കണ്ണൂര്‍: ജില്ലയില്‍ കല്ലുമ്മക്കായ വംശനാശത്തിലേക്ക്. ഇതിനെ സംരക്ഷിക്കാനുള്ള നടപടിയുണ്ടായില്ലെങ്കില്‍ ഈ മേഖലയിലുള്ളവര്‍ തൊഴില്‍രഹിതരാവും. കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കല്ലുമ്മക്കായ വിളയുന്ന പ്രദേശമാണ് ഏഴര കടല്‍ത്തീരം. ഇവിടെയുള്ള ചേരക്കല്ല്, ചാമുണ്ഡിക്കല്ല്, ചെക്യാന്‍ കല്ല്, വാണിയന്‍ കല്ല്, പരപ്പന്‍ കല്ല്, എടപ്പേത്ത് പാറ, ആനാക്കുഴി തുടങ്ങിയ പാറകളിലാണ് കല്ലുമ്മക്കായ വിളയുന്നത്.
കടുക്ക, ഞവുണിക്ക എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മെടിളിടെ എന്ന ഷെല്‍ഫിഷ് കുടുംബത്തില്‍പ്പെട്ട ഇവയില്‍ 32 വകഭേദങ്ങളുണ്ട്. ഇവയില്‍ മൂന്നിനമാണ് ഭക്ഷ്യയോഗ്യം. പെര്‍ണാ വിറിയസ് എന്ന ശാസ്ത്രീയ നാമമുള്ള പച്ചപുറംതോടുള്ളതും പെര്‍ണ ഇന്റിക്ക എന്ന ശാസ്ത്രീയ നാമമുള്ള തവിട്ടു പുറംതോടുള്ളതും മൈസ്റ്റിലസ് ഇന്‍ഡു ലിസ് എന്ന നീലപുറംതോടുള്ളതും. ഇവ മൂന്നിനവും ഏഴരയിലെ കടല്‍ക്കല്ലുകളില്‍ കാണാം.
ചിങ്ങം, കന്നി മാസങ്ങളാണ് ഇതിന്റെ പ്രജനനകാലം. ഇവയില്‍ ആണ്‍ പെണ്‍ ഭേദമുണ്ട്. ബീജസംയോജനത്തിനായി ബീജവും അണ്ഡവും വെള്ളത്തിലേക്ക് സ്രവിക്കുന്നു. ഇവ പതിനായിരക്കണക്കിന് ഉണ്ടാവുമെങ്കിലും ഒരു ശതമാനം മാത്രമേ കല്ലുമ്മക്കായ ആയി വരൂ. ഈ സമയത്തുണ്ടാവുന്ന അമിതമായ വിളവെടുപ്പ് ഉല്‍പ്പാദനത്തിന് വിഘാതം സൃഷ്ടിക്കുന്നു. മുമ്പ് ഈ പ്രദേശത്തുകാര്‍ മാത്രമായിരുന്നു വിളവെടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ ജില്ലയുടെ പല ഭാഗത്തു നിന്നും ആളുകള്‍ എത്തിപ്പെടാറുണ്ട്.
കല്ലുമ്മക്കായ പറിക്കാനറിയാത്തവര്‍ ചെറുതും ഇടത്തരം വലുതും പറിച്ച് ചെറുത് ഉപേക്ഷിക്കുന്നു. കടലിലെ മാലിനീകരണവും കല്ലുമ്മക്കായ ഉല്‍പ്പാദനത്തെ ബാധിക്കുന്നുണ്ട്. പ്ലാസ്റ്റിക്ക്, കീടനാശിനികള്‍, ഇലക്ട്രോണിക് മാലിന്യങ്ങള്‍ എന്നിവ ഇവയുടെ വളര്‍ച്ച തടയുന്നു. എങ്കിലും ജല ശുദ്ധീകരണത്തിന് കല്ലുമ്മക്കായകള്‍ സഹായിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു ദിവസം 25 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ ഒരു കല്ലുമ്മക്കായക്ക് കഴിയുമത്രെ. കല്ലുമ്മക്കായ കൃഷി ചെയ്തുണ്ടാക്കുന്നുണ്ടെങ്കിലും കടല്‍പ്പാറകളില്‍ വിളയുന്നതിന്റെ രുചിയുണ്ടാവാറില്ല.
പാറകളില്‍ നിന്ന് കല്ലുമ്മക്കായ പറിച്ച് വില്പന നടത്തി ജീവിക്കുന്ന നിരവധി പേരുണ്ട്. വിളവു കുറഞ്ഞതിനാല്‍ പലരും ഈ മേഖല ഉപേക്ഷിച്ചു. പലരും തൊഴില്‍ രഹിതരുമാണ്. കല്ലുമ്മക്കായ സംരക്ഷണത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് ശ്രദ്ധ വേണമെന്നാണ് ഇവരുടെ ആവശ്യം. ഏഴര കൂടാതെ കോഴിക്കോട് ജില്ലയിലെ തിക്കോടിക്കടുത്ത് വെള്ളിയാന്‍ കല്ലിലും മംഗലാപുരത്തും മാത്രമേ കല്ലുമ്മക്കായ കൂടുതല്‍ വിളയുന്നുള്ളൂ. ഏഴരയില്‍ കല്ലുമ്മക്കായ ഗവേഷണ കേന്ദ്രം സ്ഥാപിച്ച് ഇതിനെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക