8 മാസം മറ്റുള്ള എട്ട് ഗ്രഹങ്ങള്‍ക്കായി ചില അനുപാതങ്ങളെ ആധാരമാക്കി വീതിച്ചു നല്‍കപ്പെട്ടിരിക്കുകയാണ്. അതായത് ശുക്രദശ മുഴുവന്‍ ശുക്രന്റെ സ്വാധികാരത്തിലല്ല. ശുക്രന്റെ അധികാരത്തെ അഥവാ ദശാനാഥന്റെ അവകാശത്തെ മറ്റു ഗ്രഹങ്ങള്‍ അപഹരിക്കുകയാണ്. അതുകൊണ്ടാണ്, അപഹാരം എന്നു വിളിക്കപ്പെടുന്നത്. ഗ്രഹാവകാശത്തെ മറ്റു ഗ്രഹങ്ങള്‍ ഭുജിക്കുകയാല്‍/ ഭക്ഷിക്കുകയാല്‍ ‘ഭുക്തി’ എന്ന പേരുമുണ്ട്. ദശയുടെ അന്തര്‍ഭാഗത്ത്/ഉള്ളില്‍ വരുന്നതാകയാല്‍ ‘അന്തര്‍ദശ’ എന്ന പേരും പ്രബലമാണ്. അപ്പോള്‍ അപഹാരം, ഭുക്തി, അന്തര്‍ദശ എന്നിവയെല്ലാം ഒന്നു തന്നെയെന്ന് തെളിയുന്നു.  

ദശയുടെ ഫലം അപഹാരങ്ങളിലൂടെയാണ് ഇതള്‍ വിടരുന്നത് അഥവാ പൂര്‍ണമാകുന്നത് എന്നു പറഞ്ഞാല്‍ വ്യക്തമായി. സമഗ്രതയിലാണ് ജ്യോതിഷത്തിന്റെ സൗന്ദര്യവും ശക്തിയും തെളിയുന്നത്. ശുക്രദശ നന്നാവണമെങ്കില്‍ അതിലെ എല്ലാ അപഹാരങ്ങളും നന്നാവണമല്ലോ. അത് അസംഭവ്യമാണ്. അതുപോലെ കേതുദശ ദുരിതമുണ്ടാക്കുമെന്നാണല്ലോ സാധാരണ വിശ്വാസം. അങ്ങനെ വരണമെങ്കില്‍ അതിലെ മുഴുവന്‍ അപഹാരങ്ങളും ഒന്നുപോലെ ദുര്‍ബലമാവണം. അതും അസംഭവ്യമാണ്. ജീവിതം സുഖദുഃഖങ്ങളുടെ സമ്മിശ്രതയാണ്. നന്മതിന്മകളുടെ കലര്‍പ്പാണ്. ആരോഹണാവരോഹണങ്ങള്‍ സ്വാഭാവികം. ശുക്രദശയെന്നോ വ്യാഴദശയെന്നോ അറിയുമ്പോള്‍ മുഴുവനും സന്തോഷിക്കേണ്ടതില്ല. മറിച്ച് ശനിദശയെന്നോ രാഹുദശയെന്നോ കേള്‍ക്കുമ്പോള്‍ പൂര്‍ണമായും ഖേദിക്കുകയും വേണ്ട. അതാണ് ദശാപഹാരങ്ങളിലൂടെ ജ്യോതിഷം നല്‍കുന്ന ജീവിത പാഠം.  

ശുക്രദശ ഇരുപതു വര്‍ഷമാണെന്നു പറഞ്ഞു. അതായത് ഏതാണ്ട് 7200 ദിവസങ്ങള്‍. (360 ദിവസം എന്ന കണക്കാണ് ഒരു വര്‍ഷത്തിന് കൈക്കൊള്ളുക) അത്രയും ദിവസം ആര്‍ക്കായാലും സുഖം മാത്രമാവില്ല. ശനിദശ 19 വര്‍ഷമാണ്. അതായത് 6840 ദിവസങ്ങള്‍. അത്രയും ദിവസങ്ങള്‍ കയ്പും ചവര്‍പ്പും നിറഞ്ഞത് മാത്രമാവുമോ? ഒരിക്കലുമല്ല. ഏകതാനമല്ല, അനുഭവം. വൈവിധ്യവും വൈചിത്ര്യവും ആണ് ജീവിതത്തിന്റെ സമ്മോഹനത. ദശകളും അവയ്‌ക്കുള്ളിലെ അപഹാരങ്ങളും പഠിപ്പിക്കുന്ന പാഠമിതാണ്. ജീവിതത്തില്‍ എല്ലാമുണ്ട്, നവഗ്രഹങ്ങളെപ്പോലെ നവരസങ്ങളും.

ഓരോ അപഹാരവും ഛിദ്രം, പ്രാണദശ, സൂക്ഷ്മദശ എന്നിങ്ങനെ താഴോട്ട് താഴോട്ട് പുനര്‍വിന്യസിക്കപ്പെടുന്നുണ്ട്. ദശ ഒരു മഹാവൃക്ഷമാണ്. പൂവും കായും തടിയും  അടിവേരുമെല്ലാം അപഹാരഛിദ്രപ്രാണ സൂക്ഷ്മ ദശകളിലൂടെ തെളിഞ്ഞുവരും.    

രസകരമായ ഒരു നിരീക്ഷണം കേട്ടിട്ടുണ്ട്. ദശ/ദശാനാഥന്‍ എന്നത് രാഷ്‌ട്രത്തലവനെ  /അല്ലെങ്കില്‍ സംസ്ഥാന മുഖ്യനെ ഒക്കെ പോലെയാണ്. വ്യക്തിജീവിതത്തിന്റെ കാവല്‍ അവരുടെ കൈയിലാവും. ജീവിതത്തിന്റെ ദിശ നിര്‍ണയിക്കുന്നത് അവരാവും. എന്നാല്‍ ജില്ലാ ഭരണാധികാരിയുടെ, അഥവാ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ തലവന്മാരുടെ സ്ഥാനമാണ് അപഹാരത്തിന്/അപഹാരനാഥനുള്ളത്. വ്യക്തികളുടെ നിത്യജീവിതവുമായി നേര്‍ബന്ധം കൂടുതല്‍ വരിക വാര്‍ഡ് മെംബറന്മാര്‍, കൗണ്‍സിലര്‍ , വില്ലേജ് അധികാരികള്‍ എന്നിവര്‍ക്കൊക്കെയാവുമല്ലോ. ആകയാല്‍ ഛിദ്രം തുടങ്ങിയവ പരിശോധിക്കുമ്പോള്‍ മാത്രമാണ് ആ മാസത്തെ, ആ ആഴ്ചയിലെ, ആ ദിവസത്തെ ഒക്കെ ഫലം കൂടുതല്‍ കണിശമാവുക.    

ഇതൊക്കെയാണ് ദശ, അപഹാരം, ഛിദ്രം തുടങ്ങിയവയ്‌ക്ക് മനുഷ്യന്റെ നിത്യനൈമിത്തിക ജീവിതത്തിലുള്ള സാംഗത്യം.  ജ്യോതിഷത്തിന്റെ ഉള്‍പ്പൊരുളുകള്‍ ഇങ്ങനെയൊക്കെയാണ്. ഇതൊക്കെ ജ്യോതിഷ വിദ്യാര്‍ത്ഥികളെയും സാധാരണക്കാരായ വിശ്വാസികളെയും മുന്നില്‍ക്കണ്ടാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Astrology