തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് മുഖേന റിക്കവറി നടത്താനുള്ള തീരുമാനം വിവാദത്തില്‍. ദേശസാല്‍കൃത ബാങ്കുകളെ ഒഴിവാക്കി സ്വകാര്യബാങ്കിനെ ചുമതലയേല്‍പ്പിച്ചതില്‍ ദുരൂഹത. ഇതിലുപരി റിക്കറിക്കാവശ്യമായ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ കൈമാറേണ്ടത് ബാങ്ക് പുറംകരാര്‍ നല്‍കിയ സ്വകാര്യ കമ്പനിക്കാണെന്നും ഇത് സേനയുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന തീരുമാനമാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പോലീസിലെ ഇടത് സംഘടനയുടെ പിന്തുണയോടെ പോലീസിലെ ഉന്നതരാണ് ഈ വഴിവിട്ട നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്.
മുമ്പ് ജീവനക്കാരുടെ ശമ്പളബില്ലില്‍ നിന്ന് റിക്കവറി നടത്തിയിരുന്നത് ട്രഷറി മുഖേനയായിരുന്നു. റിക്കവറിക്ക് ശേഷം അതതു ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക് ശമ്പളതുക എത്തുകയായിരുന്നു പതിവ്. എന്നാല്‍ കേരള ഫിനാഷ്യല്‍ കോഡിലെ വ്യവസ്ഥകള്‍ പ്രകാരം മാത്രമേ ആകാവൂയെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ പോലീസ് ക്ഷേമഫണ്ടുകള്‍, ക്ഷേമപദ്ധതികള്‍ (വെല്‍ഫയര്‍ ഫണ്ട്, അമിനിറ്റി ഫണ്ട്, സ്‌പോര്‍ട്‌സ് ഫണ്ട്, റെജിമെന്റല്‍ ഫണ്ട്, മെസ്സ് ഫണ്ട് തുടങ്ങിയവ) എന്നിവയിലേക്ക് റിക്കവറിയോ സബ്‌സ്‌ക്രിപ്ഷനോ നടത്താന്‍ സാധിക്കാതെ വരുന്ന സാഹചര്യമുണ്ടായിയെന്നാണ് പോലീസ് വകുപ്പിന്റെ വിശദീകരണം.
കെഎഫ്‌സി നിയമത്തിന് അനുസൃതമല്ലാത്ത യാതൊരു റിക്കവറിയും ശമ്പളബില്ലില്‍ നിന്ന് നടത്താന്‍ പാടില്ലെന്നാണ് ധനകാര്യവകുപ്പ് നിര്‍ദേശിച്ചത്. ഇത്തരം റിക്കവറിക്ക് ബദല്‍ സംവിധാനം പോലീസ് വകുപ്പ് തന്നെ കണ്ടെത്തണമെന്നും ധനകാര്യവകുപ്പ് ആവശ്യപ്പെട്ടത്രെ. ഇതേത്തുടര്‍ന്ന് റിക്കവറിക്ക് സ്വകാര്യബാങ്കിനെ ചുമതലപ്പെടുത്തുകയായിരുന്നുവത്രെ.
തുടര്‍ന്ന് റിക്കവറി നടത്താനുള്ള വിവരശേഖരണത്തിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലിങ്ക് അയച്ചുകൊടുക്കുകയായിരുന്നു. അത്തരത്തില്‍ ദല്‍ഹി സ്ഫ്തര്‍ജംഗിലുള്ള ഒരു സ്വകാര്യഏജന്‍സിയാണ് ഉദ്യോഗസ്ഥര്‍ക്ക് വിവരശേഖരണത്തിനായി ലിങ്ക് അയച്ചുകൊടുത്തത്. ഒരു സ്വകാര്യഏജന്‍സിയുടെ വിവരണശേഖരണത്തിനായി പോലീസ് ഉദ്യോഗസ്ഥരുടെ മെയില്‍ ഐഡിയും മൊബൈല്‍ നമ്പരും എടിഎം കാര്‍ഡിന്റെ വിവരം അടക്കം കൈമാറുന്നത് സേനയുടെ സുരക്ഷയെ തന്നെ ബാധിക്കുമെന്ന ആശങ്കയാണ് ഉദ്യോഗസ്ഥര്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: